
സ്വന്തം ലേഖകൻ: കുടിയേറ്റക്കാരെ അധിനിവേശക്കാരെന്നു വിശേഷിപ്പിച്ച് ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ആഭ്യന്ത്രമന്ത്രി സുവെല്ല ബ്രേവർമാൻ വിവാദത്തിനു തിരികൊളുത്തി. പ്രതിപക്ഷവും കുടിയേറ്റക്കാർക്കായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളും സുവല്ലെയ്ക്കെതിരേ വിമർശനവുമായി രംഗത്തുവന്നു.
ഇംഗ്ലണ്ടിന്റെ തെക്കൻതീരത്തെ അഭയാർഥികേന്ദ്രത്തിൽ കഴിഞ്ഞയാഴ്ചയുണ്ടായ അക്രമങ്ങളെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കവേയാണ് വിവാദ പരാമർശമുണ്ടായത്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ പറ്റാതായിരിക്കുന്നു.
ഇംഗ്ലീഷ് ചാനലിലൂടെ ചെറുബോട്ടുകളിൽ വരുന്നവരുടെ എണ്ണം വളരെ വലുതാണ്. അഭയകേന്ദ്രങ്ങളുടെ പ്രവർത്തനം താളംതെറ്റിയ നിലയിലാണ്.ഈ വർഷം 40,000 കുടിയേറ്റക്കാരാണു തെക്കൻതീരത്തു വന്നത്. ഇതിൽ ഭൂരിഭാഗത്തെയും കൊണ്ടുവരുന്നതു ക്രിമിനൽ സംഘങ്ങളാണ്.
കുറേയധികം കുടിയേറ്റക്കാർ ക്രിമിനൽ സംഘത്തിൽപ്പെട്ടവരുമാണ്. ഇവർ അഭയം തേടിവരുന്ന പാവങ്ങളാണെന്ന് ഇനി കരുതാനാവില്ല. ഇതാണു സത്യമെന്ന് ഈ രാജ്യത്തെ മുഴുവൻ പേർക്കുമറിയാം. പ്രതിപക്ഷം മാത്രമാണു മറിച്ചു ചിന്തിക്കുന്നത്- സുവെല്ല കൂട്ടിച്ചേർത്തു.
സുവെല്ലയുടെ വാക്കുകൾ തീവ്രവികാരം പടർത്തുന്നതാണെന്നു പ്രതിപക്ഷത്തെ ലേബർ പാർട്ടി പ്രതികരിച്ചു. വിദ്വേഷജനകമാണെന്നു സ്കോട്ടിഷ് നാഷണൽ പാർട്ടിയും വിമർശിച്ചു. അപകടകരമായ വാക്കുകളാണെന്നു ബ്രിട്ടനിലെ റെഫ്യൂജി കൗൺസിൽ പറഞ്ഞു. സുവെല്ല പൊതുജനങ്ങളോടു സത്യം വെട്ടിത്തുറന്നു പറയുക മാത്രമാണുണ്ടായതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ കുടിയേറ്റ കാര്യങ്ങൾക്കായുള്ള ജൂണിയർ മന്ത്രി റോബർട്ട് ജെന്റിക് ന്യായീകരിച്ചു.
ഋഷി സുനാക്കിന്റെ മന്ത്രിസഭയിൽ സുവെല്ലയെച്ചൊല്ലിയുള്ള വിവാദം ആദ്യത്തേതല്ല. സുവല്ലെയ്ക്കു ഋഷി വീണ്ടും ആഭ്യന്തരമന്ത്രിപദം നല്‍കിയതിൽ കള്ളക്കളിയുണ്ടെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. ഔദ്യോഗിക രഹസ്യങ്ങൾ സ്വന്തം ഇ-മെയിലിൽനിന്ന് അയച്ചതിന്റെ പേരിൽ സുവെല്ലയ്ക്ക് ലിസ് ട്രസ് മന്ത്രിസഭയിൽനിന്നു രാജിവയ്ക്കേണ്ടിവന്നിരുന്നു.
ലിസ് ട്രസിന്റെ പിൻഗാമിയെ കണ്ടെത്താൻ കൺസർവേറ്റീവ് പാർട്ടിയിൽ നടന്ന തെരഞ്ഞെടുപ്പിൽ സുവെല്ലയുടെ പിന്തുണ ഉറപ്പാക്കിയതിന്റെ പ്രതിഫലമായിട്ടാണു സുവെല്ലയ്ക്കു ഋഷി സുനാക് വീണ്ടും ആഭ്യന്തരമന്ത്രിപദം നല്‍കിയതെന്നാണ് ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല