1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2021

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സർക്കാർ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ബ്രിട്ടനിൽ ബജറ്റ് അവതരിപ്പിച്ച് ചാൻസലർ റിഷി സുനക്. 2022 മധ്യത്തോടെ സമ്പദ് വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരാൻ ലക്ഷ്യമിട്ട് 65 ബില്യൻ പൗണ്ടിന്റെ മെഗാ പദ്ധതികളാണ് സുനകിൻ്റെ “കൊവിഡ് ബജറ്റിൽ“ ഉൾപ്പൊള്ളിച്ചിരിക്കുന്നത്. കൊവിഡ് ആഘാതത്തിൽ നിന്ന് കരകയറാൻ പലഘട്ടങ്ങളിലായി പ്രഖ്യാപിച്ച പ്രധാന ക്ഷേമ പദ്ധതികളെല്ലാം കാലാവധി നീട്ടുന്നതായും സുനക് ബജറ്റ് അവതരിപ്പിച്ച് പാർലമെൻ്റിൽ പറഞ്ഞു.

ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് ശമ്പളത്തിന്റെ 80% നൽകുന്ന ഫർലോ സ്കീം സെപ്റ്റംബർ 30 വരെ തുടരും. നേരത്തെ ജൂൺ 31 വരെയായിരുന്നു പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ആറു ലക്ഷത്തോളം സ്വയം തൊഴിൽ സംരംഭകർക്കും പദ്ധതിയുടെ പ്രയോജനം ഉറപ്പാക്കും.

ടൂറിസം, ഹോസ്പിറ്റാലിറ്റി സെക്ടറുകൾക്ക് അനുവദിച്ചിരുന്ന അഞ്ചു ശതമാനം വാറ്റ് ഇളവ് സെപ്റ്റംബർ വരെ തുടരും. രണ്ടര ലക്ഷം പൗണ്ടുവരെ വിലയുള്ള പ്രോപ്പർട്ടികൾക്ക് സ്റ്റാംപ് ഡ്യൂട്ടിയിൽ ജൂൺ അവസാനം വരെ ഇളവ് നൽകും. അഞ്ചു ലക്ഷം വരെയുള്ള പ്രോപ്പർട്ടികൾക്ക് നിലവിൽ മാർച്ച് 31 വരെ അനുവദിച്ചിരുന്ന സ്റ്റാംപ് ഡ്യൂട്ടി ഇളവാണ് ജൂൺ അവസാനം വരെ തുടരാൻ തീരുമാനിച്ചത്. ഭവന വിപണിയിലെ തകർച്ച തടയാനാണ് സുനകിൻ്റെ നിർണായ പ്രഖ്യാപനം.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള കോൺടാക്ട് ലെസ് പേയ്മെന്റ് ലിമിറ്റ് 45 പൌണ്ടിൽ നിന്നും 100 പൗണ്ടായി ഉയർത്തും. ആഴ്ചതോറും നിലവിൽ നൽകുന്ന 20 പൌണ്ടിന്റെ യൂണിവേഴ്സൽ ക്രെഡിറ്റ് ടോപ് അപ്പ് ആറു മാസം കൂടി തുടരും. വർക്കിംങ് ടാക്സ് ക്രെഡിറ്റിന് അപേക്ഷിച്ചവർക്ക് 500 പൗണ്ടുവീതം ഒറ്റത്തവണയായി നൽകാനും ബജറ്റിൽ നിർദേശമുണ്ട്.

നാഷണൽ മിനിമം വേജ് ഏപ്രിൽ ഒന്നുമുതൽ 8.91 പൗണ്ടായി ഉയർത്തും. വാക്സീൻ വിതരണത്തിനും ഹൈസ്ട്രീറ്റിലെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിനും പ്രത്യേക ഫണ്ട് അനുവദിച്ചു. 1.65 ബില്യൺ പൗണ്ടാണ് വാക്സിനേഷനായി നീക്കിവച്ചിരിക്കുന്നത്. ജൂലൈ 31 മുൻപു രാജ്യത്തെ എല്ലാവർക്കും ഒരു ഡോസ് വാക്സീൻ നൽകാനാണ് ഈ തുക.

മ്യൂസിയം, തിയറ്ററുകൾ, ഗാലറികൾ, എന്നിവയുടെ തുടർ പ്രവർത്തനം ഉറപ്പാക്കാൻ 408 മില്യൺ പൗണ്ടിന്റെ ധനസഹായം നൽകും. പബ്ബുകൾ അടച്ചു പൂട്ടുന്ന അവസ്ഥ ഒഴിവാക്കാൻ 150 മില്യന്റെയും സമ്മർ സ്പോർട്സ് റിക്കവറി പാക്കേജായി 300 മില്യൺ പൗണ്ടും ബജറ്റിൽ വകയിരുത്തി.

ജനങ്ങളുടെ ജീവിത ചെലവ് ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മദ്യത്തിനുള്ള നികുതി വർധന വേണ്ടെന്ന് വച്ച് ബജറ്റിന് ജനകീയ മഖം നൽകാനും സുനക് ശ്രമം നടത്തി. കൂടാതെ ഏറെ ചർച്ച ചെയ്യപ്പെട്ട ഇന്ധന നികുതി വർധനയും ഇത്തവണ ഒഴിവാക്കി. നികുതി രഹിത വരുമാന പരിധി 12,570 പൗണ്ടാക്കി ഉയർത്തിയപ്പോൾ ഉയർന്ന ആദായ നികുതിയ്ക്കുള്ള ത്രഷ്ഹോൾഡ് 50,270 ആയി. 2026 വരെ ഈ നില തുടരാനാണ് സാധ്യത.

ബ്രിട്ടനെ ശാസ്ത്ര-സാങ്കേതിക രംഗത്തെ സൂപ്പർ പവറാക്കാൻ ലക്ഷ്യമിട്ട് ഹെൽപ് ടു ഗ്രോ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. ഡിജിറ്റൽ സ്കിൽ ബിസിനസ് മേഖലയിലും മാനേജ്മെന്റ് പരിശീലനത്തിലും സഹായം ഉറപ്പാക്കുന്ന പദ്ധതിയാണിത്. രാജ്യത്തെ ആദ്യ ഇൻഫ്രാസ്ട്രക്ചർ ബാങ്ക് 12 ബില്യൺ മുതൽമുടക്കിൽ ലീഡ്സിൽ സ്ഥാപിക്കുമെന്നും സുനക് പ്രഖ്യാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.