
സ്വന്തം ലേഖകൻ: ശമ്പള വർധനവ് ആവശ്യപ്പെട്ട് റോയല്‍ കോളജ് ഓഫ് നഴ്സിങ് ഏപ്രിൽ 30 മുതൽ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് നിയമ വിരുദ്ധമെന്ന് ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ. പണിമുടക്കിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ നീക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും പണിമുടക്കിന്റെ നിയമസാധുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എസ് മേധാവികള്‍ തനിക്ക് കത്തു നൽകിയതായും ആരോഗ്യ സെക്രട്ടറി സ്ഥിരീകരിച്ചു.
പണിമുടക്കുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ നീക്കത്തിന്റെ ഫലമായി കോടതി നടപടികൾ ഏപ്രിൽ 27 വ്യാഴാഴ്ച രാവിലെ 10.30 മുതൽ ലണ്ടനിലെ റോയൽ കോർട്ട്സ് ഓഫ് ജസ്റ്റിസ് ഹൈക്കോടതിയിൽ നടക്കും. ഏതെങ്കിലും വിധിയെത്തുടർന്ന് പണിമുടക്ക് പ്രഖ്യാപനത്തിൽ മാറ്റങ്ങൾ ഉണ്ടായാൽ അംഗങ്ങളെ അറിയിക്കുമെന്ന് ആർസിഎൻ അറിയിച്ചിട്ടുണ്ട്.
പണിമുടക്കാനുള്ള അവകാശത്തില്‍ സര്‍ക്കാര്‍ ഉറച്ചു വിശ്വസിക്കുന്നുവെങ്കിലും ഇപ്പോൾ നടത്താൻ പോകുന്ന പണിമുടക്ക് നിയമാനുസൃതമല്ലാത്തതിനാൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനാണ് കോടതികളെ സമീപിച്ചതെന്ന് സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു. അടിയന്തര ചികിത്സ ആവശ്യമുള്ള കാന്‍സര്‍ പരിചരണങ്ങൾ ഉള്‍പ്പടെയുള്ളവ ആവശ്യമുള്ള രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും പണിമുടക്കിൽ പങ്കെടുക്കുന്നത് നഴ്സുമാരുടെ കരിയറിനെ അപകടത്തിലാക്കുമെന്നും ബാര്‍ക്ലേ മുന്നറിയിപ്പ് നല്‍കി.
ആരോഗ്യ സെക്രട്ടറിയുടെ പണിമുടക്കിന് എതിരെയുള്ള നീക്കത്തെ ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവുമായ പാറ്റ് കുള്ളന്‍ ശക്തമായി അപലപിച്ചു. ഭീഷണി കൊണ്ട് സര്‍ക്കാരിനു നഴ്സുമാരുടെ വായ്മൂടിക്കെട്ടാൻ ആവില്ലെന്നും എന്നാൽ കോടതി വിധികളെ അംഗീകരിക്കുമെന്നും പാറ്റ് കുള്ളൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല