1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2021

സ്വന്തം ലേഖകൻ: കോവിഡിൻ്റെ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം യുകെയിൽ പരത്തുമ്പോൾ റെഡ് ലിസ്റ്റിലായ ഇന്ത്യയുടെ മോചനം നീളുന്നു. നാൽപതു രാജ്യങ്ങളുടെ റെഡ് ലിസ്റ്റിലേക്ക് കഴിഞ്ഞദിവസം ശ്രീലങ്ക ഉൾപ്പെടെ പുതുതായി പത്തോളം രാജ്യങ്ങളെ കൂട്ടിച്ചേർത്തതോടെ ഇന്ത്യയുടെ എല്ലാ അയൽരാജ്യങ്ങളും ഈ ലിസ്റ്റിൽ ആയിക്കഴിഞ്ഞു.ഇതോടെ ഇന്ത്യയിൽനിന്നും നഴ്സുമാരുടെ റിക്രൂട്ട്മെന്റും ഉടനെ പുനഃരാരംഭിക്കാൻ ഇടയില്ല.

ദിവസേനയുള്ള കോവിഡ് മരണം സ്ഥിരമായി പത്തിൽ താഴെയായ ബ്രിട്ടനിൽ കോവിഡ് കേസുകൾ വീണ്ടും വർധിച്ചുവരുന്ന സാഹചര്യമുണ്ട്. ഈ കേസുകളിൽ മഹാഭൂരിപക്ഷവും ഡെൽറ്റാ വേരിയന്റ് ആണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ മാറാൻ ഇനിയും ഏറെ സമയമെടുക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയിൽ നിന്ന് വരുന്നവരിലാണ് ഡെൽറ്റ വകഭേദം കാണപ്പെടുന്നത് എന്നാണ് സർക്കാരിൻ്റെ നിലപാട്.

ഇന്ത്യയിലെ സാഹചര്യങ്ങൾ ഒന്നോ രണ്ടോ മാസങ്ങൾകൊണ്ടു മെച്ചപ്പെടുകയോ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയോ ചെയ്താൽ മാത്രമേ എന്തെങ്കിലും പുനർ വിചിന്തനത്തിന് സാധ്യതയുള്ളൂ. അങ്ങനെയായാലും, ഒറ്റയടിക്ക് ഗ്രീൻ ലിസ്റ്റിലേക്ക് ഇന്ത്യയെ മടക്കിക്കൊണ്ടു വരാതെ, കുറച്ചു കാലമെങ്കിലും ആംബർ ലിസ്റ്റിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.

ആംബർ ലിസ്റ്റിലായാലും ബ്രിട്ടനിലെത്തുമ്പോൾ ഹോം ക്വാറന്റീനും രണ്ടു വട്ടമുള്ള ടെസ്റ്റിങ്ങും തുടരണം. ഇതോടെ യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രാ പദ്ധതികൾ താളംതെറ്റും. മറുവശത്ത് യുകെ ജോലി സ്വപ്നം പൂവണിയാൻ നഴ്സുമാരുടെയും വിദ്യാർഥികളുടെയും കാര്യവും ത്രിശങ്കുവിലാണ്.

കോവിഡ് രണ്ടാം തരംഗത്തിൽ ആടിയുലഞ്ഞ ഇന്ത്യയിലെ ആരോഗ്യ മേഖല അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ അവിടെനിന്നും ആരോഗ്യ മേഖലയിലെ പ്രഫഷണലുകളെ, പ്രത്യേകിച്ച് നഴ്സുമാരെ റിക്രൂട്ട് ചെയ്തു കൊണ്ടുപോരുന്നത് ധാർമികമായി ശരിയല്ലാത്തതിനാലാണ് സ്ഥിതിഗതികൾ മെച്ചമാകുന്നതുവരെ തൽകാലത്തേക്ക് റിക്രൂട്ട്മെന്റ് നടപടികൾ മരവിപ്പിക്കാൻ ഏപ്രിൽ അവസാനം ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു ഈ തീരുമാനം. ജോബ് ഓഫർ ലഭിച്ച് റിക്രൂട്ട്മെന്റ് നടപടികളെല്ലാം പൂർത്തിയാക്കി യുകെയിലേക്ക് പറക്കാൻ കാത്തിരുന്ന നൂറുകണക്കിന് നഴ്സുമാരുടെ യാത്ര ഇതോടെ മുടങ്ങി. എന്നാൽ ആരുടെയും അവസരം പാഴാകില്ലെന്ന് എൻഎച്ച്എസ് ഉറപ്പു നൽകുന്നുണ്ടെങ്കിലും യാത്ര എന്നു തുടരാനാകുമെന്ന കാര്യത്തിൽ അധികൃതർ കൈമലർത്തുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.