1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2021

സ്വന്തം ലേഖകൻ: പുതിയ ബ്രെക്സിറ്റ് നിയമങ്ങൾ ബ്രിട്ടീഷ് വിനോദ വ്യവസായത്തിനും കലാകാരന്മാർക്കും തിരിച്ചടിയാകുന്നതായി ആരോപണം. ഇക്കാര്യം ഉന്നയിച്ച് 100ലധികം ഇക്വിറ്റി യൂണിയൻ അംഗങ്ങൾ ഒപ്പിട്ട ഒരു തുറന്ന കത്ത് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് സമർപ്പിച്ചു.

ലിയാം ഗല്ലഗെർ, സർ എൽട്ടൺ ജോൺ, എഡ് ഷീരൻ, ഗ്ലാസ്റ്റൺബറി കോ-ഓർഗനൈസർ എമിലി ഈവിസ് എന്നിവരുൾപ്പെടെയുള്ള സംഗീതജ്ഞർ ജനുവരിയിൽ പുറത്തുവിട്ട് ഒരു സംയുക്ത പ്രസ്താവനയുടെ തുടർച്ചയാണ് ഈ തുറന്ന കത്ത്. ബ്രിട്ടീഷ് സർക്കാരും യൂറോപ്യൻ യൂണിയനും തമ്മിൽ സാംസ്കാരിക വർക്ക് പെർമിറ്റ് കരാർ ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിവേദനത്തിൽ നേരത്തെ 280,000 പേർ ഒപ്പുവച്ചിരുന്നു.

ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്‌പോർട്ട് (ഡിസിഎംഎസ്) കമ്മിറ്റി ഈ പ്രശ്നങ്ങൾ ഇയുവുമായുള്ള ബ്രെക്സിറ്റാനന്തര വിലപേശലിൽ എങ്ങനെ അവതരിപ്പിക്കണമെന്ന വിഷയം ചർച്ച ചെയ്യുമെന്ന് അറിയിച്ചു. യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയതോടെ യാത്രാ ഇളവുകൾ അവസാനിപ്പിച്ചതിനാൽ, യൂറോപ്യൻ പര്യടനത്തിനായി കലാകാരന്മാർ 27 അംഗരാജ്യങ്ങളിൽ പലതിലും വെവ്വേറെ വർക്ക് പെർമിറ്റുകൾക്ക് അപേക്ഷിക്കേണ്ട് സ്ഥിതിയാണ്.

അതിർത്തികളിലാകട്ടെ വിലകൂടിയ കാർനെറ്റുകൾക് ഉൾപ്പെടെ സംഗീത ഉപകരണങ്ങളും ട്രക്കുകളും കടന്നു പോകാൻ കൂടുതൽ പണം നൽകേണ്ടി വരുന്നു. ഇതിന് കഴിയാത്തവർ അവരുടെ യാത്രകൾ പരിമിതപ്പെടുത്താൻ നിർബന്ധിതരാകുന്നതായും കത്തിൽ പറയുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് 2020 ൽ ഭൂരിഭാഗം വേദികളും അടച്ചതിനാൽ കടുത്ത പ്രതിസന്ധി നേരിടുകയാണ് ബ്രിട്ടനിലെ കലാകാരന്മാരും കലാ സംഘാടകരും.

അതിനിടെ ബ്രെക്സിറ്റിന്റെയും ലോക്ഡൗണിന്റെയും സമ്മർദങ്ങളെ മറികടന്ന് ബ്രിട്ടീഷ് കറൻസിയായ പൗണ്ട് കുതിച്ചു കയറി. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ രൂപയുമായുള്ള പൗണ്ടിന്റെ വിനിമയ നിരക്ക് 101 രൂപയായി ഉയർന്നു. നൂറിനും നൂറ്റൊന്നിനും ഇടയിലായിരുന്നു ഇന്നലെ പല സമയങ്ങളിലും പൗണ്ടിന്റെ വിനിമയ നിരക്ക്. ഒന്നരക്കോടിയിലധികം ആളുകൾക്കു വാക്സീന്റെ ആദ്യ ഡോസും അഞ്ചുലക്ഷത്തോളം ആളുകൾക്ക് രണ്ടാം ഡോസും നൽകിയ സാഹചര്യത്തിൽ അടുത്തയാഴ്ചയോടെ ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുണ്ടാകുമെന്ന പ്രതീക്ഷയാണ് പൗണ്ടിന് ഡിമാൻഡ് ഉയരാൻ കാരണമായത്.

ലോക്ക്ഡൗൺ പിൻവലിക്കുന്നതു സംബന്ധിച്ച റോഡ് മാപ്പ് അടുത്ത തിങ്കളാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിക്കാനിരിക്കുയാണ്. ഇനിയൊരു ലോക്ക്ഡൗൺ നേരിടേണ്ട സ്ഥിതി ബ്രിട്ടനിൽ ഉണ്ടാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും വാക്സീനേഷനിലൂടെ കോവിഡിനെ തുരത്താനാകുമെന്ന പ്രതീക്ഷയുമാണ് വിപണിയ്ക്ക് ആത്മവിശ്വാസം പകരുന്നത്.

മൂന്നു വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിനിമയ നിരക്കാണ് പൗണ്ട് ഇന്നലെ ഡോളറിനെതിരേയും രേഖപ്പെടുത്തിയത്. 1.39 ഡോളറായിരുന്നു ഇന്നലെ പൗണ്ടിനെതിരായ എക്സ്ചേഞ്ച് റേറ്റ്. യൂറോപ്യൻ കറൻസിയായ യൂറോയ്ക്കെതിരേയും കഴിഞ്ഞ ഒമ്പതു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1.147 യൂറോയിലാണ് വിപണി ക്ലോസ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.