
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തിൽ ഇന്ത്യൻ വംശജൻ ഋഷി സുനാക്കിനെ പിന്തള്ളി വിദേശകാര്യമന്ത്രി ലിസ് ട്രസ് ഏറെ മുന്നിൽ. കൺസർവേറ്റീവ് പാർട്ടിയുടെ അടുത്ത നേതാവാകാനുള്ള പാർട്ടി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ 58 ശതമാനം പേർ ലിസ് ട്രസിനെ പിന്തുണയ്ക്കുന്നതായി പാർട്ടി വെബ്സൈറ്റ്.
26 ശതമാനം പേരുടെ പിന്തണ സുനാക്കിനാണ് 12 ശമതാനം പേർ ആരെ പിന്തുണയ്ക്കുമെന്നതിൽ തീരുമാനമെടുത്തിട്ടില്ല. പാർട്ടി തെരഞ്ഞെടുപ്പ് ഫലം സെപ്റ്റംബർ അഞ്ചിനാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. കഴിഞ്ഞദിവസം പുറത്തുവന്ന യുഗോവ് സർവേയിൽ ലിസ് ട്രസിന് 69 ശതമാനം പിന്തുണ പ്രവചിച്ചിരുന്നു.
രാജ്യത്തെ നികുതിനിരക്ക് കുറയ്ക്കുമെന്നുള്ള ലിസ് ട്രസിന്റെ പ്രഖ്യാപനമാണു ജനപ്രീതി വർധിക്കാൻ കാരണം. ടോറി നേതൃത്വത്തിലേക്കു മത്സരിച്ച് പരാജയപ്പെട്ട പാക്കിസ്ഥാൻ വംശജൻ സജീദ് ജാവേദ്, നീദം സവാനി, പെന്നി മോർണ്ടന്റ്, ടോം ടുഗൻഹാട് എന്നിവരുടെ പിന്തുണയും ലിസ് ട്രസിനാണ്. നികുതിനിരക്ക് വെട്ടിക്കുറയ്ക്കൽ അസാധ്യമാണെന്നു മുൻ ധനമന്ത്രിയായ സുനാക് ചർച്ചയിൽ പറഞ്ഞിരുന്നു.
ടോറി നേതാവിനെ തെരഞ്ഞെടുക്കുന്നതിന് 1,80,000 പാർട്ടി അംഗങ്ങൾക്കുള്ള ബാലറ്റ് ഈ ആഴ്ചതന്നെ ലഭിക്കും. പോസ്റ്റൽ ആയും ഓൺലൈനായും സെപ്റ്റംബർ രണ്ടിന് വൈകുന്നേരത്തിനുള്ളിൽ വോട്ട് രേഖപ്പെടുത്താം. സെപ്റ്റംബർ അഞ്ചിന് കൺസർവേറ്റീവ് പാർട്ടി ആസ്ഥാനത്ത് വോട്ടെണ്ണൽ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല