
സ്വന്തം ലേഖകൻ: യുകെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുമായി നടന്ന ടെലിവിഷൻ സംവാദത്തിൽ മുൻ ചാൻസലറും ഇന്ത്യൻ വംശജനുമായ ഋഷി സുനാകിനു വിജയം. കൺസർവേറ്റീവ് പാർട്ടി നേതാവും അടുത്ത പ്രധാനമന്ത്രിയുമാകാനുള്ള മത്സരത്തിൽ വിദേശകാര്യമന്ത്രി ലിസ് ട്രസാണ് സുനാകിന്റെ എതിരാളി.
സ്കൈ ന്യൂസിൽ വ്യാഴാഴ്ച രാത്രി സംപ്രേഷണം ചെയ്ത ബാറ്റിൽ ഫോർ നന്പർ 10 എന്ന സംവാദത്തിലാണ് സുനാക് മുന്നിട്ടുനിന്നത്. ബോറിസ് ജോൺസനു പകരം പ്രധാനമന്ത്രിയായാൽ എന്തു ചെയ്യുമെന്നായിരുന്ന സംവാദം. അഭിപ്രായ സർവേകളിൽ പിന്നിലായിരുന്ന സുനാക് സംവാദത്തിനു ശേഷം ട്രസിനു മേൽ വിജയം നേടിയെന്നാണു വിലയിരുത്തൽ. സർവേ ഫലങ്ങളിൽ സുനാകിനേക്കാൾ 32 ശതമാനം പിന്തുണ ട്രസ് നേടിയിട്ടുണ്ട്.
അഭിപ്രായസർവേകളിൽ പിന്നിലാണല്ലോ എന്ന ചോദ്യത്തിന്, തന്റെ വിശ്വസത്തിൽനിന്നാണു പോരാടുന്നതെന്നും തന്റെ ആശയങ്ങൾ രാജ്യത്തു നടപ്പാക്കുമെന്നും സുനാക് പറഞ്ഞു. അവസാന നിമഷം വരെ പോരാടും, ഓരോ വോട്ടിനു വേണ്ടിയും പ്രചാരണം നടത്തും- അദ്ദേഹം വ്യക്തമാക്കി.
മുതിർന്ന പാർട്ടി അംഗങ്ങൾ ലിസ് ട്രസിനെയാണോ പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, പാർലമെന്റിൽ തനിക്കു വലിയ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മളെല്ലാം ഒറ്റെക്കെട്ടാണ്. അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ പരാജയപ്പെടുത്തും. അതാണു മികച്ച വിജയം. കാബിനറ്റിൽ എനിക്ക് വലിയ പിന്തുണയുണ്ട്. അതിനാൽ ഞാൻ സന്തുഷ്ടനാണ്- സുനാക് സംവാദത്തിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല