1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2021

സ്വന്തം ലേഖകൻ: ജൂൺ 21 മുതൽ ജനജീവിതം സാധാരണ നിലയിലാക്കാൻ യുകെ റോഡ് മാപ്പിൽ ഉറച്ച് മുന്നോട്ട്. നേരത്തെ ആസൂത്രണം ചെയ്തത് പോലെ സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കി ഫെയ്‌സ് മാസ്കുകൾ നിർബന്ധമാക്കാനും വർക്ക് അറ്റ് ഹോം പിന്തുടരുന്നവർക്ക് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കാനുമാണ് സർക്കാരിൻ്റെ നീക്കം.

കഴിഞ്ഞ വർഷം മാർച്ച് മുതൽ തുടർച്ചയായ ലോക്ക്ഡൗണുകൾ കാരണം തകർച്ചയുടെ വക്കിലായി ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ വീണ്ടും മുന്നോട്ട് നീക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾക്ക് രൂപം നൽകുന്ന തിരിക്കിലാണ് മന്ത്രിമാർ. ‘ഒരു മീറ്റർ പ്ലസ്’ റൂളിന്റെയും ‘റൂൾ ഓഫ് സിക്സിന്റെയും’ ഗണത്തിൽപ്പെടുന്ന നിരവധി ഇളവുകൾ വിവിധ മേഖലകൾക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്.

ഉത്സവങ്ങൾ, സംഗീതകച്ചേരികൾ, കായിക മത്സരങ്ങൾ എന്നിവ മുന്നോട്ട് കൊണ്ടുപോകാൻ ബഹുജന സമ്മേളനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. എന്നാൽ പുതിയ വകഭേദം റോഡ് മാപ്പിനെ അപകടത്തിലാക്കുമെന്ന് മന്ത്രിമാർ ആശങ്കപ്പെടുന്നുണ്ട്.
ഏപ്രിലിനു ശേഷം ആദ്യമായി ബ്രിട്ടൻ 4,000 ലധികം കേസുകൾ രേഖപ്പെടുത്തിയ ദിവസമായിരുന്നു വെള്ളിയാഴ്ച.

കൂടാതെ രോഗബാധിതരായ ഓരോ വ്യക്തിയിൽ നിന്നും വൈറസ് പകരുന്ന ശരാശരി ആളുകളുടെ എണ്ണം കണക്കാക്കുന്ന ആർ നമ്പർ ജനുവരിക്ക് ശേഷം 1 ന് മുകളിൽ എത്തിയതും ഇളവുകൾ പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കുമെന്ന സൂചനകൾ നൽകുന്നുണ്ട്. തൊഴിലാളികൾക്കായുള്ള ഫർലോ സ്കീം സെപ്റ്റംബർ വരെ തുടരുന്നതും ജൂൺ 21 സാധ്യമാകുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്.

ഡൊമിനിക് കമ്മിംഗ്സ് എം‌പിമാരുമായുള്ള ഏഴ് മണിക്കൂർ തെളിവെടുപ്പ് വേളയിൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് വെട്ടിലായ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച് വിദഗ്ദ്ധ ഉപദേശം തേടുമെന്നാണ് സൂചന. റോഡ്‌മാപ്പിന്റെ അവസാന ഘട്ടത്തിൻ്റെ ഭാഗമായി രാജ്യത്തെ സാധാരണ നിലയിലേയ്‌ക്ക് കൊണ്ടുവരുന്നത് രണ്ടു മാസമെങ്കിലും വൈകിപ്പിക്കാനാണ് വിദഗ്ദരുടെ നിർദേശം.

ഇത് ദശലക്ഷക്കണക്കിന് മുതിർന്നവർക്ക് പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകാൻ എൻ‌എച്ച്എസിന് കൂടുതൽ സമയം നൽകുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഇരട്ട ഡോസ് വാക്സിനേഷൻ ലഭിക്കുന്നതുവരെ ഇളവുകൾ നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ന്യൂ ആന്റ് എമർജിംഗ് റെസ്പിറേറ്ററി വൈറസ് ത്രെറ്റ്സ് അഡ്വൈസറി ഗ്രൂപ്പ് (നെർ‌ടാഗ്) അംഗം പ്രൊഫസർ ആൻഡ്രൂ ഹേവാർഡ് പറഞ്ഞു.

അതിനിടെ യുകെയിൽ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റഡോസ് കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതിയായി. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) യാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റഡോസ് വാക്‌സിന്‍ യു.കെയുടെ വാക്‌സിനേഷന്‍ പരിപാടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അവകാശപ്പെട്ടു.

വിജയകരമായി നടപ്പാക്കിയ വാക്‌സിനേഷന്‍ ദൗത്യം 13,000ത്തിലധികം ജീവനുകള്‍ രക്ഷിച്ചുകഴിഞ്ഞു. കൊറോണ വൈറസില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സുരക്ഷിതവും ഫലപ്രദവുമായ നാല് വാക്‌സിനുകളാണ് നിലവില്‍ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന മാസങ്ങളില്‍ ഒറ്റഡോസ് വാക്‌സിന്‍ ബ്രിട്ടന്റെ കോവിഡ് പോരാട്ടത്തില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയില്‍ കണ്ടെത്തിയ വകഭേത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെ ബ്രിട്ടനിലെ നിരവധി യുവാക്കളാണ് വാക്‌സിനേഷനു വേണ്ടി മുന്നിട്ടിറങ്ങുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 20 കോടി ഡോസുകള്‍ക്ക് ബ്രിട്ടന്‍ ഓഡര്‍ നല്‍കിയതായാണ് റിപ്പോർട്ടുകൾ.

യുഎസിലെ സംഭവങ്ങളുടെ വെളിച്ചത്തില്‍ അസാധാരണമായ രക്തം കട്ടപിടിക്കല്‍ സംബന്ധിച്ച മുന്നറിയിപ്പ് വാക്‌സിനൊപ്പം നല്‍കണമെന്ന് യൂറോപ്യന്‍ യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി കഴിഞ്ഞ ഏപ്രിലില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 6.2 കോടി വാക്‌സിന്‍ കുത്തിവെപ്പുകള്‍ ബ്രിട്ടന്‍ ഇതിനകം നടത്തിയിട്ടുണ്ട്. ഫൈസര്‍, ആസ്ട്രസെനക എന്നിവയാണ് പ്രധാനമായും കുത്തിവച്ചത്. മോഡേണ വാക്‌സിനും ബ്രിട്ടന്‍ അനുമതി നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.