
സ്വന്തം ലേഖകൻ: യുകെയില്‍ ഓഗസ്റ്റ് 26നും സെപ്റ്റംബര്‍ രണ്ടിനും 20,000ത്തോളം റെയില്‍ ജീവനക്കാര്‍ പണിമുടക്കുന്നു. റെയില്‍, മാരിടൈം, ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് യൂണിയനില്‍ (ആര്‍എംടി) പെട്ട ജീവനക്കാര്‍ ആണ് പുതിയ സമരവുമായി എത്തുന്നത്. ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ കടുത്ത യാത്രാ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടുമെന്ന ആശങ്കയും ശക്തമായി. 14 ട്രെയിന്‍ ഓപ്പറേറ്റിംഗ് കമ്പനികളില്‍ പെട്ട തങ്ങളുടെ അംഗങ്ങള്‍ സേവന-വേതന-തൊഴില്‍ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ സമരം ചെയ്യുമെന്നാണ് ആര്‍എംടി ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.
സേവന-വേതന-തൊഴില്‍ സുരക്ഷാ പ്രശ്‌നങ്ങളുമായി സര്‍ക്കാരുമായുള്ള തര്‍ക്കങ്ങള്‍ക്ക് ഒത്ത് തീര്‍പ്പ് വരാത്ത സാഹചര്യത്തില്‍ സമരത്തിനിറങ്ങുകയെന്ന തങ്ങളുടെ അംഗങ്ങളുടെ തീരുമാനം ഉറച്ചതാണെന്നാണ് ആര്‍എംടി ജനറല്‍ സെക്രട്ടറി മൈക്ക് ലിന്‍ച് വ്യക്തമാക്കിയിരിക്കുന്നത്. റെയില്‍ ഡെലിവറി ഗ്രൂപ്പില്‍ നിന്ന് പുതുക്കിയതോ അല്ലെങ്കില്‍ മെച്ചപ്പെടുത്തിയതോ ആയ വാഗ്ദാനങ്ങളൊന്നും ലഭിക്കാത്തതിനാല്‍ പുതിയ സമരങ്ങള്‍ക്കിറങ്ങുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്നും മൈക്ക് സ്ഥിരീകരിക്കുന്നു.
ദീര്‍ഘകാലമായി തങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റെയില്‍ ജീവനക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കാത്തതാണ് വീണ്ടും സമരവഴിയിലേക്കിറങ്ങാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാന്യമായ ഒത്ത് തീര്‍പ്പ് ലഭിക്കുന്നത് വരെ തങ്ങളുടെ മെമ്പര്‍മാരും യൂണിയനും അതിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
ക്രോസ് കണ്‍ട്രി സര്‍വീസസ് എല്‍എന്‍ഇആര്‍, അവന്റി വെസ്റ്റ് കോസ്റ്റ്, ട്രാന്‍സ് പെന്നിനെ എക്‌സ്പ്രസ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റെയില്‍വേ തുടങ്ങിയ നിരവധി പ്രധാനപ്പെട്ട ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ സര്‍വീസുകളെ ആര്‍എംടി മെമ്പര്‍മാരുടെ സമരം കടുത്ത രീതിയില്‍ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമെ അസ്ലെഫ് യൂണിയനില്‍ പെട്ട ട്രെയിന്‍ ഡ്രൈവര്‍മാര്‍ നടത്തി വരുന്ന സമരം സര്‍വീസുകളെ കടുത്ത രീതിയില്‍ ബാധിക്കുന്നുമുണ്ട്. ഓവര്‍ ടൈം ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ഡ്രൈവര്‍മാര്‍ സമരം നടത്തുന്നത്.
സമരം പരിഹരിക്കാനായി തങ്ങള്‍ പുതിയ മൂന്ന് ഓഫറുകള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് റെയില്‍ ഡെലിവറി ഗ്രൂപ്പ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഇത് പ്രകാരം ജീവനക്കാര്‍ക്ക് 13 ശതമാനം വരെ ശമ്പള വര്‍ധനവും തൊഴില്‍ സുരക്ഷാ ഉറപ്പുകള്‍, തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും വക്താവ് വെളിപ്പെടുത്തുന്നു. എന്നാല്‍ വെറും വാഗ്ദാനത്തില്‍ കാര്യമില്ലെന്നും തങ്ങള്‍ക്ക് ഇത് വിശ്വസനീയമാകുന്ന വിധത്തില്‍ വിശദീകരണം നല്‍കണമെന്നുമാണ് ആര്‍എംടി എക്‌സിക്യൂട്ടീവ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. അവധിക്കാല യാത്രകളെ സമരം പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല