1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2022

സ്വന്തം ലേഖകൻ: യുകെയിൽ മടങ്ങി എത്തുന്നവർക്കുള്ള പ്രീ ഡിപ്പാർച്ചർ ടെസ്റ്റ് ഒഴിവാക്കിയേക്കും. ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പോയി മടങ്ങിയെത്തുന്നവർക്ക് യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധനകൾ നടത്തണമെന്ന വ്യവസ്ഥ ഇളവ് ചെയ്യുന്നത് ഉൾപ്പെടെ പ്ലാൻ ബി നടപടികളും യാത്രാ പരിശോധന ആവശ്യകതകളും മന്ത്രിമാർ ഈ ആഴ്ച അവലോകനം ചെയ്യും.

കൂടാതെ നിരവധി നിയന്ത്രണങ്ങൾ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനകൾ ഉടൻ ഒഴിവാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഒമിക്രോൺ വ്യാപനം മന്ദഗതിയിലാക്കാനും യുകെയിലേക്ക് വരുന്നത് തടയാനുമാണ് പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനകൾ കൊണ്ടുവന്നത്. എന്നാൽ ഇപ്പോൾ ഒമിക്‌റോൺ വ്യാപകമായതിനാൽ പരിശോധനകൾ വലിയ തോതിൽ അനാവശ്യമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെട്ടത്.

അതേസമയം കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും മന്ത്രിമാർ പറയുന്നു. വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിലും ഇംഗ്ലണ്ടിൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഡാറ്റയിൽ ഒന്നും ഇല്ല എന്ന് മന്ത്രിമാർ ഇന്നലെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്. കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന അടിയന്തര സാഹചര്യം തന്റെ മുന്നിലുള്ള ഡാറ്റയിൽ കാണുന്നില്ലെന്ന് ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് മന്ത്രി എഡ്വേർഡ് അർഗർ പറഞ്ഞു. തങ്ങൾക്ക് ലഭ്യമായ ഡാറ്റ നോക്കേണ്ടതുണ്ടെന്നും, നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ നിബന്ധന പ്രകാരം സമ്പൂര്‍ണ്ണ വാക്‌സിനെടുത്തവരും യാത്രക്ക് മുന്‍പുള്ള ടെസ്റ്റ് എടുക്കണം. കൂടാതെ ഇംഗ്ലണ്ടില്‍ പ്രവേശിച്ച ശേഷം നെഗറ്റീവ് ടെസ്റ്റ് ഫലം ലഭിക്കുന്നത് വരെ ഐസൊലേഷനില്‍ തുടരണം. സമ്പൂര്‍ണ്ണ വാക്‌സിനെടുക്കാത്തവര്‍ക്ക് 10 ദിവസം ഐസൊലേഷനും വേണം. യാത്രക്ക് മുന്‍പുള്ള ടെസ്റ്റ് ഒഴിവാക്കുമെങ്കിലും എത്തിച്ചേര്‍ന്ന ശേഷം രണ്ടാം ദിനത്തിലെ പിസിആര്‍ ടെസ്റ്റ് തുടരുമെന്നാണ് കരുതുന്നത്.

ഒമിക്രോണ്‍ പ്രതിസന്ധി കണക്കിലെടുത്തു ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈയാഴ്ച ക്ലാസുകളില്‍ മടങ്ങിയെത്തുമ്പോള്‍ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തുന്നത് മുതല്‍ തിരികെ പോകുന്നത് വരെ മാസ്‌ക് അണിഞ്ഞിരിക്കണമെന്നാണ് നിര്‍ദ്ദേശം.

ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് തടസം നേരിടാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ക്ലാസ്മുറികളില്‍ ഉള്‍പ്പെടെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ മുഖം മറയ്ക്കണമെന്നാണ് നിബന്ധന വരുന്നത്. ക്ലാസ് എടുക്കുമ്പോഴും ഇക്കാര്യത്തില്‍ ഇളവില്ല.

കമ്മ്യൂണല്‍ മേഖലകളില്‍ മാസ്‌ക് ധരിക്കാന്‍ നേരത്തെ തന്നെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയെന്നതാണ് തങ്ങളുടെ മുന്‍ഗണനയെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി നാദിം സവാഹി വ്യക്തമാക്കി. തടസങ്ങള്‍ പരമാവധി കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസ്‌ക് ധരിക്കുന്നത് നിയമപരമായ നിബന്ധനയാക്കിയിട്ടില്ല. എന്നാല്‍ സ്‌കൂളുകള്‍ നയം പിന്തുടരുമെന്നാണ് മന്ത്രിമാര്‍ പ്രതീക്ഷിക്കുന്നത്. അധ്യാപകര്‍ക്കും, സപ്പോര്‍ട്ട് സ്റ്റാഫിനും നിബന്ധന ബാധകമാണ്. ജനുവരി 26നാണ് നടപടികള്‍ പുനഃപ്പരിശോധിക്കുക.

വൈറസ് വ്യാപനം തടയാന്‍ പരിമിതപ്പെടുത്താന്‍ അടിയന്തര നടപടി വേണമെന്ന് ആറ് സ്കൂള്‍ സ്റ്റാഫ് യൂണിയനുകള്‍ ആവശ്യപ്പെട്ടു. തുടര്‍നടപടികളില്ലാതെ ദേശീയ പരീക്ഷകള്‍ അപകടത്തിലാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. എയര്‍-ക്ലീനിംഗ് യൂണിറ്റുകള്‍, കുട്ടികളുടെയും അദ്ധ്യാപകരുടെയും ആബ്സെന്‍സ് പരിരക്ഷിക്കുന്നതിനുള്ള സാമ്പത്തിക സഹായം, ഓണ്‍-സൈറ്റ് ടെസ്റ്റിംഗിനുള്ള സഹായം, ഓഫ്സ്റ്റഡ് ഇന്‍സ്പെക്ഷന്‍ വ്യവസ്ഥയില്‍ ഇളവ് എന്നിവയും അവര്‍ ആവശ്യപ്പെട്ടു.

ക്രിസ്മസ് അവധിക്ക് ശേഷം യുകെയിലുടനീളമുള്ള സ്കൂളുകള്‍ തുറക്കുന്നതോടെ കുട്ടികളോട് ഓണ്‍സൈറ്റ് കോവിഡ് പരിശോധനയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയില്‍ 7,000 എയര്‍ ക്ലീനിംഗ് യൂണിറ്റുകള്‍ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.