
സ്വന്തം ലേഖകൻ: യുകെയിൽ ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെല്‍ത്ത് ടാക്സ്. ജീവിതച്ചെലവ് കുതിച്ചുയരുന്നതിനിടെയാണ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നികുതിയുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്നത്. ഇതിനു പുറമെ ബിരുദധാരികള്‍ക്ക് ശമ്പള പരിധി മരവിപ്പിച്ചു. സാലറി പരിധി 27,295 പൗണ്ടായി നിലനിര്‍ത്തുമെന്നാണ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്. ശമ്പളപരിധി പണപ്പെരുപ്പത്തിനൊപ്പം ഉയരണമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
പണപ്പെരുപ്പം 30 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 5.4 ശതമാനത്തിലേക്ക് കുതിച്ചുയരുമ്പോഴാണ് ഈ സ്ഥിതിവിശേഷം. പരിധിക്ക് മുകളില്‍ ലഭിക്കുന്ന വരുമാനത്തിന്റെ 9 ശതമാനമാണ് ഗ്രാജുവേറ്റ്‌സ് തിരിച്ച് അടയ്‌ക്കേണ്ടത്. പരിധി കുറഞ്ഞ് നില്‍ക്കുമ്പോള്‍ അടവ് കൂടുന്നതാണ് അവസ്ഥ. ഈ തീരുമാനത്തോടെ 30,000 പൗണ്ട് വരുമാനമുള്ള ഗ്രാജുവേറ്റിന് അടുത്ത വര്‍ഷം സ്റ്റുഡന്റ് ലോണിലേക്ക് 113 പൗണ്ട് അധികമായി അടയ്‌ക്കേണ്ടി വരുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് തിങ്ക്-ടാങ്ക് പറഞ്ഞു.
ഏപ്രില്‍ മുതല്‍ തന്നെ അധിക പേയ്‌മെന്റുകള്‍ ആവശ്യമായി വരും. നാഷണല്‍ ഇന്‍ഷുറന്‍സ് 12 ശതമാനത്തില്‍ നിന്നും 13.25 ശതമാനത്തിലേക്ക് ഉയരുന്നതും ഈ ഘട്ടത്തിലാണ്. ഇതോടൊപ്പം എനര്‍ജി ബില്ലുകള്‍ വര്‍ദ്ധിക്കാനും, കൗണ്‍സില്‍ ടാക്‌സുകള്‍ ഉയരുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
കുറഞ്ഞ വരുമാനമുള്ള ഗ്രാജുവേറ്റ്‌സിനെ മരവിപ്പിക്കല്‍ ബാധിക്കില്ല, ഒപ്പം ഉയര്‍ന്ന വരുമാനമുള്ളവര്‍ ഏത് വിധത്തിലും സ്റ്റുഡന്റ് ലോണ്‍ തിരിച്ചടയ്ക്കും. എന്നാല്‍ ഇതിനിടയില്‍ വരുമാനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇത് നികുതി വര്‍ദ്ധനവായി അനുഭവപ്പെടും എന്ന് ഐഎഫ്എസിലെ ബെന്‍ വാള്‍ട്ട്മാന്‍ വ്യക്തമാക്കി. എന്നാല്‍ വായ്പാ സംവിധാനം സുസ്ഥിരമായി നിലനില്‍ക്കുന്നതും പണത്തിന് മൂല്യം നല്‍കുന്നതും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് വക്താവ് പറഞ്ഞു.
യുവ ബിരുദധാരികളുടെ ശരാശരി വാര്‍ഷിക വരുമാനം 2016 നും 2020 നും ഇടയില്‍ 24,500 പൗണ്ടില്‍ നിന്ന് 28,000 പൗണ്ടായി ഉയര്‍ന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ലെവലില്‍ 2022/23 വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥി വായ്പ തിരിച്ചടവ് പരിധി 27,295 പൗണ്ട് ആയി നിലനിര്‍ത്തും. സംവിധാനം നീതിയുക്തവും അതില്‍ നിന്ന് പ്രയോജനം നേടാനുള്ള കഴിവും അഭിലാഷവുമുള്ള എല്ലാവര്‍ക്കുമായി തുറന്നിരിക്കുമെന്നും ഉറപ്പാക്കേണ്ടതുണ്ടെന്നും ന്ന് വക്താവ് കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല