
സ്വന്തം ലേഖകൻ: കുട്ടികളെയും ചെറുപ്പക്കാരികളായ സ്ത്രീകളെയും ഉപദ്രവിക്കുന്ന സംഘങ്ങളെ അടിച്ചമർത്തുമെന്ന ഉറപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജൻ ഋഷി സുനക്. സൗഹൃദം നടിച്ച് പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഘമായ ‘ഗ്രൂമിങ് ഗാങ്ങി’നെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സുനകിന്റെ പ്രചാരണ സംഘം ‘റെഡി ഫോർ ഋഷി’ അറിയിച്ചു.
രണ്ടു പെൺകുട്ടികളുടെ അച്ഛനെന്ന നിലയിൽ ഭയമോ ഭീഷണിയോ കൂടാതെ അവർക്ക് സായാഹ്ന സവാരിക്കും രാത്രിയിൽ കടകളിൽ പോകാനും സാധിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഋഷി സുനക് പറഞ്ഞു. ലൈംഗികാതിക്രമം ഉന്മൂലനം ചെയ്യുന്നതുവരെ ദേശീയ പ്രാധാന്യമുള്ള വിഷയമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചാഞ്ചാടി നിൽക്കുന്ന വോട്ടർമാർക്കിടയിൽ ഋഷി സുനകിന് ലിസ് ട്രസിനേക്കാൾ മേൽക്കൈ ഉള്ളതായി സർവേ ഫലം. കടുത്ത കൺസർവേറ്റിവ് പാർട്ടി അനുഭാവികൾക്കിടയിൽ സുനക് പിന്നിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ സർവേ ഫലം പുറത്തുവന്നത്.
അതേസമയം ആദ്യ ടോറി നേതൃ ഹസ്റ്റിംഗ്‌സില്‍ മുന്‍ ചാന്‍സലര്‍ റിഷി സുനാകിനെതിരെ ആഞ്ഞടിച്ചു പാര്‍ട്ടി അംഗങ്ങള്‍. എതിര്‍ സ്ഥാനാര്‍ഥി ലിസ് ട്രസിന്റെ നഗരമായ ലീഡ്‌സില്‍ വെച്ചാണ് ആദ്യ ഹസ്റ്റിംഗ്‌സ് നടന്നത്. അതുകൊണ്ടു തന്നെ ലിസ് ട്രസ് മുന്‍തൂക്കം നേടി.
ഇവിടുത്തെ പാര്‍ട്ടി അംഗങ്ങളില്‍ അധികവും ഫോറിന്‍ സെക്രട്ടറിയുമായി അടുത്ത ബന്ധമുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഇവിടെ വെച്ച് മുന്‍ ചാന്‍സലര്‍ക്കെതിരെ വലിയ ആരോപണമാണ് ഉയര്‍ന്നത്. പാര്‍ട്ടി അംഗങ്ങളുടെ മുനവച്ചുള്ള ചോദ്യങ്ങള്‍ പ്രധാനമായും സുനാകിനെ ലക്‌ഷ്യം വച്ചായിരുന്നു.
ബോറിസ് ജോണ്‍സന്റെ വീഴ്ചയ്ക്ക് കാരണമായ വ്യക്തിയെന്ന നിലയിലുള്ള ബുദ്ധിമുട്ടേറിയ ചോദ്യങ്ങളാണ് സുനാകിന് നേരിടേണ്ടി വന്നത്. പലരും ബോറിസിനെ പിന്നില്‍ നിന്നും കുത്തിയത് താങ്കളാണെന്ന് കരുതുന്നതായി ഒരു പാര്‍ട്ടി അംഗം മുന്‍ ചാന്‍സലറോട് പറഞ്ഞു. പാര്‍ലമെന്റില്‍ എംപിമാരുടെ വിശ്വാസം പ്രധാനമാണെന്ന് സുനാക് തിരിച്ചടിച്ചു. ഇതില്‍ 60-ഓളം പേര്‍ ഗവണ്‍മെന്റില്‍ നിന്നും രാജിവെയ്ക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തി, അദ്ദേഹം ചൂണ്ടിക്കാണിച്ചു. താന്‍ ക്യാബിനറ്റ് രൂപീകരിച്ചാല്‍ അതില്‍ ബോറിസിന് ഇടംകാണില്ലെന്നും സുനാക് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല