1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2022

സ്വന്തം ലേഖകൻ: യുകെയിൽ അടുത്ത ആഴ്ച 14 ട്രെയിന്‍ ഓപ്പറേറ്റര്‍മാരിലെ ജോലിക്കാര്‍ പങ്കെടുക്കുന്ന വമ്പന്‍ പണിമുടക്ക്. നെറ്റ്‌വര്‍ക്ക് റെയിലില്‍ ജോലി ചെയ്യുന്ന 40,000-ലേറെ ജോലിക്കാര്‍ അടുത്ത ബുധനാഴ്ച സമരത്തിന് ഇറങ്ങുമെന്ന് ആര്‍എംടി യൂണിയന്‍ പ്രഖ്യാപിച്ചു. ചര്‍ച്ചകളില്‍ പുരോഗതി ഇല്ലാതെ വന്നതോടെയാണ് സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ മാസമാണ് റെയില്‍വെ ജീവനക്കാര്‍ പണിമുടക്ക് നടത്തിയ ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയത്. ആഗസ്റ്റ് 18, 20 തീയതികളിലും ശമ്പളത്തിന്റെയും, തൊഴില്‍ സാഹചര്യങ്ങളുടെയും പേരിലുള്ള സമരവുമായി മുന്നോട്ട് പോകുമെന്ന് യൂണിയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെയാണ് ജൂലൈ 27ന് തന്നെ മറ്റൊരു സമരം നടത്തുമെന്ന് ആര്‍എംടി വ്യക്തമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന് ബര്‍മിംഗ്ഹാമില്‍ കൊടി ഉയരുന്നതിന് തലേന്നാണ് സമരം. ഇതേ ദിവസം ട്രാന്‍സ്‌പോര്‍ട്ട് സാലറീഡ് സ്റ്റാഫ്‌സ് അസോസിയേഷനും അവന്തി വെസ്റ്റ് കോസ്റ്റില്‍ സമരത്തിന് ഇറങ്ങുന്നുണ്ട്. നെറ്റ്‌വര്‍ക്ക് റെയിലും, മറ്റ് ട്രെയിന്‍ കമ്പനികളും ശമ്പളത്തിന്റെയും, തൊഴില്‍ സാഹചര്യങ്ങളുടെയും കാര്യത്തില്‍ യാതൊരു പുരോഗതിയും വരുത്താത്തതിനാലാണ് സമരമെന്ന് ആര്‍എംടി ജനറല്‍ സെക്രട്ടറി മിക്ക് ലിഞ്ച് വ്യക്തമാക്കി.

അതിനിടെ എക്യൂഎ പരീക്ഷാ ബോര്‍ഡിലെ ജീവനക്കാര്‍ അടുത്ത ആഴ്ച മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് ജിസിഎസ്ഇ, എ ലെവല്‍ ഫലത്തെ ബാധിക്കുമെന്ന് ആശങ്ക. ശമ്പളത്തിന്റെ പേരില്‍ ജൂലൈ 29, 30, 31 തീയതികളില്‍ പണിമുടക്കുമെന്ന് 180 യൂണിസണ്‍ അംഗങ്ങള്‍ പറയുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ പരീക്ഷാഫലത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇതുമൂലം കാലതാമസം നേരിടേണ്ടിവരുമെന്ന് യൂണിയന്‍ അവകാശപ്പെടുന്നു.

എന്നാല്‍ ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളുടെ പകുതിയോളം ഉത്തരവാദിത്തമുള്ള എക്യൂഎ പറയുന്നത് , വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് ഫലങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് ‘ശക്തമായ പദ്ധതികള്‍’ ഉണ്ടെന്നാണ്. എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷാഫലം ഓഗസ്റ്റ് 18-ന് അയയ്‌ക്കും, അതേസമയം ജിസിഎസ്ഇ ഫലദിനം ഓഗസ്റ്റ് 25 ആണ്.

എക്യൂഎ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം 0.6% ശമ്പള വര്‍ധനവ് ആയിരുന്നെന്നും നല്‍കിയിട്ടുണ്ടെന്നും ഈ വര്‍ഷം 3% വര്‍ധനവ് വാഗ്ദാനം ഉണ്ടെന്നും യൂണിസണ്‍ പറഞ്ഞു. എന്നാല്‍ വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുമൂലം ജീവനക്കാര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ വിഷമിക്കുകയാണെന്നും പണിമുടക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും യൂണിസണ്‍ ഉദ്യോഗസ്ഥനായ ലിസാന്‍ ഡെവോണ്‍പോര്‍ട്ട് പറഞ്ഞു. യുണീഷന്‍ യൂണിയനില്‍ പെട്ട അംഗങ്ങള്‍ 3 ശതമാനം ശമ്പള വര്‍ദ്ധനവും, 500 പൗണ്ട് പേയ്‌മെന്റും തള്ളിക്കൊണ്ടാണ് സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചത്.ശമ്പളവര്‍ദ്ധന ശരാശരി 5.6 ശതമാനം വേണ്ടി വരുമെന്നാണ് എക്യുഎ നിലപാട്.

പേപ്പറുകള്‍ പരിശോധിച്ച് മാര്‍ക്കിട്ട് വെയ്ക്കുമെങ്കിലും ഫലം പുറത്തുവരില്ലെന്നതാണ് ഇതിലെ പ്രശ്‌നം. സമരം മൂലം ഇത്തരം പ്രത്യാഘാതങ്ങള്‍ ഇല്ലാതിരിക്കാന്‍ നടപടിക്രമങ്ങള്‍ ഉണ്ടെന്നാണ് എക്യുഎ പറയുന്നതെങ്കിലും റിസല്‍റ്റ് ദിനത്തില്‍ ചില ഗ്രേഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാതെ പോകുമെന്നാണ് മുന്നറിയിപ്പ്.

വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡ് ലഭിക്കാന്‍ താമസിച്ചാല്‍ തങ്ങളുടെ സീറ്റ് തടഞ്ഞുവെയ്ക്കാന്‍ ഇവര്‍ക്ക് യൂണിവേഴ്‌സിറ്റികളുടെ കാലുപിടിക്കേണ്ടി വരും. മറിച്ചായാല്‍ സീറ്റ് നഷ്ടമാകാനും ഇടയുണ്ട്. 1200 എക്യുഎ ജീവനക്കാരില്‍ 160-ഓളം പേരെയാണ് യുണീഷന്‍ പ്രതിനിധീകരിക്കുന്നത്. 71 ശതമാനം പേരാണ് സമരത്തെ പിന്തുണച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.