1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2023

സ്വന്തം ലേഖകൻ: വേതന വർദ്ധനവുമായി ബന്ധപ്പെട്ട റെയിൽവേ തൊഴിലാളികളുടെ ആവശ്യത്തോടും സർക്കാർ മുഖംതിരിക്കുന്നതിനാൽ വരുംദിവസങ്ങളിൽ ട്രെയിൻ തൊഴിലാളി യൂണിയനുകൾ സമരം കൂടുതൽ ശക്തമാക്കുന്നു. ട്രെയിൻ ഡ്രൈവേഴ്‌സ് യൂണിയനായ അസ്ലെഫും ഇതര റെയിൽവേ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ആർഎംടി യൂണിയനും കഴിഞ്ഞ 18 മാസമായി സ്ഥിരമായി പണിമുടക്കി വ്യാവസായിക നടപടി സ്വീകരിച്ചിട്ടുണ്ട്.

പുതിയ നീക്കത്തിൽ, സെപ്തംബർ 30 ശനിയാഴ്ചയും ഒക്ടോബർ 4 ബുധനാഴ്ചയും പണിമുടക്കാനാണ് അസ്ലെഫ് അംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്. സെപ്തംബർ 29 വെള്ളിയാഴ്ചയും തിങ്കൾ 2 മുതൽ ഒക്‌ടോബർ 6 വരെ അഞ്ച് ദിവസങ്ങളിലും ഡ്രൈവർമാർക്കുള്ള ഓവർടൈം നിരോധനവും യൂണിയൻ നടപ്പിലാക്കുന്നുണ്ട്. ഓവർടൈം നിരോധന ദിവസങ്ങളിൽ, അവസാന നിമിഷം ചില സർവ്വീസ് റദ്ദാക്കലുകൾ അല്ലെങ്കിൽ ടൈംടേബിൾ കുറയ്ക്കലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

അതിനാൽത്തന്നെ ഇന്നുമുതൽ യാത്രയ്ക്ക് മുമ്പ് യാത്രക്കാർ സർവ്വീസുകൾ യഥാസമയം നടക്കുന്നുണ്ടോയെന്ന് പരിശോധിച്ചശേഷം മാത്രം റെയിൽവേ സ്‌റ്റേഷനുകളിൽ എത്തുവാൻ അധികൃതർ നിർദ്ദേശിക്കുന്നു. പുതിയ പണിമുടക്കിൽ 16 ട്രെയിൻ കമ്പനികളിലെ തൊഴിലാളികൾ പങ്കെടുക്കുന്നുണ്ട്. പണിമുടക്ക് ദിവസങ്ങളിൽ പല ഓപ്പറേറ്റർമാരും സർവീസുകളൊന്നും നടത്തില്ല. അതിനാൽ ഓവർ ടൈം ഡ്യൂട്ടി നിരോധന സമരങ്ങളിൽ ഭാഗികമായി ചില സർവ്വീസുകൾ മാത്രമാണ് തടസ്സപ്പെടുകയെങ്കിൽ, സമ്പൂർണ്ണ വാക്ക്ഔട്ട് സമരദിനങ്ങളിൽ സർവീസുകൾ ഏതാണ്ട് പൂർണ്ണമായും തന്നെ തടസ്സപ്പെടും.

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും വിലക്കയറ്റവും നേരിടാൻ ആനുപാതികമായി ശമ്പള വർദ്ധനവ് വേണമെന്ന് യൂണിയനുകൾ ആവശ്യപ്പെടുന്നു. എന്നാൽ മഹാമാരിക്കാലത്ത് സർവീസുകൾ മുടങ്ങിയതിനാൽ സാമ്പത്തികത്തിൽ ഇപ്പോൾ പരമാവധി പണം സ്വരൂപിക്കാനുള്ള സമ്മർദ്ദത്തിലാണ് റെയിൽവേ വ്യവസായമെന്ന് സർവ്വീസ് നടത്തിപ്പുകാരും പറയുന്നു. അതിനിടെ അടുത്തമാസം ലണ്ടനിലെ ഭൂഗർഭ ലൈനിലെ ട്യൂബ് ഡ്രൈവർമാരും പണിമുടക്കും. ഇതോടെ ഇംഗ്ലണ്ടിലും ലണ്ടനിലും യാത്രാക്ലേശം കൂടുതൽ കടുത്തതാകും.

ലണ്ടൻ ഭൂഗർഭ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആർഎംടി അംഗങ്ങൾ ഒക്ടോബർ 4 ബുധനാഴ്ചയും ഒക്ടോബർ 6 വെള്ളിയാഴ്ചയും പണിമുടക്കും. നടപടി തലസ്ഥാനത്തെ ട്യൂബ് സർവീസ് പൂർണ്ണമായിത്തന്നെ സ്‌തംഭിപ്പിക്കുമെന്ന് ആർഎംടി പറയുന്നു. സമരത്തെ തുടർന്നുള്ള ദിവസത്തെ രാവിലത്തെ സർവീസുകളേയും കാലതാമസം ബാധിക്കുമെന്ന് സർവ്വീസ് നടത്തിപ്പുകാരായ ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ മുന്നറിയിപ്പ് നൽകി.

എന്നാൽ ഈ സമരം എലിസബത്ത് ലൈൻ, ലണ്ടൻ ഓവർഗ്രൗണ്ട്, ഡിഎൽആർ, ട്രാം സർവീസുകളെ ബാധിക്കില്ല. സർക്കാർ ആവശ്യങ്ങൾ അനുവദിച്ച് ചർച്ചകൾക്ക് തയ്യാറാകാത്തപക്ഷം ക്രിസ്മസ് കാലയളവിലേക്കുവരെ പണിമുടക്ക് തുടർന്നേക്കാമെന്ന് ട്രെയിൻ ഡ്രൈവേഴ്സ് യൂണിയൻ മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.