1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2021

സ്വന്തം ലേഖകൻ: യുകെയിൽ റസ്റ്റോറൻ്റുകളിലും പബ്ബുകളിലും തൊഴിലാളി ക്ഷാമം രൂക്ഷം. കോവിഡ് ആഘാതത്തിൽ നടുവൊടിഞ്ഞ് ആയിരക്കണക്കിന് ഒഴിവുകൾ നികത്താൻ പാടുപെടുന്ന ഹോസ്പിറ്റാലിറ്റി വ്യവസായം ഒരു റിക്രൂട്ട്മെന്റ് പ്രതിസന്ധി നേരിടുന്നതായി കണക്കുകൾ കാണിക്കുന്നു. യുകെ ഹോസ്പിറ്റാലിറ്റി നടത്തിയ പഠനം അനുസരിച്ച് 188,000 തൊഴിലാളികളുടെ കുറവാണ് ഈ രംഗത്തുള്ളത്.

ഇതിൽ ഫ്രണ്ട് ഓഫീസ് ജീവനക്കാരെയും പാചകക്കാരെയും കണ്ടെത്തുന്നതാണ് തൊഴിലുടമകൾക്ക് ശരിക്കും വെല്ലുവിളിയാകുന്നത്. ഇംഗ്ലണ്ടിൽ ബാറുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ കഴിഞ്ഞ ആഴ്ച മുതൽ ഇൻഡോർ ഉപഭോക്താക്കളെ സ്വീകരിക്കാൻ തുടങ്ങിയിരുന്നു.

ലോക്ക്ഡൗണുകൾ കാരണം നീണ്ട ഇടവേളയ്ക്ക് ശേഷം ഉപഭോക്താക്കൾ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുമ്പോൾ, അവർക്ക് മതിയായ സേവനം നൽകാനുള്ള ആളുകളെ കണ്ടെത്താൻ പാടുപെടുകയാണ് റസ്റ്റോറൻ്റ് ഉടമകൾ.

“ഏകദേശം 80% അംഗങ്ങളും ഇപ്പോൾ ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നു, അവരിൽ ചിലർ ഈ ഒഴിവുകൾ നികത്താൻ പാടുപെടുകയാണെന്ന് വ്യക്തം,“ യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് പറഞ്ഞു.

നിയന്ത്രണങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഈ മേഖലയെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. അതിനാൽ ജൂൺ 21 നകം വീണ്ടും തുറക്കുന്നമെന്ന റോഡ് മാപ്പിൽ ൽ ഉറച്ചുനിൽക്കാനും എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കാനും നിക്കോൾസ് സർക്കാരിനോട് ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ ഈ മേഖലയ്ക്ക് കൂടുതൽ തൊഴിലാളികളെ ആകർഷിക്കാൻ കഴിയൂ എന്നും അവർ ചൂണ്ടിക്കാട്ടി.

ബ്രിട്ടനില്‍ ശനിയാഴ്ച 3,398 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച പുറത്തുവിട്ട ഒൗദ്യോഗിക കണക്കുകള്‍പ്രകാരം. രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകള്‍ 4,480,945 ആണ്. ബ്രിട്ടനിലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം 127,775 ആയി. ആദ്യത്തെ പോസിറ്റീവ് ടെസ്റ്റ് കഴിഞ്ഞ് 28 ദിവസത്തിനുള്ളില്‍ മരിച്ചവരാണ് ഈ കണക്കുകളിലുള്ളത്.

കൊറോണ വൈറസിനെതിരായ ബ്രിട്ടന്‍്റെ പ്രവര്‍ത്തനം വളരെ മോശമായികൊണ്ടിരിക്കുകയാണെന്നും ജാഗ്രത പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ തുടര്‍ക്കഥയാവുമെന്നും കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഫ. ടിം ഗോവേഴ്സ് മുന്നറിയിപ്പ് നൽകി. അതിനിടെ ഇംഗ്ളണ്ടില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നത് സര്‍ക്കാരിൻ്റെ റോഡ് മാപ്പും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും താളം തെറ്റിക്കുമെന്ന ആശങ്കയും വ്യാപകമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.