1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2022

സ്വന്തം ലേഖകൻ: ശമ്പള വർധന ആവശ്യപ്പെട്ടും മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ പരിഷ്കാരങ്ങൾക്കെതിരേയും റോയൽ മെയിൽ ജീവനക്കാർ നടത്തുന്ന സമരം തുടരുകയാണ്. 20 ദിവസത്തെ ഇടവേളയ്ക്കുശേഷം വ്യാഴാഴ്ച പുലർച്ചെ നാലു മുതൽ രണ്ടുദിവസത്തെ തുടർച്ചയായ സമരത്തിലാണ് കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ.

താൽകാലിക ജീവനക്കാരെ നിയമിച്ചും തൊഴിൽ ഏജൻസികളെ ആശ്രയിച്ചും ദൈനംദീന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപാകാൻ റോയൽ മെയിൽ ശ്രമിക്കുന്നുണ്ടെങ്കിലും പാഴ്സൽ ഡെലിവറി ഉൾപ്പടെയുള്ള സേവനങ്ങൾ രണ്ടുദിവസമായി ഏറെക്കുറെ സ്തംഭിച്ച നിലയാണ്.

രാജ്യത്ത് ആളുകൾ ഏറ്റവുമധികം സാധനങ്ങൾ വാങ്ങുന്ന ബ്ലാക്ക് ഫ്രൈഡെയിലെ സമരം ഈ ദിവസത്തെ കച്ചവടത്തെത്തന്നെ ബാധിച്ചിട്ടുണ്ട്. ഓൺലൈനായി ആളുകൾ ഇന്നു വാങ്ങുന്ന സാധനങ്ങൾ ശനിയും ഞായറും കഴിഞ്ഞാലും വീടുകളിലെത്തില്ല. രണ്ടു ദിവസത്തെ തുടർച്ചയായ സമരങ്ങളുടെ ബാക്ക് ലോഗ് പരിഹരിക്കാൻ ചുരുങ്ങിയത് നാലു ദിവസമെങ്കിലും സമയമെടുക്കും.

വരും ദിവസങ്ങളിലെല്ലാം തുടർച്ചയായ സമരങ്ങൾക്കാണ് യൂണിയൻ നോട്ടീസ് നൽകിയിട്ടുള്ളത്. നവംബർ 30നാണ് അടുത്ത സമരം. പിന്നീട് ഡിസംബർ 24 വരെയുള്ള ദിവസങ്ങളിൽ ഏഴു ദിിവസം കൂടി പോസ്റ്റൽ ജീവനക്കാർ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബർ 1,9, 11,14,15,23,24 തിയതികളിലാണ് സമരത്തിന് യൂണിയൻ നോട്ടീസ് നൽകിയിരിക്കുന്നത്.

ഈ വാരാന്ത്യത്തില്‍ റെയില്‍വേ യാത്രക്കാര്‍ക്കു കൂടുതല്‍ ദുരിതം സമ്മാനിക്കാന്‍ ട്രെയിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്കുമുണ്ട്. 11 കമ്പനികളിലെ ട്രെയിന്‍ ഡ്രൈവര്‍മാര്‍ ദീര്‍ഘകാല ശമ്പള വര്‍ധന ആവശ്യപ്പെട്ടു ശനിയാഴ്ച സമരത്തിനിറങ്ങും.

അസ്ലെഫ് യൂണിയന്റെ പണിമുടക്ക് ക്രിസ്മസ് മാര്‍ക്കറ്റുകളിലേക്കും പ്രധാന കായിക മത്സരങ്ങളിലേക്കും യാത്ര ചെയ്യുന്നവരെ ബാധിക്കും. അതുകൊണ്ടു യാത്രയ്ക്ക് ഇറങ്ങുംമുമ്പ് യാത്രക്കാര്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലണ്ടന്‍ ഓവര്‍ഗ്രൗണ്ടിലെ ശനിയാഴ്ച പ്രതീക്ഷിച്ചിരുന്ന പണിമുടക്ക് പുതിയ ശമ്പള ഓഫര്‍ ശനിയാഴ്ച പരിഗണിച്ചു പ്രതീക്ഷിച്ചിരുന്ന – യൂണിയന്‍ അംഗങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി.

ഡ്രൈവര്‍മാരെ പ്രതിനിധീകരിക്കുന്ന അസ്ലെഫ്, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവിനൊപ്പം വേതനം നിലനിര്‍ത്താന്‍ വാദിക്കുന്നു. ശമ്പള ഓഫര്‍ നല്‍കാത്തതിനെത്തുടര്‍ന്ന് റെയില്‍ കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നു അവര്‍ ചൂണ്ടിക്കാട്ടി.

അതിനിടെ സമരം മൂലം സേവന മേഖലകൾ ഓരോന്നായി അപ്പാടെ സ്തംഭിക്കുന്ന ബ്രിട്ടനിൽ ക്രിസ്മസിനു മുൻപേ രണ്ടു ദിവസത്തെ സമരത്തിനു നഴ്സുമാരും. ഡിസംബർ 15, 20 തിയതികളിൽ ജോലിയിൽ നിന്നു വിട്ടുനിന്നു നഴ്സുമാർ സമരം ചെയ്യും. ഇംഗ്ലണ്ട്, വെയിൽസ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിലെയെല്ലാം ഭൂരിഭാഗം ട്രസ്റ്റുകളിലെയും ആശുപത്രികളെ സമരം ബാധിക്കും.

എൻഎച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോക്കൗട്ടിനാണ് നഴ്സുമാരുടെ യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിങ് തയാറെടുക്കുന്നത്. എമർജൻസി സേവനങ്ങളെ സമരം ബാധിക്കില്ലെന്നു പ്രഖ്യാപനമുണ്ടെങ്കിലും ഫലത്തിൽ ആരോഗ്യമേഖല അപ്പാടെ സമരം മൂലം നിശ്ചലമാകും. ജി.പി.സർജറികൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങളെയും സമരം തടസപ്പെടുത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.