1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2022

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലും ടോറി നേതാവിനെയും കണ്ടെത്താനുള്ള 160,000 ടോറി അംഗങ്ങളുടെ വോട്ടു വീഴാനിരിക്കെ ഇന്ത്യന്‍ വംശജനായ റിഷി സുനാകിന്റെ നില കൂടുതല്‍ പരുങ്ങലില്‍. ടോറി നേതൃപോരാട്ടത്തില്‍ ലിസ് ട്രസിന്റെ വിജയസാധ്യത 90 ശതമാനത്തിലേക്ക് ഉയര്‍ന്നതായാണ് സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

ബെറ്റിംഗ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ സുനാകിന് 10 ശതമാനം സാധ്യത മാത്രമാണ് കല്‍പ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച വരെ 40 ശതമാനം സാധ്യതയില്‍ നിന്ന ശേഷമാണ് ഈ വീഴ്ച. ടോറി വോട്ടര്‍മാര്‍ക്കിടയില്‍ ടെക്‌നി പോള്‍ സര്‍വെയില്‍ സുനാകിന്റെ ജാഗ്രതയോടെയുള്ള നിലപാടിനേക്കാള്‍ ട്രസിന്റെ നികുതി വെട്ടിക്കുറവ് പദ്ധതിക്കാണ് സ്വീകാര്യത കൂടുതലെന്ന് വ്യക്തമായി.

സ്ത്രീയും, പുരുഷനും, അമ്മയും എന്നൊക്കെ വിളിക്കുന്നതിന് പോലും പുതിയ യുഗത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുന്ന രീതികളെ തടഞ്ഞ് പാരമ്പര്യത്തിന് പ്രാമുഖ്യം നല്‍കുമെന്നാണ് സുനാക് ഇപ്പോള്‍ വാദിക്കുന്നത്. ട്രസിന്റെ സമാന നിലപാടിന് ആദ്യ ഹസ്റ്റിംഗ്‌സില്‍ കൈയടി ലഭിച്ചിരുന്നു.

ആന്‍ഡ്രൂ നീല്‍ ഷോയില്‍ സുനാകിനെ പൊളിച്ചടുക്കാന്‍ അവതാരകന്‍ ശ്രമിച്ചെങ്കിലും മുന്‍ ചാന്‍സലര്‍ ഫലപ്രദമായി നേരിട്ടു. ട്രഷറിയില്‍ തന്റെ മൂന്ന് വര്‍ഷം മെച്ചപ്പെട്ടത് തന്നെയായിരുന്നുവെന്ന് സുനാക് വാദിച്ചു. തിങ്കളാഴ്ച മുതല്‍ 160,000 ടോറി അംഗങ്ങളുടെ വീട്ടുപടിക്കല്‍ ബാലറ്റുകള്‍ എത്തിച്ചേരും.

പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ സ്വന്തം പാര്‍ട്ടി അംഗങ്ങളുടെ വോട്ടാണ് മത്സരാര്‍ത്ഥികള്‍ക്ക് പ്രധാനം. ആദ്യ ഹസ്റ്റിംഗ്‌സിന് ലിസ് ട്രസ് മുന്‍തൂക്കം നേടിയെന്ന തരത്തിലാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ 2ന് അടുത്ത പാര്‍ട്ടി നേതാവിനെയും, പ്രധാനമന്ത്രിയെയും കണ്ടെത്താനുള്ള മത്സരം അവസാനിക്കുമ്പോള്‍ 12 ഹസ്റ്റിംഗ്‌സുകളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കുക.

രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള പോരാട്ടം മുറുകുമ്പോള്‍ നടന്ന അവസാന വട്ട സംവാദത്തിന് ശേഷവും ട്രസിനാണ് മുന്‍തൂക്കമെന്ന് ഒപ്പിനിയം റിസേര്‍ച്ച് പോള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.