
സ്വന്തം ലേഖകൻ: യുകെയിൽ റോഡ്മാപ്പ് അടുത്ത ഘട്ടം അടുത്ത ആഴ്ച പ്രഖ്യാപിക്കാൻ ബോറിസ് ജോൺസൺ. റോഡ്മാപ്പിൽ നിന്ന് വ്യതിചലിക്കേണ്ടി വരുമെന്ന് കരുതുന്ന ഒന്നും ഇപ്പോൾ തനിക്ക് കാണാൻ കഴിയിയുന്നില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്ത് ഇന്ത്യൻ വേരിയൻ്റ് വ്യാപനം രൂക്ഷമായേക്കാം എന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് ജോൺസൻ്റെ പ്രഖ്യാപനം.
അതേസമയം ഇംഗ്ലണ്ടിലെ പ്രതിദിന കോവിഡ് രോഗികളുടെ കണക്കിൽ നേരിയ വർദ്ധനവിന്റെ ആദ്യ ലക്ഷണങ്ങളെന്ന് വിലയിരുത്തൽ. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) പറയുന്നതനുസരിച്ച് ഇംഗ്ലണ്ടിലെ സ്വകാര്യ വീടുകളിൽ 1,110 പേരിൽ ഒരാൾക്ക് മെയ് 15 വരെയുള്ള ആഴ്ചയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച ഇത് 1,340 ൽ ഒരാൾക്ക് എന്ന നിരക്കിലായിരുന്നു.
മെയ് 24 തിങ്കളാഴ്ച മുതൽ ബ്രിട്ടനിൽ നിന്നുള്ള സന്ദർശകരെ സ്‌പെയിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. എന്നാൽ ആമ്പർ ലിസ്റ്റ് രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്ന നിലപാടിലാണ് ബ്രിട്ടീഷ് സർക്കാർ. ആ രാജ്യങ്ങളിലേക്കുള്ള യാത്രകൾ രോഗിയായ ഒരു ബന്ധുവിനെ സന്ദർശിക്കാനോ ശവസംസ്കാരം പോലുള്ള സാഹചര്യങ്ങളിൽ മാത്രമായിരിക്കണമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
സ്പെയിനിൽ നിന്ന് ബ്രിട്ടനിലേക്ക് മടങ്ങുന്ന യാത്രക്കാർ സർക്കാരിൻ്റെ ട്രാഫിക് ലൈറ്റ് ആംബർ ലിസ്റ്റിലുള്ള രാജ്യക്കാർക്കുള്ള ക്വാറൻ്റീൻ ചട്ടങ്ങൾ പാലിക്കണം. യുകെയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കിടയിൽ ഏറ്റവും പ്രിയമിള്ള അവധിക്കാല ലക്ഷ്യസ്ഥാനങ്ങളായ സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ് എന്നിവ ആംബർ പട്ടികയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല