
സ്വന്തം ലേഖകൻ: സ്റ്റുഡന്റ് വിസയ്ക്ക് ഒപ്പം നല്‍കുന്ന ആശ്രിത വിസയില്‍ ബ്രിട്ടനിലെത്തുന്നവരുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ചിരട്ടി ആയതായി കണക്കുകള്‍ കാണിക്കുന്നു. 2019-ല്‍ 13,664 പേരാണ്‍’ വിദേശ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആശ്രിത വിസയില്‍ എത്തിയതെങ്കില്‍ 2022 ജൂണില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ എത്തിയത് 81,089 പേരാണ്. യൂണിവേഴ്സിറ്റികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വര്‍ദ്ധനവും ഉണ്ടായിരിക്കുന്നത്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസാ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ കൂടെ ആശ്രിതരെ കൊണ്ടു വരുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. 2019-ല്‍ സ്റ്റുഡന്റ് വീസ – ആശ്രിത വീസ അനുപാതം ഒന്നിന്‍’ 26 എന്നായിരുന്നത് 2022 ജൂണില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ ഒന്നിന്! അഞ്ച് എന്ന നിലയിലെത്തിയിരിക്കുകയാണ്.
ഈ കണക്കുകള്‍ പുതിയ ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ ഗൗരവത്തോടെ പരിഗണിക്കുകയാണെന്നാണ് ദി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്‍നിര്‍ത്തി കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി ഇക്കാര്യവും ഹോം ഡിപ്പാര്‍ട്ട്മെന്റ് ഗൗരവകരമായി കാണുന്നു എന്നാണ് പുറത്തു വരുന്ന സൂചനകള്‍. സാമ്പത്തിക വളര്‍ച്ചക്ക് സഹായകരമാകുന്ന രീതിയില്‍, പ്രത്യേക നൈപുണികള്‍ ഉള്ളവരുടെ കുടിയേറ്റത്തിന് പ്രോത്സാഹനം നല്‍കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അത് നടപ്പിലായാല്‍, പ്രത്യേക നൈപുണികള്‍ ഇല്ലാതെ, ആശ്രിതരായി ബ്രിട്ടനില്‍ എത്തുന്നവരുടെ എണ്ണം കുറയ്ക്കുവാനുള്ള നടപടികള്‍ കൈക്കൊണ്ടേക്കാം. നിലവിലെ കണക്കനുസരിച്ച് നൈജീരിയയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമാണ് ഏറ്റവുമധികം വിദ്യാര്‍ത്ഥികല്‍ ആശ്രിതരെ കൊണ്ടു വരുന്നത്. 34000 ഓളം വരുന്ന നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം 31,898 ആശ്രിതര്‍ എത്തിയെങ്കില്‍, 93,100 ഓളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വന്നിരിക്കുന്നത് 24,916 ആശ്രിതരാണ്.
നിലവിലെ നെറ്റ് മൈഗ്രേഷന്‍ പ്രതിവര്‍ഷം 2,30,000 എന്നതാണെന്ന് ഹോം ഓഫീസിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, ഈ വര്‍ഷം യു കെയില്‍ ജീവിക്കുവാനും, പഠിക്കുവാനും, ജോലി ചെയ്യുവാനുമായി എത്തുന്നവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതില്‍60 ശതമാനവും വിദ്യാര്‍ത്ഥികളാണ് 2019-ല്‍ 2,56,700 വിദേശ വിദ്യാര്‍ത്ഥികളാണ് യു കെയില്‍ എത്തിയതെങ്കില്‍, ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് ഇത് 4,11,000 ആണ്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്തുന്ന ആശ്രിതരുടെ എണ്ണത്തില്‍ 170 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പഠനത്തിനായി എത്തുന്നവരും അവര്‍ക്കൊപ്പം ആശ്രിതരായി എത്തുന്നവരും യു കെയില്‍ സ്ഥിര താമസത്തിന് അതൊരു മാര്‍ഗ്ഗമായി കാണുന്ന പതിവ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ടെന്ന് മൈഗ്രേഷന്‍ വാച്ച് യു കെയുടെ ചെയര്‍മാന്‍ ആല്‍പ് മെഹ്മെറ്റ് പറയുന്നു. നിയന്ത്രണാധീതമായ, പരിമിതപ്പെടുത്താന്‍ പറ്റാത്ത മറ്റൊരു തരം കുടിയേറ്റമാണിതെന്നും ആല്‍പ് പറയുന്നു. അതില്‍ കുറഞ്ഞ നൈപുണികള്‍ ഉള്ളവരെയും, കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവരെയും സംരക്ഷിക്കേണ്ട അധിക ബാദ്ധ്യത കൂടി രാജ്യത്തിനു മേല്‍ വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈ പശ്ചാത്തലത്തില്‍ വീസ നിയമങ്ങള്‍ ആകെപ്പാടെ പുനര്‍വിശകലനത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഉപയോഗപ്രദമാകുന്ന തരത്തിലുള്ള കുടിയേറ്റം മാത്രം പ്രോത്സാഹിപ്പിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രത്യേക നൈപുണികള്‍ ഉള്ളവരെയും, നിലവില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്ന മേഖലകളില്‍ പ്രവര്‍ത്തി പരിചയം ഉള്ളവരെയും കൂടുതലായി ബ്രിട്ടനിലേക്ക് ആകര്‍ഷിക്കാനുള്ള നയം ഉടന്‍ രൂപീകൃതമാകുമെന്ന് ചില സൂചനകള്‍ പുറത്തു വരുന്നുണ്ട്.
കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, കുടിയേറ്റത്തിന്റെ സ്വഭാവത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തും. ചില മേഖലകളീല്‍ കുടിയേറ്റം വര്‍ദ്ധിക്കുമ്പോള്‍ മറ്റു ചില മേഖലകളില്‍ അത് കുറയുമെന്നും അവര്‍ അറിയിച്ചു. സ്റ്റുഡന്റ് വിസയ്ക്കൊപ്പം, വര്‍ക്ക് വിസയില്‍ എത്തുന്നവരുടെ കൂടെയെത്തുന്ന ആശ്രിതരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല