1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2023

സ്വന്തം ലേഖകൻ: നിലവില്‍ അനുവദിച്ച 6% ശമ്പളവര്‍ദ്ധന അപമാനിക്കുന്നതാണെന്ന് പ്രഖ്യാപിച്ചു സീനിയര്‍ ഡോക്ടര്‍മാരുടെ 48 മണിക്കൂര്‍ സമരം വ്യാഴാഴ്ച തുടങ്ങാനായിരിക്കെ രോഗികള്‍ക്ക് സാരമായ തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ്. നേരത്തെ നിശ്ചയിച്ച ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകളാണ് ഇതിനോടകം മാറ്റിവെച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 7 മുതല്‍ എന്‍എച്ച്എസ് ആശുപത്രികളിലെ സീനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കണ്‍സള്‍ട്ടന്റുമാര്‍ രോഗികളെ കാണുന്നത് നിര്‍ത്തിവെയ്ക്കുന്നതിന് പുറമെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ജോലികള്‍ സൂപ്പര്‍വൈസ് ചെയ്യാനും ഉണ്ടാകില്ല. ‘ക്രിസ്മസ് ദിന കവര്‍’ എന്ന രീതിയില്‍ എമര്‍ജന്‍സി കെയറും, ചെറിയ തോതില്‍ പതിവ് ജോലികളിലും മാത്രമാണ് ഡോക്ടര്‍മാര്‍ ഏര്‍പ്പെടുക.

ഗവണ്‍മെന്റ് മുന്നോട്ടുവെച്ച 6% ഫൈനല്‍ ഓഫറുമായി ബന്ധപ്പെട്ടാണ് സീനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍. പേ റിവ്യൂ ബോഡിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമാണെങ്കിലും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതില്‍ നിന്നും ഏറെ താഴെയാണ് ഈ വര്‍ദ്ധന. ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ 5 ദിവസത്തെ സമരം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇതുമൂലം ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകള്‍ റദ്ദായെന്ന് ഇംഗ്ലണ്ടിന്റെ ഉന്നത ഡോക്ടര്‍ പ്രൊഫ. സ്റ്റീഫന്‍ പോവിസ് പറഞ്ഞു.

ഇതിന് പിന്നാലെ കണ്‍സള്‍ട്ടന്റുമാര്‍ പണിമുടക്കുമ്പോള്‍ ആഘാതം ഇരട്ടിയാകുമെന്നാണ് ആശങ്ക. ഒന്നിന് പിന്നാലെ ഒന്നായി ജീവനക്കാര്‍ സമരത്തിന് ഇറങ്ങുന്നതിനാല്‍ എന്‍എച്ച്എസിന് തിരിച്ചുവരാന്‍ പോലുമുള്ള അവസരം ലഭിക്കുന്നില്ലെന്ന് സ്റ്റീഫന്‍ വ്യക്തമാക്കി.

48 മണിക്കൂര്‍ നേരത്തേക്ക് പതിവ് ചികിത്സകള്‍ സ്തംഭിക്കും. എമര്‍ജന്‍സി, അര്‍ജന്റ് കെയര്‍ ലഭ്യമാക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും, ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ എട്ട് മാസത്തെ സമരങ്ങള്‍ മൂലം 6 ലക്ഷം അപ്പോയിന്റ്‌മെന്റുകളെ ബാധിച്ചുകഴിഞ്ഞു. ഇത് കാത്തിരിപ്പ് പട്ടിക ഹിമാലയന്‍ ഉയരത്തിലെത്തിച്ചിരിക്കുകയാണ്.
എന്‍എച്ച്എസിലെ 80 ശതമാനം കണ്‍സള്‍ട്ടന്റുമാരും 102,000 പൗണ്ടിലേറെ വാര്‍ഷിക വരുമാനമുള്ളവരാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 50 ശതമാനം പേര്‍ക്ക് 126,000 പൗണ്ടിലേറെ വരുമാനമുണ്ട്. ഏറ്റവും ഉന്നതരായ 10% ഡോക്ടര്‍മാര്‍ക്ക് 176,000 പൗണ്ട് വേതനം കരസ്ഥമാക്കുന്നു. മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന വരുമാനം കൂടി ഇതുമായി തട്ടിച്ച് നോക്കണമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ ആവശ്യപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.