1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2022

സ്വന്തം ലേഖകൻ: ബോറിസ് ജോൺസന്റെ മന്ത്രിസഭയിലെ മന്ത്രിമാർ ഉൾപ്പെടെ അമ്പതിലധികം പേർക്കെതിരെ ലൈംഗികാരോപണം. മൂന്ന് മന്ത്രിമാർ ഉൾപ്പെടെ 56 എംപിമാർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നതെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇൻഡിപെൻഡന്റ് കംപ്ലയിന്റ്സ് ആൻഡ് ഗ്രീവൻസ് സ്കീമിന് (ഐസിജിഎസ്) കീഴിലാണ് എംപിമാരുടെ പേരുകൾ ഉൾപ്പെട്ടത്.

ലൈംഗിക ആരോപണം നേരിടുന്ന എം‌പിമാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഐ‌സി‌ജി‌എസിൽ നൽകിയ പരാതികളിൽ ക്രിമിനൽ കുറ്റവുമായി കണക്കാക്കാൻ കഴിയുന്ന സംഭവങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 2008ൽ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ടോറി എംപി ഇമ്രാൻ അഹമ്മദ് ഖാൻ രാജി സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എംപിമാർക്കെതിരെയുള്ള ലൈംഗികാരോപണങ്ങൾ പുറത്തുവന്നത്.

ലൈംഗിക ചൂഷണം നടത്തിയതിന് പല എംപിമാരും വനിതാ അംഗങ്ങൾക്ക് കൈക്കൂലി നൽകിയതായും ആരോപണമുണ്ട്. ടോറി എംപിയായ ഡേവിഡ് വാർബർട്ടൺ ഈ മാസമാദ്യം ലൈംഗിക പീഡനം, കൊക്കെയ്ൻ ഉപയോഗം എന്നിവ സംബന്ധിച്ച ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ ഐസിജിഎസ് വിലയിരുത്തുമെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. അതേസമയം, ആരോപണങ്ങളിൽ നിന്ന് വാർബർട്ടൺ പിന്മാറിയതായും റിപ്പോർട്ടുണ്ട്.

അവിശ്വസനീയമായ ആരോപണങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത ഒരു ഗവൺമെന്റ് വക്താവ് സൺഡേ ടൈംസിനോട് പറഞ്ഞു. എംപിമാർക്കും മന്ത്രിമാർക്കുമെതിരെ ലൈംഗിക ഉദ്ദേശത്തോടെയുള്ള പെരുമാറ്റം മുതൽ ഗുരുതരമായ തെറ്റുകൾവരെ ഉൾപ്പെടുന്നുണ്ട്. എംപിമാർക്കും മന്ത്രിമാർക്കുമെതിരെയുള്ള പരാതികൾ കേൾക്കുന്നതിനായി 2018ലാണ് ക്രോസ് – പാർട്ടി പിന്തുണയോടെ സ്വതന്ത്ര ഏജൻസിയായി ഐസിജിഎസ് രൂപീകരിച്ചത്.

ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിനുള്ളിലിരുന്ന് ഒരു എംപി അശ്ലീല വീഡിയോ കണ്ടുവെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. യുകെ പാർലമെന്റിലെ കൺസർവേറ്റീവ് പാർലമെന്റ് അംഗം ബുധനാഴ്ച സഭയിലിരുന്ന് സ്വന്തം മൊബൈൽ ഫോണിൽ പോൺ വീഡിയോ കണ്ടുവെന്നാണ് ആരോപണം. എംപി തൻ്റെ സമീപത്ത് ഇരുന്നാണ് വീഡിയോ കണ്ടതെന്ന് ഒരു വനിതാ എംപി ആരോപിച്ചിരുന്നു. എംപിയുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.