1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2023

സ്വന്തം ലേഖകൻ: കൺസർവേറ്റീവ് പാർട്ടി ചെയർമാനും മന്ത്രിസഭയിലെ വകുപ്പില്ലാ മന്ത്രിയുമായ നദീം സഹാവിയെ പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കി. രാജ്യത്തെ അറിയപ്പെടുന്ന ബിസിനസുകാരൻ കൂടിയായ സഹാവി നികുതി അടവിൽ വീഴ്ചവരുത്തിയ കാര്യം മറച്ചുവച്ചുവെന്നു കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വസ്തനായ സഹാവിയെ പുറത്താക്കാൻ പ്രധാനമന്ത്രി നിർബന്ധിതനായത്.

സഹാവിയുടെ നികുതി വെട്ടിപ്പ് ഇതിന്റെ പേരിൽ പിഴയടക്കേണ്ടിവന്ന കാര്യവും എച്ച്എംആർസി അന്വേഷിക്കുന്ന വിവരം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ഇതേക്കുറിച്ച് പ്രധാനമന്ത്രിയുടെ എത്തിക്സ് അഡ്വൈസർ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സഹാവി മറച്ചുവച്ചു എന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണു പ്രധാനമന്ത്രി കടുത്ത നടപടികളിലേക്കു കടന്നത്.

സഹാവിയുടെ കാര്യത്തിൽ മിനിസ്റ്റീരിയൽ കോഡിന്റെ ഗുരുതരമായ ലംഘനമുണ്ടായതായി കണ്ടെത്തിയതായി പ്രധാനമന്ത്രി തന്നെ വ്യക്തമാക്കി. നികുതി സംബന്ധമായ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാനുള്ള നിരവധി അവസരങ്ങൾ സഹാവി പാഴാക്കിയതായി അന്വേഷണത്തിനു നേതൃത്വം നൽകിയ സർ ലോറി മഗ്നസ് വെളിപ്പെടുത്തി.

നേരത്തെ ലിസ് ട്രസ്സ് മന്ത്രിസഭയിൽ ചാൻസിലറുടെ പദവി വഹിച്ചിരുന്ന സഹാവി രാജ്യത്തെ ആകെ നികുതി സംവിധാനത്തിന്റെ ചുമതലക്കാരൻ കൂടിയായിരുന്നു. അത്തരമൊരാൾ പിഴയടക്കം അഞ്ച് മില്യൺ പൗണ്ട് നികുതി കുടിശിക അടച്ചതായാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിന്മേലുള്ള അന്വേഷണം നടക്കുന്ന കാര്യമാണ് സഹാവി പൊതുസമൂഹത്തിനു മുന്നിൽ മറച്ചുവച്ചതും ഇപ്പോൾ മന്ത്രിസഭയിൽനിന്നും പാർട്ടി ചെയർമാൻ സ്ഥാനത്തുനിന്നും പുറത്തേക്കുള്ള വഴിതെളിച്ചതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.