1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2023

സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും നിയന്ത്രണം കൊണ്ടുവരണമെന്ന മുറവിളി ശക്തമായിരിക്കുകയാണ്. യുകെയിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പല മന്ത്രിമാരും എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. നെറ്റ് മൈഗ്രേഷന്‍ കുതിച്ചുയരുന്നത് പ്രധാനമന്ത്രി റിഷി സുനാകിന് കടുത്ത സമ്മര്‍ദം സൃഷ്ടിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ വാദം ശക്തിപ്പെടുത്തിയിരിക്കുകയാണ്.

എന്നാല്‍ വിദേശ വിദ്യാര്‍ത്ഥി വീസകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ബ്രിട്ടന് തന്നെ തിരിച്ചടി സമ്മാനിക്കുമെന്നാണ് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നത്. ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (എച്ച്ഇപിഐ), യൂണിവേഴ്‌സിറ്റീസ് യുകെ ഇന്റര്‍നാഷണല്‍ (യുയുകെഐ), കാപ്ലാന്‍ ഇന്റര്‍നാഷണല്‍ പാത്ത്‌വേസ് എന്നിവര്‍ കമ്മീഷന്‍ ചെയ്ത പഠനമാണ് വിദേശ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് അനിവാര്യമാണെന്ന് വ്യക്തമാക്കിയത്.

ഇമിഗ്രേഷന്‍ നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ വിദേശ വിദ്യാര്‍ത്ഥി വീസകളില്‍ യുകെ ഗവണ്‍മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന ആശങ്ക ശക്തമാകുമ്പോഴാണ് യുകെ ഹയര്‍ എജ്യുക്കേഷന്‍ സ്ഥാപനങ്ങള്‍ പഠനം പുറത്തുവിട്ടത്. ‘വിദേശ വിദ്യാര്‍ത്ഥികള്‍ എടുത്ത് കൊണ്ടുപോകുന്നതിന്റെ 10 ഇരട്ടി യുകെയ്ക്ക് നല്‍കുന്നുണ്ട്. പ്രാദേശിക, ദേശീയ സാമ്പത്തിക ഉന്നമനത്തിന് ഇത് ഉത്തേജനം നല്‍കുന്നു’, ലണ്ടന്‍ ഇക്കണോമിക്‌സ് പാര്‍ട്ണര്‍ ഡോ. ഗാവാന്‍ കോണ്‍ലോണ്‍ വ്യക്തമാക്കി.

യുകെയുടെ സുപ്രധാന കയറ്റുമതി വിഭാഗമാണ് യുകെ യൂണിവേഴ്‌സിറ്റികള്‍. ഇവര്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത് അഭിനന്ദനീയമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇമിഗ്രേഷന്‍ രാഷ്ട്രീയ വിഷയമായി മാറിയതോടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഡിപ്പന്‍ഡന്റുകള്‍ക്കും, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ അവകാശങ്ങള്‍ക്കും കുറവ് വരുത്താനാണ് ഹോം സെക്രട്ടറിയുടെ ശ്രമം.

വിദേശ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി എത്തുന്നതിന്റെ വകയില്‍ ബ്രിട്ടീഷ് ഖജനാവിലേക്ക് എത്തുന്ന തുക 31.3 ബില്ല്യണ്‍ പൗണ്ടില്‍ നിന്നും 2021-22-ല്‍ 41.9 ബില്ല്യണ്‍ പൗണ്ടിലേക്ക് ഉയര്‍ന്നതായി പഠനം സ്ഥിരീകരിക്കുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതിന്റെ ഗുണങ്ങള്‍ മറ്റ് ചെലവുകളെ മറികടന്ന് യുകെ സമ്പദ് വ്യവസ്ഥയ്ക്ക് 37.4 ബില്ല്യണ്‍ പൗണ്ടിന്റെ ലാഭവും നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.