
സ്വന്തം ലേഖകൻ: പുതു വര്‍ഷത്തിൽ യുകെയിൽ റിഷി സുനാക് സർക്കാർ എത്തിയപ്പോള്‍ ചില കടുത്ത നിയമങ്ങൾ നടപ്പിലാക്കിയേക്കും എന്ന് സൂചന. ചികിത്സ, വോട്ടിംഗ്, പ്രതിഷേധ സമരങ്ങൾ, കെട്ടിട സുരക്ഷ, നികുതി എന്നിവ സംബന്ധിച്ചുള്ള നിയമങ്ങളാണ് നടപ്പിലാവുക. 2023 ശരത്ക്കാലം മുതല്‍ പ്രായമേറിയവര്‍ക്കുള്ള സോഷ്യല്‍ കെയര്‍ കോസ്റ്റില്‍ 86,000 പൗണ്ടിന്റെ ക്യാപ് കൊണ്ടു വന്നിരുന്നു. എന്നിരുന്നാലും 75,000 പൗണ്ടിനും 1,50,000 പൗണ്ടിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് പുതിയ നിയമപ്രകാരം കെയറിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും.
അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് പോളിംഗ് കേന്ദ്രങ്ങളില്‍ കാണിച്ചില്ലെങ്കില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല. കള്ളവോട്ട് ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ക്ക് പുതുതായി വരുന്ന നിയമം ഒരു അന്ത്യം വരുത്തുമെന്ന് കരുതുന്നു. അതുപോലെ വിദേശത്തു നിന്നും വോട്ടു ചെയ്യുന്നതിലും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പുതിയ പൊലീസ്, ക്രൈം, കോര്‍ട്ട്‌സ് ആന്‍ഡ് സെന്റന്‍സിംഗ് ബില്‍ പ്രകാരം ശബ്ദമുഖരിതമായ പ്രതിഷേധങ്ങള്‍ തടയാന്‍ പൊലീസിനു കഴിയും. അതുപോലെ ഗുരുതരമായ തടസ്സങ്ങളും മറ്റും ഉണ്ടാക്കുന്ന മാര്‍ച്ചുകളും നിരോധിക്കാന്‍ കഴിയും.
അനധികൃതമായി യു കെയില്‍ എത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിയമങ്ങളും ഈ വര്‍ഷം ഉണ്ടായേക്കും. മറ്റൊരു നിയമം സുരക്ഷിതമല്ലാത്ത ഫ്‌ളാറ്റുകളും മറ്റും സുരക്ഷിതമാക്കുന്നതിനായി ഉടമകള്‍ 15,000 പൗണ്ട് വരെ നല്‍കാന്‍ നിര്‍ബന്ധിതമാകുന്ന നിയമമാണ്. ബില്‍ഡിംഗ് സേഫ്റ്റി ബില്ലിനു കീഴിലായിരിക്കും ഇതു വരിക. അതുപോലെ ഇന്‍കം ടാക്‌സി അഡിഷണല്‍ നിരക്കിനുള്ള കുറഞ്ഞ വരുമാന പരിധി 1,50,000 ല്‍ നിന്നും 1,25,000 പൗണ്ട് ആക്കി കുറയ്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല