
സ്വന്തം ലേഖകൻ: സോഷ്യല്‍ കെയറര്‍മാരുടെ ഒഴിവുകള്‍ വര്‍ദ്ധിക്കുന്നത് മേഖലയെ തന്നെ പ്രതികൂലമായി ബാധിക്കും എന്ന ഘട്ടം വന്നപ്പോഴായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍, സോഷ്യല്‍ കെയറര്‍മാരെ കൂടി ഷോര്‍ട്ടേജ് ഒക്കുപെഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വീസ ചട്ടങ്ങള്‍ ലഘൂകരിച്ചത്. ഇതുവഴി ധാരാളം സോഷ്യല്‍ കെയര്‍മാര്‍ക്ക് ഇന്ത്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലെത്തി ജോലി ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍, ഇത് ചൂഷണവും പീഢനങ്ങളും വര്‍ദ്ധിക്കുന്നതിനും കാരണമായി എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം, ചുരുങ്ങിയത് 800 കെയറര്‍മാരെങ്കിലും ചൂഷണത്തിന് ഇരകളായതായി ഇനിയും പ്രസിദ്ധീകരിക്കാത്ത ഒരു റിപ്പോര്‍ട്ടില്‍ പറയുന്നതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ പലരും കെയര്‍ ഹോമുകളിലോ അല്ലെങ്കില്‍ വ്യത്യസ്ത വ്യക്തികളുടെ വീടുകളിലോ താമസിച്ച് ജോലി ചെയ്യുന്നവരാണ്. സര്‍ക്കാരിന്റെ പുതുക്കിയ വീസ ചട്ടം നിലവില്‍ വരുന്നതിന് മുന്‍പത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ചൂഷണം വര്‍ദ്ധിച്ചത് പത്ത് മടങ്ങായിട്ടാണ് എന്ന് കാണാം.
ചില കെയറര്‍മാര്‍ ഉറങ്ങുന്നത് വൃത്തിഹീനമായ തണുത്ത മുറികളിലാണ്. മാത്രമല്ല, വേതനത്തിന്റെ ഒരു ഭാഗം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. മറ്റു ചിലര്‍ പറയുന്നത് വീസ ലഭിക്കുവാനായി ഏജന്റുമാര്‍ക്ക് അമിത തുക നല്‍കേണ്ടി വന്നു എന്നാണ്. പലയിടങ്ങളിലും ഇവര്‍ക്ക് നേരെ പീഡനങ്ങളും, അപമാനിക്കലും വര്‍ദ്ധിച്ചു വരികയാണെന്ന് കെയറര്‍ വര്‍ക്കര്‍മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു ജീവ കാരുണ്യ സംഘടന പറയുന്നു. സ്വകാര്യ കെയര്‍ ഹോമുകളിലെ വിദേശ തൊഴിലാളികളുടെ ജീവിതനിലവാരം തിട്ടപ്പെടുത്തുവാന്‍ എന്‍ എച്ച് എസ് കര്‍ശന പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
അഡള്‍ട്ട് സോഷ്യല്‍ കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രത്യേകിച്ചും വിദേശ കെയറര്‍മാര്‍ അനുഭവിക്കുന്ന ചൂഷണങ്ങളിലും ആധുനിക അടിമത്തത്തിന്റെ ഭാഗമായ പീഢനങ്ങളിലും ആശങ്കയുണ്ടെന്ന് സര്‍ക്കാര്‍ നിയമിച്ച സ്വതന്ത്ര അടിമത്ത് വിരുദ്ധ കമ്മീഷണ എലെനോര്‍ ല്യോന്‍സ് പറയുന്നു. ഇത്തരം കേസുകള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 11,000 പൗണ്ട് വരെ ഏജന്റുമാര്‍ക്ക് നല്‍കിയാണ് പലരും ഇവിടെ എത്തുന്നത്. എത്തിയാല്‍ ചിലപ്പോള്‍ ജോലി ലഭിച്ചില്ലെന്നിരിക്കും. അതല്ലെങ്കില്‍ പറഞ്ഞുറപ്പിച്ചതിലും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടതായി വരും.
ആധുനിക അടിമത്തം ഇപ്പോള്‍ ബ്രിട്ടീഷ് സോഷ്യല്‍ കെയര്‍ മേഖലയുടെ മുഖമുദ്രയായി മാറിയിരിക്കുകയാണെന്ന് സി ക്യൂ സി കഴിഞ്ഞമാസം എം പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉയര്‍ന്ന വേതനം ലഭിക്കുന്ന തൊഴിലുകള്‍ക്ക് മാത്രം നല്‍കിയിരുന്ന താത്ക്കാലിക വീസ കെയറര്‍മാര്‍ക്കും നല്‍കുന്ന നിയമം നടപ്പിലാക്കിയതോടെയാണ് ഈ മേഖലയിലെ ചൂഷണങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല