
സ്വന്തം ലേഖകൻ: ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം നേതാക്കള്‍ക്കാണ് രാജ്ഞിയുടെ ശവസംസകാര ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് പോയിരിക്കുന്നത്. വിവിധ രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പടെ അഞ്ഞൂറിലധികം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ഏറ്റവും അവസാനം ലഭിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിങ്കളാഴ്ച്ച നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആദ്യമായി എത്തിയത് ന്യുസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍ ആയിരുന്നു. ഇന്നലെ വെസ്റ്റ്മിനിസ്റ്ററില്‍ എത്തി അവര്‍ രാജ്ഞിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കഴിഞ്ഞ 70 വര്‍ഷമായി ന്യുസിലാന്‍ഡിന്റെ കൂടി രാജ്ഞിയായിരുന്നു എലിസബത്ത് രാജ്ഞി. തന്റെ രാഷ്ട്രത്തിന്റെ അധിപക്ക് നിറമിഴികളോടെ കൈകള്‍ കൂട്ടിപ്പിടിച്ച് ജസിന്ത ആദരാഞ്ജലി അര്‍പ്പിച്ചു. ഞായറാഴ്ച്ചയായിരിക്കും രാഷ്ട്രത്തലവന്മാരെ ചാള്‍സ് രാജാവ് ഔദ്യോഗികമായി സ്വാഗതം ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍, രാഷ്ട്രത്തലവന്മാര്‍, ചക്രവര്‍ത്തിമാര്‍, യൂറോപ്പിലെ വിവിധ രാജാകുടുംബാംഗങ്ങള്‍ തുടങ്ങിയ പ്രമുഖരെല്ലാവരും ഞായറാഴ്ച്ചയോടെ ലണ്ടനില്‍ എത്തിച്ചേരും.
അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍, യുക്രെയിന്‍ പ്രസിഡണ്ട് സെലെന്‍സ്‌കിയുടെ പത്‌നി ഒലെന സെലെന്‍സ്‌കി, സ്‌പെയിനിലെ ഫെലിപ് രാജാവും ലൈറ്റിസിയ രാജ്ഞിയും തുടങ്ങിയവരെല്ലാം സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് അറിയുന്നത്. എന്നാല്‍, ഇവരെല്ലാം എത് സമയത്ത് എത്തിച്ചേരും എന്നകാര്യം പരസ്യപ്പെടുത്തിയിട്ടില്ല.
സുരക്ഷയും സൗകര്യവും ഗൗനിച്ച് രാഷ്ട്രത്തലവന്മാരെയെല്ലാം ബസ്സുകളിലായിരിക്കും കൊണ്ടുപോവുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിരുന്നാലും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍, ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയേക്കും എന്ന് മറ്റു ചില റിപ്പോര്‍ട്ടുകളുമുണ്ട്. സുരക്ഷാ കാരണങ്ങളാലാണിത്. ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്മിയര്‍, ഇറ്റാലിയന്‍ പ്രസിഡണ്ട് സെര്‍ജിയോ മാറ്ററെല്ല്, കാനഡ പ്രസിഡണ്ട് ജസ്റ്റിന്‍ ട്രുഡേവ് എന്നിവര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ ഇടയുണ്ട്.
സിറിയ, വെനിന്‍സുല, അഫ്ഗാനിസ്ഥാന്‍, റഷ്യ, ബെലാറൂസ്, മ്യാന്മാര്‍ എന്നീ ആറ് രാജ്യങ്ങള്‍ ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളിലേയും രാഷ്ട്ര തലവന്മാര്‍ക്കും പ്രമുഖ നേതാക്കള്‍ക്കും ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫീസ് കൈകൊണ്ടെഴുതിയ ക്ഷണക്കത്തുകളാണ് അയച്ചിരിക്കുന്നത്. ഞായറാഴ്ച്ചയിലെ സ്വീകരണത്തിനും തിങ്കളാഴ്ച്ച നടക്കുന്ന ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുമായി ആയിരത്തിലേറെ പേര്‍ക്കാണ് ക്ഷണം.
അതിനിടെ ഇന്നലെയെത്തിയ ന്യുസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത, ശവസംസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍പായി രാജാവിനേയും പ്രിന്‍സ് ഓഫ് വെയില്‍സിനേയും പ്രധാനമന്ത്രി ലിസ് ട്രസ്സിനെയും സന്ദര്‍ശിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരിപാടിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നുമുണ്ടാകില്ലെന്ന് ജസിന്തയുടെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്ഞിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശത്തില്‍, സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് ഫ്രഞ്ച പ്രസിഡണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി ലിസ് ട്രസ്സുമായി മാക്രോണ്‍ കൂടിക്കാഴ്ച്ച നടത്തുമോ എന്നകാര്യം വ്യക്തമല്ല.
അതേസമയം, ഇന്നലെ ഉസ്ബക്കിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. രാഷ്ട്രപതി ദ്രൗപതി മുര്‍മുവായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക എന്ന് അറിയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജപ്പാന്‍ ചക്രവര്‍ത്തി നുരുഹിതോ നാളെ ലണ്ടനില്‍ എത്തും 2019-ല്‍ സിംഹാസനാരോഹണം നടന്നതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയാണിത്.
തുര്‍ക്കി പ്രസിഡണ്ടിന്റെ പ്രതിനിധിയായി വിദേശകാര്യമന്ത്രിയായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസിന ഇതിനോടകം തന്നെ ലണ്ടനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗിനും ക്ഷണമുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. പകരം വൈസ്പ്രസിഡണ്ട് വാംഗ് ക്വിഷാന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം, ലണ്ടനിലെത്തുന്ന ചൈനീസ് സംഘത്തിന് പാര്‍ലമെന്റ് സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കില്ലെന്ന് ജനപ്രതിനിധി സഭ സ്പീക്കര്‍ ലിന്‍ഡ്‌സേ ഹോയ്‌ലെ പറഞ്ഞു. നേറത്തെ ഉയിഗുര്‍ മുസ്ലീമുകള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെ അപലപിച്ച എം പിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിനാലാണിത്.
അതിനിടെ വെസ്റ്റ്മിൻസ്റ്റർ ഹാളിലെ രാജ്ഞിയുടെ ശവപ്പെട്ടിക്കടുത്ത് നിയന്ത്രിത മേഖലയിൽ അതിക്രമിച്ച് കയറിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
സെപ്റ്റംബർ 16 വെള്ളിയാഴ്ച രാത്രി 10 മണിയോടെ, മെറ്റിന്റെ പാർലമെന്ററി, ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷൻ കമാൻഡിലെ ഉദ്യോഗസ്ഥർ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് ഇയാളെ പുറത്തേക്ക് കൊണ്ട് വന്നു. പബ്ലിക് ഓർഡർ ആക്ട് പ്രകാരമുള്ള കുറ്റത്തിന് അറസ്റ്റ് രേഖപ്പെടുത്തി. ഇയ്യാളെ കൂടുതൽ ചോദ്യം ചെയ്ത വരികയാണെന്ന് പോലീസ് അറിയിച്ചു.
തന്റെ ഏഴു വയസ്സുള്ള മകളെ തള്ളിയിട്ട് ശവപ്പെട്ടിയിരുന്ന സ്ഥലത്തേക്ക് അക്രമി ഓടിക്കയറിയതായി സാക്ഷിയായ ട്രേസി ഹോളണ്ട് പറഞ്ഞു. രണ്ട് സെക്കൻഡിനുള്ളിൽ തന്നെ പോലീസ് അയാളെ പിടികൂടിയതായി അവർ കൂട്ടിച്ചേർത്തു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല