1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2021

സ്വന്തം ലേഖകൻ: യുകെയിൽ എല്ലാ കണ്ണുകളും ജൂൺ 21ലേക്ക്. രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റോഡ്മാപ്പിലെ ലോക്ക്ഡൗൺ പിൻ വലിക്കാനുള്ള ഡെഡ്ലൈൻ ചർച്ചയാകുന്നത്. ഇന്നലെ മാത്രം ആറായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മേയ് 17 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി അവസാനിപ്പിച്ചതിന് ശേഷമാണ് കേസുകളുടെ എണ്ണത്തിലും വര്ധനവുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നത് ജൂലൈ വരെ വൈകിയേക്കാമെന്നുള്ള സൂചനകളും പുറത്ത് വരുന്നു. ഇതിനായി സർക്കാർ ഒരു “പ്ലാൻ ബി” തയ്യാറാക്കുന്നതായി മിറർ റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസ് നിയന്ത്രണങ്ങൾ കുറഞ്ഞത് ജൂലൈ പകുതി വരെ നിലനിർത്താനാണ് ആലോചന. ഇതോടെ സ്റ്റേഡിയങ്ങളിൽ നടക്കുന്ന കായിക മത്സരങ്ങളിൽ കാണികളുടെ എണ്ണം പരിമിതപ്പെടുത്തും. വെംബ്ലിയിൽ സെമി ഫൈനലും ഫൈനലും ഉൾപ്പെടെ നിരവധി യൂറോ 2020 ഗെയിമുകൾക്ക് ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ഈ നിയന്ത്രണം. ഈ മൂന്ന് മത്സരങ്ങളും ജൂലൈയിൽ നടക്കുമെന്നാണ് നിലവിലെ തീരുമാനം.

റോഡ് മാപ്പ് പ്രകാരം സാമൂഹിക അകലം സംബന്ധിച്ച എല്ലാ നിയമപരമായ പരിധികളും ജൂൺ 21 മുതൽ റദ്ദാക്കും. എന്നാൽ കോവിഡിൻ്റെ ഡൽറ്റ വേരിയൻറ് കേസുകൾരാജ്യത്തുടനീളം ഉയരുന്നതിനാലാണ് നിയന്ത്രണങ്ങൾ വീണ്ടും പ്രാബല്യത്തിൽ വരുത്താൻ നീക്കം.

217 പ്രാദേശിക പ്രദേശങ്ങളിൽ വൈറസ് വ്യാപന നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഈ കുതിച്ചുചാട്ടം തടയാൻ യാത്രാ നിയന്ത്രണങ്ങളും സർക്കാർ കടുപ്പിക്കുകയാണ്. സർക്കാരിന്റെ ഗ്രീൻ ലിസ്റ്റിലുണ്ടായിരുന്ന പോർച്ചുഗൽ ആംബർ ലിസ്റ്റിൽ ഇടം പിടിച്ചതും നിരവധി രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ പുതുതായി എത്തിയതും ആശങ്കൾ വർദ്ധിപ്പിക്കുന്നുണ്ട്.

അതിനിടെ 12നും 15നും ഇടയിൽ പ്രായമുള്ളവരിൽ ഫൈസർ വാക്​സിൻ സുരക്ഷിതമാണെന്ന്​ ബ്രിട്ടനിലെ മെഡിസിൻ റെഗുലേറ്ററി ഏജൻസി​ അറിയിച്ചു. മെഡിസിൻസ് ആൻഡ്​ ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയാണ്​ (എം‌.എച്ച്‌.ആർ.‌എ) രണ്ട് ഡോസ്​ വാക്​സിനും എടുക്കാൻ അംഗീകാരം നൽകിയത്​.

സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി എന്നിവയുടെ മാനദണ്ഡങ്ങൾ വാക്​സിൻ പാലിക്കുന്നുണ്ടെന്ന്​ അധികൃതർ അറിയിച്ചു. നേരത്തെ യൂറോപ്യൻ യൂനിയനും അമേരിക്കയും വാക്​സിൻ ഈ ​പ്രായക്കാരിൽ സുരക്ഷിതമാണെന്ന്​ അറിയിച്ചിരുന്നു. ബ്രിട്ടനിലെ പ്രതിരോധ കുത്തിവെപ്പ്​ സംബന്ധിച്ച സർക്കാർ സമിതിയാണ്​ ഇനി ഇവർക്ക്​ വാക്​സിൻ നൽകണോ, എപ്പോൾ​ നൽകണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുക.

ഡിസംബറിൽ മാസ് ഇമ്യൂണൈസേഷൻ ഡ്രൈവ് ആരംഭിച്ച രാജ്യമാണ് യുകെ. മുതിർന്നവരിൽ പകുതിയിലധികം പേർക്കും ഇപ്പോൾ രണ്ട് ഡോസ് കുത്തിവെപ്പുകളും ലഭിച്ചിട്ടുണ്ട്​​. കൂടാതെ 75 ശതമാനം പേർക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും ലഭിച്ചു. പ്രധാനമായും ഫൈസർ അല്ലെങ്കിൽ അസ്ട്രസെനെക്കയാണ്​ എല്ലാവരും എടുത്തിട്ടുള്ളത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.