1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2021

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ നാലാംഘട്ട ഇളവുകളുടെ ഭാഗമായി മാസ്ക് ധരിക്കണമെന്ന നിബന്ധന പിൻവലിച്ചേക്കുമെന്ന് സൂചന. ജൂൺ 21 ന് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഇംഗ്ലണ്ടിന്റെ റോഡ് മാപ്പിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി ഇത്തരമൊരു ഇളവിന് സാധ്യതയുള്ളതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് സ്കൈ ന്യൂസിനോട് പറഞ്ഞു. ഷോപ്പുകളിലും പൊതുഗതാഗതത്തിലും ഉൾപ്പെടെ നിരവധി സന്ദർഭങ്ങളിൽ മാസ്ക് ധരിക്കുന്നത് കഴിഞ്ഞ വേനൽക്കാലം മുതൽ നിർബന്ധമാണ്.

ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം യുകെയിൽ 20 കോവിഡ് മരണങ്ങളും 2,474 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2,357 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തിങ്കളാഴ്ച നാല് മരണങ്ങളാണ് രേഖപ്പെടുത്തിയത്. 1,946 കൊറോണ വൈറസ് കേസുകളും നാല് മരണങ്ങളും രജിസ്റ്റർ ചെയ്ത കഴിഞ്ഞ ചൊവ്വാഴ്ചത്തേതിനേക്കാൾ അൽപ്പം കൂടുതലാണ് പുതിയ കണക്കുകൾ.

അതേസമയം, ആദ്യ ഡോസ് കോവിഡ് വാക്സിൻ ലഭിച്ചവരുടെ എണ്ണം 35,587,348 ആയി ഉയർന്നു. തിങ്കളാഴ്ച ഇത് 35,472,295 ആയിരുന്നു. 18,088,385 പേർക്ക് നിലവിൽ രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇത് 17,856,550 ആയിരുന്നു. വാക്സിൻ ലഭ്യത മെച്ചപ്പെടുന്നതോടെ രണ്ടാം ഡോസ് വിതരണം വ്യാപകമാക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

അതേസമയം, സ്‌കോട്ട്‌ലൻഡിലെ മിക്കയിടങ്ങളിലും മെയ് 17 മുതൽ നിക്കോള സ്റ്റർജിയൻ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. പുതുക്കിയ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്രിയപ്പെട്ടവർക്കിടയിൽ ആലിംഗനം വീണ്ടും അനുവദനീയമാണ്. രാജ്യത്തിന്റെ ഭൂരിഭാഗവും ലെവൽ 3 ൽ നിന്ന് ലെവൽ 2 ലേക്ക് മാറ്റുന്നതായും സ്റ്റർജിയൻ വ്യക്തമാക്കി. അതായത് മൂന്ന് വീടുകളിൽ നിന്നുള്ള ആറ് പേർക്ക് ഒരു സ്വകാര്യ വീട്ടിൽ വീടിനകത്ത് ഒത്തുകൂടാൻ 17 മുതൽ സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.