1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2024

സ്വന്തം ലേഖകൻ: യുകെയില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി തന്റെ വിജയം സെക്യൂരിറ്റി ഗാര്‍ഡായ അച്ഛന് സമര്‍പ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് സാമൂഹികമാധ്യമത്തില്‍ വൈറലാകുന്നത്. ‘നന്ദി അച്ഛാ എന്നില്‍ വിശ്വസിച്ചതിന്’ എന്ന ക്യാപ്ഷനോടെ മുംബൈയില്‍ നിന്നുള്ള ധനശ്രീ ജി ആണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മനംനിറയ്ക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇതിനകം 20.5 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

അച്ഛനെ വികാരനിര്‍ഭരയായി കെട്ടിപ്പിടിക്കുന്ന ധനശ്രീയെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. അച്ഛന്‍ മകളെ യുകെയിലേക്ക് യാത്രയാക്കുന്നതും ബിരുദദാന ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളുമൊക്കെ വീഡിയോയില്‍ കാണാം. വീഡിയോയ്ക്കുള്ളില്‍ മനോഹരമായ കുറിപ്പും ധനശ്രീ പങ്കുവെച്ചിട്ടുണ്ട്.

‘നീ വെറുമൊരു സെക്യൂരിറ്റി ജീവനക്കാരനാണ്, നിനക്ക് മകളെ വിദേശത്ത് പഠിക്കാന്‍ അയക്കാനൊന്നും കഴിയില്ല എന്ന് എന്റെ അച്ഛനോട് പറഞ്ഞവരോടെല്ലാം ഞാന്‍ പറയുന്നു എന്റെ അച്ഛന്‍ എന്റെ ലൈഫ് ഗാര്‍ഡാണ്, അദ്ദേഹം അത് ചെയ്തിരിക്കുന്നു എന്ന വാക്കുകളോടെയാണ് പിന്നീട് വീഡിയോ പോകുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും സൗഹൃദവും ആ അച്ഛന്‍ മകള്‍ക്ക് എത്ര ധൈര്യമാണ്, എത്ര പ്രചോദനമാണ് എന്നതുമെല്ലാം വീഡിയോയില്‍ കാണാന്‍ കഴിയും.

വിദേശത്തേയ്ക്ക് പോകുവാനുള്ള തീരുമാനം താന്‍ പെട്ടെന്ന് എടുത്തതല്ലെന്നും 2 വര്‍ഷം കൊണ്ടാണ് അത് പ്ലാന്‍ ചെയ്തതെന്നും ധനശ്രീ പറയുന്നു. കുടുബത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ യുകെയില്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്ത് ചിലവുകള്‍ക്കുള്ള പണം കണ്ടെത്തുകയായിരുന്നു എന്നും ധനശ്രീ കൂട്ടിച്ചേര്‍ക്കുന്നു.

നടന്‍ ആയുഷ്മാന്‍ ഖുറാന ഉള്‍പ്പെടെ നിരവധി പേര്‍ ധനശ്രീയുടെ വീഡിയോയെ അഭിനന്ദിച്ച് കമന്റുകള്‍ ചെയ്തിട്ടുണ്ട്. തന്റെ ജീവിതാനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതിലൂടെ ലഭിച്ച ആശംസകള്‍ക്കും അനുമോദനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് മറ്റൊരു വീഡിയോയും അതേ ഇന്‍സ്റ്റഗ്രാം പേജില്‍ ധനശ്രീ പങ്കുവെച്ചിട്ടുണ്ട്.

പണമുള്ളവര്‍ക്ക് മാത്രമല്ല, കഠിനാദ്ധ്വാനവും ഇച്ഛശക്തിയും ഉള്ളവര്‍ക്കും അതിനു കഴിയുമെന്ന് ധനശ്രീ തെളിയിച്ചു. പ്ലീമൗത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഡാറ്റാ സയന്‍സ് ആന്റ് ബിസിനസ് അനലിറ്റിക്‌സിലാണ് ധനശ്രീ പഠനം പൂര്‍ത്തിയാക്കി നേട്ടം കൊയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.