
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക് വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവശ്യ സർവീസുകളെയും മാത്രമാണ് ലോക്ഡൗണിൽനിന്നും ഒഴിവാക്കിയിരിക്കുന്നത്. അത്യാവശ്യമല്ലാത്ത ഷോപ്പുകളും ഹോസ്പിറ്റാലിറ്റി സർവീസുകളും പൂർണമായും നിലയ്ക്കും. ഒട്ടേറെ ഗതാഗത നിയന്ത്രണങ്ങളും ഉൾപ്പെടുന്നതാണ് രണ്ടാംഘട്ട ലോക്ഡൗൺ. ക്രിസ്മസിനു മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബർ രണ്ടുവരെ നീളുന്ന രണ്ടാമത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്കൂളുകൾ, കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയെ ഒഴിവാക്കിയുള്ള സ്റ്റേ അറ്റ് ഹോം ഓർഡർ ഇംഗ്ലണ്ടിൽ വ്യാഴാഴ്ച മുതൽ നിലവിൽ വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. സൂപ്പർ മാർക്കറ്റുകൾ പതിവുപോലെ തുറക്കും. ഹോട്ടലുകൾ പബ്ബുകൾ, റസ്റ്ററന്റുകൾ എന്നിവ അടയ്ക്കും. ടെയ്ക്ക് എവേ, ക്ലിക്ക് അൻഡ് കളക്ട് സർവീസ് മാത്രം തുടരും. വ്യത്യസ്ത വീടുകളിൽനിന്നുള്ള രണ്ടുപേർക്കേ ഒരുസമയം പുറത്ത് സമയം ചെലവഴിക്കാനാകൂ. ചൈൽഡ് കെയറുമായും രോഗീ പരിചരണവുമായും ബന്ധപ്പെട്ട് മാത്രമാകും മറ്റു വീടുകളിൽ ആളുകൾക്ക് സന്ദർശനാനുമതി.
ഫാക്ടറികളും കൺസ്ട്രക്ഷൻ മേഖലയും മുടക്കമില്ലാതെ പ്രവർത്തിക്കും. ജോലി നഷ്ടപ്പെടുന്നവർക്ക് ശമ്പളത്തിന്റെ 80 ശതമാനം നൽകുന്ന ഫർലോ സ്കീം ലോക്ഡൗൺ അവസാനിക്കുന്നതു വരെ തുടരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങൾ നേരത്തെതന്നെ ലോക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഏപ്രിൽ-മേയ് മാസങ്ങളിൽ ഉണ്ടായതിനേക്കാൾ മരണസംഖ്യ ഉയരുമെന്ന സയന്റിഫിക് അഡ്വൈസർമാരുടെയും മറ്റു വിദഗ്ധരുടെയും മുന്നറിയിപ്പാണ് രണ്ടാം ലോക്ഡൗണിന് സർക്കാരിനെ നിർബന്ധിതരാക്കിയത്. ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഡിസംബറോടെ പ്രതിദിനം നാലായിരം പേർ വീതം മരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ചില പഠനങ്ങൾ സർക്കാരിന് മുന്നറിയിപ്പ് നൽകുന്നു.
ദിവസേന അമ്പതിനായിരത്തോളം ആളുകൾ രോഗികളാകുകയും ശരാശരി മുന്നൂറിലേറെ ആളുകൾ മരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോൾ ബ്രിട്ടനിൽ നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 326 പേരാണ്. രോഗികളായത് 21,915 പേരും. ഇതുവരെ രാജ്യത്ത് ആകെ രോഗികളായവരുടെ എണ്ണം പത്തുലക്ഷം കഴിഞ്ഞു. സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം ആകെ മരിച്ചത് 46,555 പേരും.
കൊടും തണുപ്പും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്ന നവംബർ- ഡിസംബർ മാസത്തെ രണ്ടാംഘട്ട ലോക്ഡൗൺ ഒന്നാംഘട്ട ലോക്ഡൗണിനേക്കാൾ ദുഷ്കരമാകും. രോഗികളുടെ എണ്ണം അനുദിനം കുതിച്ചുയരുന്ന ബൽജിയം, ഫ്രാൻസ്. ജർമനി എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഇതിനോടകം തന്നെ രണ്ടാം ഘട്ട ലോക്ഡൗൺ നടപ്പിലാക്കിക്കഴിഞ്ഞു.
അതിനിടെ ബ്രിട്ടനിൽ ഒരു മലയാളി മരണം കൂടി. ബർമിങ്ങാമിലെ എർഡിങ്ടണിൽ താമസിക്കുന്ന കോട്ടയം പൂഞ്ഞാർ സ്വദേശി പടന്നമാക്കൽ അഡ്വ. ടോമി ലൂക്കോസിന്റെ ഭാര്യ ജെയ്സമ്മ ടോമിയാണ് ഇന്നലെ മരിച്ചത്. 56 വയസായിരുന്നു. ക്യാൻസർ ബാധിതയായി ചികിൽസയിൽ കഴിയവേ ജെയ്സമ്മയ്ക്ക് കൊവിഡും സ്ഥിരീകരിച്ചിരുന്നു.
പൂഞ്ഞാർ മുകളേൽ എം.ഡി. ഏബ്രഹാമിന്റെയും മേരി ഏബ്രഹാമിന്റെയും മകളാണ്. ഏകമകൻ അലൻ ഏബ്രഹാം. സംസ്കാരം പീന്നീട് നടത്തും. ഇന്നുച്ചകഴിഞ്ഞ് രണ്ടിന് എർഡിങ്ടൺ ആബി പള്ളിയിൽ പരേതയ്ക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനിൽ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ജെയ്സമ്മ.
കഴിഞ്ഞ ദിവസം എസെക്സിൽ മകനെ സന്ദർശിക്കാനായി എത്തിയ ഉഴവൂർ സ്വദേശി ലക്ഷ്മണൻ നായർ മരിച്ചതിനു പിന്നാലെ ഇന്നലെ ഗ്ലാസ്ഗോയിൽ ജെയിൻ ഫിലിപ്പ് എന്ന നഴ്സും മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് വീണ്ടും ബ്രിട്ടനിലെ മലയാളികളെയാകെ ദുഖത്തിലാഴ്ത്തി ജെയ്സമ്മയുടെയും വിയോഗം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല