1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2022

സ്വന്തം ലേഖകൻ: യുകെയിൽ ഋഷി സുനക് സർക്കാർ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കനത്ത നടപടികളിലേക്കു കടക്കുന്നു. ഇൻകം ടാക്സും നാഷനൽ ഇൻഷുറൻസും വാറ്റും എല്ലാം വർധിപ്പിച്ച് 50 ബില്യൺ പൗണ്ടിന്റെ ധനക്കമ്മി മറികടക്കാനുള്ള ആലോചനയിലാണ് പുതിയ സർക്കാർ. സർക്കാരിന്റെ ഹണിമൂൺകാലം തീരും മുമ്പേതന്നെ ബ്രിട്ടീഷുകാരുടെ ജീവിതം കൂടുതൽ ദുസഹമാക്കുന്ന നടപടികളാണ് ആലോചനയിലുള്ളത്.

ധനികർക്ക് മാത്രം അധികനികുതി ചുമത്തിയും പൊതു ചെലവുകൾ കുറച്ചും മാത്രം ധനക്കമ്മി മറികടക്കാനാകില്ലെന്ന തിരിച്ചറിവാണ് എല്ലാവരിലേക്കും കൂടുതൽ നികുതിഭാരം അടിച്ചേൽപിക്കാനുള്ള തീരുമാനത്തിനു പിന്നിൽ. നിലവിലെ കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികൾ ആവശ്യമായി വരും എന്ന പ്രധാനമന്ത്രിയുടെ മുൻകൂർ ജാമ്യമെടുക്കൽതന്നെ ഇതിനു തെളിവാണ്. നികുതികൾ വർധിക്കുമെന്ന് ധനമന്ത്രാലയവും മുന്നറിയിപ്പ് നൽകുന്നുണ്ട്.

നവംബർ 17നാണ് പുതിയ ബജറ്റ് ചാൻസിലർ ജെറമി ഹണ്ട് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. അതിൽ പല സർക്കാർ വകുപ്പുകളിലെയും ചെലവുകൾക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ചെലവുകൾ ചുരുക്കുന്നതിനൊപ്പം വലിയ നികുതി വർധനയും സർക്കാർ ആലോചനയിലുണ്ട്. നികുതി നിർദേശങ്ങൾ രൂപപ്പെടുത്താനായി പ്രധാനമന്ത്രിയും ചാൻസിലറും തമ്മിൽ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി.

രാജ്യം വലിയ തോതില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. നികുതി കൂട്ടുന്നതിനൊപ്പം ചെലവുകള്‍ വെട്ടിക്കുറക്കണമെന്നുമാണ് ആവശ്യം. എങ്കിലും അതാവശ്യ മേഖലകളില്‍ കട്ടിങ് നടത്താതെ മറ്റു വഴികള്‍ തേടാനാണ് റിഷി സുനാകും ജെറമി ഹണ്ടും ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സോഷ്യല്‍ കെയറിലും എന്‍എച്ച്എസ് ബജറ്റിലും കട്ടുകള്‍ ഒഴിവാക്കും.

സോഷ്യല്‍ കെയര്‍ ചെലവുകളില്‍ ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള ഗവണ്‍മെന്റിന്റെ പദ്ധതികള്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ വൈകിപ്പിക്കാനാണു ശ്രമം . പൊതുഖജനാവിലേക്ക് കണ്ടെത്തേണ്ട 50 ബില്ല്യണ്‍ പൗണ്ടിനായി സോഷ്യല്‍ കെയറില്‍ തല്‍ക്കാലം കൈവെയ്‌ക്കേണ്ടെന്നാണ് നിലപാട്. പദ്ധതി ഒരു വര്‍ഷമെങ്കിലും നീട്ടിവെയ്ക്കാനുള്ള തീരുമാനം ചാന്‍സലര്‍ ജെറമി ഹണ്ടും, ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെയും തമ്മില്‍ തത്വത്തില്‍ അംഗീകരിച്ചു.

ഇതിന് പുറമെ എന്‍എച്ച്എസ് ബജറ്റിനെ വെട്ടിച്ചുരുക്കലുകളില്‍ നിന്നും സംരക്ഷിക്കുന്ന വിഷയത്തിലും ഇവര്‍ക്ക് യോജിപ്പാണ്. അതേസമയം റെക്കോര്‍ഡ് വെയ്റ്റിംഗ് ലിസ്റ്റ് പരിഹരിക്കാന്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ ആശുപത്രികളോട് ആവശ്യപ്പെടും. നിലവില്‍ കാത്തിരിപ്പ് പട്ടിക ഏഴ് മില്ല്യണ്‍ എത്തിയിട്ടുണ്ട്.

സേവിംഗ്‌സ് കണ്ടെത്താന്‍ ശ്രമിക്കുന്ന മന്ത്രിമാര്‍ സോഷ്യല്‍ കെയറിനെ തൊടാതെ തന്നെ കാര്യങ്ങള്‍ നടപ്പാക്കുമെന്ന് വൈറ്റ്ഹാള്‍ സ്രോതസുകള്‍ വെളിപ്പെടുത്തി. എല്ലാവര്‍ക്കും നികുതി വര്‍ദ്ധനവ് നേരിടേണ്ടി വരുമെന്ന് ട്രഷറി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പുതിയ തീരുമാനങ്ങള്‍.

എന്‍എച്ച്എസ് ഈ വിന്ററിലും വെല്ലുവിളികളാണ് കാത്തിരിക്കുന്നതെന്ന് സുനാക് ക്യാബിനറ്റിന് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ സിവില്‍ സര്‍വ്വീസില്‍ നിന്നും 91,000 തൊഴിലുകള്‍ വെട്ടിച്ചുരുക്കാനുള്ള ലക്ഷ്യം ഡൗണിംഗ് സ്ട്രീറ്റ് ഉപേക്ഷിച്ചു.
ബുദ്ധിമുട്ടേറിയ സമയത്തും സമൂഹത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനാണ് പ്രധാനമന്ത്രി സുനാകും, ചാന്‍സലര്‍ ഹണ്ടും ശ്രമിക്കുന്നത്. നവംബര്‍ 17ന് സുപ്രധാനമായ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ വൈറ്റ്ഹാള്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ബജറ്റ് വിഹിതം വെട്ടിച്ചുരുക്കി ഒരു ദശകം മുന്‍പുള്ള ചെലവുചുരുക്കല്‍ കാലത്തിലേക്ക് മടങ്ങി പോകേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.