1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2022

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വംശീയതയ്ക്കല്ല മെറിറ്റിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് സ്ഥാനാര്‍ഥികളിലൊരാളായ ഋഷി സുനക്. പ്രധാനമന്ത്രിയാകാന്‍ കൂടുതല്‍ യോഗ്യന്‍ ആരാണെന്ന ചോദ്യമാണ് ഉന്നയിക്കുന്നതെന്നും വംശീയതയ്ക്ക് മാത്രമല്ല ലിംഗഭേദത്തിനും സ്ഥാനമില്ലെന്നും പറഞ്ഞു.

ബോറിസ് ജോണ്‍സന്‍റെ പിന്‍ഗാമിയായി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തീരുമാനത്തില്‍ വംശീയത ഘടകമല്ലെന്ന അഭിപ്രായമാണ് ഋഷി സുനകിനുള്ളത്. ആരുടെയെങ്കിലും തീരുമാനത്തില്‍ വംശീയത ഒരു ഘടകമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നു പറഞ്ഞ അദ്ദേഹം താന്‍ പാര്‍ലമെന്‍റംഗമായി തെരഞ്ഞെടുക്കപ്പെട്ട കാര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടി. വിജയിച്ചാല്‍ ബ്രിട്ടന്‍റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയാവും ഋഷി. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകനാണ് റിഷി സുനക്.സെപ്തംബർ അഞ്ചിനായിരിക്കും പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നത്.

ടോറി നേതൃത്വ പോരാട്ടത്തില്‍ മുമ്പ് എതിരാളിയായ പെന്നി മോര്‍ഡന്റ് ലിസ് ട്രസിന് പിന്തുണ പ്രഖ്യാപിച്ചു. എംപിമാരുടെ വോട്ടിങ്ങില്‍ അവസാന ഘട്ടത്തിന് മുമ്പുവരെ സുനാകിനു പിന്നില്‍ രണ്ടാമതായിരുന്നു വാണിജ്യ മന്ത്രി മോര്‍ഡന്റ്. അവസാന ഘട്ടത്തിലായിരുന്നു മോര്‍ഡന്റിനെ മറികടന്നു ലിസ് വന്നത്. ഇതോടെ പെന്നി വിഭാഗം ലിസ് ട്രസിനെതിരെ തിരിയുമെന്നനായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സുനാകിനെതിരായ മത്സരത്തില്‍ മോര്‍ഡന്റും ലിസ് ട്രസിന് പിന്നില്‍ അണിനിരക്കുകയാണ്.

പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്, ചാന്‍സലര്‍ നദീം സഹവി എന്നിവരോടൊപ്പം അവരുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുന്ന ട്രസിനെ പിന്തുണയ്ക്കുന്ന ഏറ്റവും പുതിയ കാബിനറ്റ് മന്ത്രിയാണ് മോര്‍ഡന്റ്. താന്‍ വിശ്വസിക്കാന്‍ പോകുന്ന വ്യക്തി ലിസ് ട്രസ് ആണ് എന്ന് മോര്‍ഡന്റ് പറഞ്ഞു. അതേസമയം, മുന്‍ ക്യാബിനറ്റ് മന്ത്രിമാരായ ലിയാം ഫോക്സും ഡാമിയന്‍ ഗ്രീനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ടോറി എംപിമാരുടെ പിന്തുണ സുനാകിന് ലഭിച്ചു.

എക്സെറ്ററില്‍ നടന്ന രണ്ടാമത്തെ ഹസ്റ്റിംഗ് ഇവന്റിനിടെ, ട്രസിന്റെ നികുതി പദ്ധതികളെ സുനക് വീണ്ടും ആക്രമിക്കുകയും ഉത്തരവാദിത്തത്തോടെ നികുതി വെട്ടിക്കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ടോറി പാര്‍ട്ടിയുടെ ഏകദേശം 160,000 അംഗങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ ബാലറ്റ് പേപ്പറുകള്‍ ലഭിച്ചുതുടങ്ങി, സെപ്തംബര്‍ 5 ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിയുന്ന സമയത്ത് ഫലം ലഭിക്കും.

കണ്‍സര്‍വേറ്റീവ് അംഗങ്ങളെ ആകര്‍ഷിക്കുന്നതിനായി ഇരുവരും മത്സരിക്കുന്ന നയ നിര്‍ദ്ദേശങ്ങളുടെ ഒരു നിര പ്രഖ്യാപിച്ചപ്പോള്‍ നികുതി നയം പ്രധാന യുദ്ധക്കളമായി മാറിയിരിക്കുകയാണ്. മാര്‍ഗററ്റ് താച്ചര്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇന്‍കംടാക്‌സ് വെട്ടിക്കുറവ് വാഗ്ദാനം ആണ് സുനാക് മുന്നോട്ട് വെയ്ക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ ഇന്‍കംടാക്‌സ് ബേസ് റേറ്റ് 20 പെന്‍സില്‍ നിന്നും 2029 ഡിസംബര്‍ അവസാനത്തോടെ 16 പെന്‍സായി താഴും. നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത നിലപാടുകള്‍ മൂലം ആണ് ടോറി നേതൃപോരാട്ടത്തില്‍ സുനാക് ലിസ് ട്രസിനേക്കാള്‍ പിന്നിലായത് . കുറഞ്ഞ നികുതി വാഗ്ദാനങ്ങളും, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന പിന്‍വലിക്കുമെന്നും പറഞ്ഞാണ് ലിസ് ട്രസ് പിന്തുണ ഉറപ്പിക്കുന്നത്.

സര്‍വേകളില്‍ കളില്‍ ലിസ് ട്രസിന്റെ ലീഡ് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ടോറി അംഗങ്ങള്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍പ് ഈ വിടവ് നികത്താനുള്ള ശ്രമത്തിലാണ് സുനാക്. 2024-ഓടെ ഇന്‍കം ടാക്‌സ് ബേസ് റേറ്റില്‍ നിന്നും 1 പെന്‍സ് കുറയ്ക്കുമെന്ന് നേരത്തെ തന്നെ സുനാക് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെയും കണ്ടെത്താനുള്ള മത്സരം അവസാനിക്കുമ്പോള്‍ 12 ഹസ്റ്റിംഗ്‌സുകളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.