
സ്വന്തം ലേഖകൻ: മൂന്നു ദശകത്തിനിടെയുണ്ടായ ഏറ്റവും വലിയ റെയില്‍ സമരത്തില്‍ വലഞ്ഞു യുകെ ജനത. റെയില്‍ സമരത്തിന്റെ ഒന്നാം ദിനത്തില്‍ ട്രെയിനുകളില്‍ കയറിക്കൂടാന്‍ പരക്കം പായുകയായിരുന്നു യാത്രക്കാര്‍. ലണ്ടനില്‍ നിന്നും പുറപ്പെടുന്ന അവസാന ട്രെയിനുകളില്‍ കയറാനായി ജോലിയില്‍ നേരത്തെ പൂര്‍ത്തിയാക്കി ഇറങ്ങേണ്ട ഗതികേടാണ് ജനത്തിന് നേരിട്ടത്. ഇതിന് പുറമെ ബസ് സ്റ്റോപ്പുകളില്‍ നീണ്ട ക്യൂ രൂപപ്പെടുകയും, നഗരങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ജനം വന്‍തോതില്‍ കാറുകള്‍ ഉപയോഗിച്ചതോടെ റോഡുകള്‍ തടസപ്പെടുകയും ചെയ്തു.
റെയില്‍ സമരത്തിന്റെ ആദ്യ ദിനത്തില്‍ പരിമിതമായ സര്‍വ്വീസുകളാണ് ഉണ്ടായിരുന്നത്. നേരത്തെ സര്‍വ്വീസുകള്‍ അവസാനിപ്പിക്കുന്നതിനാല്‍ ഈ ട്രെയിന്‍ പിടിക്കാന്‍ നെട്ടോട്ടം ഓടുകയാണ് സിറ്റി ജോലിക്കാര്‍. വിക്ടോറിയ, പാഡിംഗ്ടണ്‍ സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കുന്ന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചു.
റെയില്‍ യാത്ര ഉപേക്ഷിച്ച് റോഡുകളില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ച ജനങ്ങളെ കാത്തിരുന്നത് വമ്പന്‍ ട്രാഫിക്ക് കുരുക്കായിരുന്നു. ബുധനാഴ്ചയും സമരങ്ങള്‍ തുടരുകയും, ബുദ്ധിമുട്ട് തുടരുകയും ചെയ്യും. 60 ശതമാനം ട്രെയിനുകള്‍ ഈ ദിവസം സര്‍വ്വീസ് നടത്തും. സിഗ്നലുകാരും, കണ്‍ട്രോള്‍ റൂം ജീവനക്കാരും ഓവര്‍നൈറ്റ് ഷിഫ്റ്റുകള്‍ ചെയ്യാത്തത് മൂലമാണ് കാലതാമസം നേരിടുക.
സമരത്തില്‍ ഉള്‍പ്പെടുന്ന 13 ഓപ്പറേറ്റര്‍മാര്‍ വൈകുന്നേരം 6.30ന് ശേഷം സര്‍വ്വീസ് നടത്തുന്നില്ല. എന്നാല്‍ ചില ലൈനുകള്‍ സമ്പൂര്‍ണ്ണമായി അടച്ചിട്ട സ്ഥിതിയാണ്. പല ട്രെയിനുകളും 6.30ന് മുന്‍പ് തന്നെ സ്റ്റേഷന്‍ വിട്ടു. 30 വര്‍ഷത്തിനിടെ ഏറ്റവും വലിയ റെയില്‍ പണിമുടക്ക് മൂലം യാത്രക്കാര്‍ രോഷത്തിലാണ്. 11 ശതമാനം ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാണ് 50,000ലേറെ അംഗങ്ങള്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല