
സ്വന്തം ലേഖകൻ: ബ്രിട്ടന് എന്നും തലവേദനയാണ് അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികള്‍. പ്രത്യേകിച്ചും ചില മനുഷ്യക്കടത്ത് മാഫിയകളുടെ സഹായത്തോടെ ഇംഗ്ലീഷ് ചാനല്‍ കടന്ന് എത്തുന്നവര്‍ വലിയ ദുരിതമാണ് ബ്രിട്ടന് സമ്മാനിക്കുന്നത്. സാമ്പത്തിക ബാദ്ധ്യതമാത്രമല്ല, പലപ്പോഴും ഇക്കൂട്ടര്‍ ബ്രിട്ടനിലെ സമാധാനപൂര്‍ണ്ണമായ ജീവിതത്തേയും പ്രതികൂലമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് അനധികൃത അഭയാര്‍ത്ഥി പ്രവാഹം തടയുക എന്നത് സര്‍ക്കാരിന്റെ പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയമായത്.
നേരത്തേ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ ഹോം സെക്രട്ടറി ആയിരുന്ന പ്രീതി പട്ടേല്‍ ഇക്കാര്യത്തില്‍ പല നടപടികളും കൈക്കൊള്ളുകയുണ്ടായി. അനധികൃതമായി ചാനല്‍ കടന്നെത്തുന്ന അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് അയയ്ക്കാന്‍ റുവാണ്ടയുമായി കരാര്‍ ഒപ്പിടുക വരെ ചെയ്തു. എന്നാല്‍, അതെല്ലാം മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിഫലമാവുകയായിരുന്നു.
മനുഷ്യാവകാശ സംഘടനകളുടെ സഹായത്തോടെ ബ്രിട്ടനിലെ കുടിയേറ്റ നിയമത്തിലെ പിഴവുകള്‍ ഉപയോഗിച്ച് അപ്പീലുകള്‍ നല്‍കിയാണ് അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികള്‍ രക്ഷപ്പെടുന്നത്. റുവാണ്ടന്‍ പദ്ധതിയുടെ കാര്യം യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലേക്ക് വരെ എത്തിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞു എന്നതോര്‍ക്കണം.
അനധികൃത അഭയാര്‍ത്ഥികളെ സഹായിക്കുവാനായി ഒരു ലോബി തന്നെ രൂപം കൊണ്ടിട്ടുണ്ടെന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു., ഇപ്പോള്‍ അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാട് എടുക്കുന്ന സുവെല്ല ബ്രേവര്‍മാനാണ് അവരുടെ അടുത്ത ലക്ഷ്യം എന്ന് ചില നിരീക്ഷകരും പറയുന്നുണ്ട്. ഇത്തരത്തില്‍ അനധികൃതമായി എത്തുന്നവരില്‍ കൊടും ക്രിമിനലുകളും ഉണ്ടെന്ന് പ്രമുഖ പത്രപ്രവത്തകനും എഴുത്തുകാരനുമായ ഡാന്‍ വൂട്ടന്‍ ചൂണ്ടിക്കാണിക്കുന്നു. വ്യഭിചാരം, മയക്കുമരുന്ന് കടത്ത്, തീവ്രവാദം എന്നിവ പോലെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുവാനേ ഇവരുടെ സാന്നിദ്ധ്യം ഉപകരിക്കുകയുള്ളു എന്നും അദ്ദേഹം എഴുതുന്നു.
അടുത്തിടെ പാര്‍ലമെന്റില്‍, കടല്‍ കടന്നെത്തുന്നവരെല്ലാം നിരാശ്രയരായ അഭയാര്‍ത്ഥികളാണെന്ന് വിളിച്ചു പറയുന്നത് നിര്‍ത്തണമെന്ന് സുവെല്ല ആവശ്യപ്പെട്ടിരുന്നു. അത് ഒരു വലിയ സത്യമാണെങ്കിലും യു കെയിലെ ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇത് അംഗീകരിക്കുകയില്ല. നിലവില്‍ കഠിനാദ്ധ്വാനം ചെയ്ത് ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്ന ബ്രിട്ടീഷുകാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴാണ് ഇത്തരത്തില്‍ അനധികൃതരായി എത്തുന്നവര്‍ക്കായി പണം ചെലവഴിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നത്. ഇതും, അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ജനരോഷം ഉയരാന്‍ ഇടയായിട്ടുണ്ട്. എന്നാല്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന് സ്വയം ഉദ്‌ഘോഷിക്കുന്നവര്‍ക്ക് അതൊന്നും പ്രശ്‌നമാകുന്നില്ല.
ബ്രിട്ടനിലെ നിയമങ്ങള്‍ അഭയാര്‍ത്ഥികളോട് തീര്‍ത്തും മൃദുവായ ഒരു സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍, അത് നിയമപരമായ രീതികളിലൂടെ അഭയം തേടി എത്തുന്നവര്‍ക്ക് മാത്രമായിരിക്കണം എന്ന് ഡാന്‍ പറയുന്നു. അനധികൃതമായി എത്തുന്നവരെ അധിനിവേശക്കാരായി കണക്കാക്കണമെന്ന സുവെല്ലയുടേ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗതലത്തില്‍ തന്നെ, സര്‍ക്കാരിന്റെ അഭയാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരുണ്ടേന്നും അദ്ദെഹം ചൂണ്ടിക്കാട്ടുന്നു.
പ്രീതി പട്ടേലിന്റെ കാലത്ത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുപോലും റുവാണ്ടന്‍ പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍, സുവെല്ല ബ്രേവര്‍മാന്‍ തികച്ചും വ്യത്യസ്തമായ ഒരു വ്യക്തിയാണ്. സൂക്ഷ്മമായ നിയമജ്ഞാനമുള്ള സുവെല്ലക്ക് അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചുള്ള പരിചയത്തിലൂടെ നിയമത്തിലെ പഴുതുകളും നന്നായി അറിയാം. മാത്രമല്ല, അനധികൃത അഭയാര്‍ത്ഥി പ്രവാഹം തടയുന്നതില്‍ കടുത്ത തീരുമാനമെടുക്കാനും അവര്‍ ഉറച്ചിരിക്കുകയാണ്. നിയമത്തിന്റെ പഴുതുകള്‍ എല്ലാം അടച്ചുകൊണ്ടുള്ള നടപടി ആയിരിക്കും അവര്‍ എടുക്കുക എന്നത് അനധികൃത അഭയാര്‍ത്ഥികളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവര്‍ക്ക് അറിയാം.
ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കാനുള്ള ഇന്ത്യയുടെ ആദ്യ ചുവടായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹോം സെക്രട്ടറി സുവെല്ലയെ കണ്ട് ചര്‍ച്ചകള്‍ നടത്തി. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായപ്പോള്‍ ബ്രക്‌സിറ്റ് നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര കരാറുകള്‍ക്ക് ശ്രമിച്ചിരുന്നു. ഇന്ത്യയുമായും ഇങ്ങനെ ഒരു കരാറിനായി ചര്‍ച്ചകള്‍ നടന്നു.
എന്നാല്‍ പ്രധാനമന്ത്രിമാരുടെ സ്ഥാന മാറ്റങ്ങള്‍ കരാറിന് തിരിച്ചറിയായി. ബോറിസിന് ശേഷം ലിസ് ട്രസ് അധികാരത്തിലേറിയപ്പോഴും കരാറില്‍ പ്രതീക്ഷ നല്‍കിയിരുന്നു. ഇതിനിടയില്‍ കുടിയേറ്റ വിഷയത്തില്‍ ശക്തമായ നിലപാടെടുക്കുന്ന സുവെല്ല അധികാരമേറിയതോടെ വീണ്ടും ചര്‍ച്ചയായി. ഇന്ത്യയ്ക്കും ബ്രിട്ടനും ഇടയിലുണ്ടാക്കിയ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ് കരാര്‍ അനധികൃത കുടിയേറ്റം തടയാന്‍ സഹായിക്കില്ലെന്ന നിലപാടിലാണിവര്‍.
ഇപ്പോഴിതാ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി, സുവെല്ലയെ കണ്ട് വിഷയത്തില്‍ നേരിട്ട് ചര്‍ച്ച നടത്തി. കുടിയേറ്റ സുരക്ഷാ വിഷയങ്ങളില്‍ സഹകരിക്കുന്നതിനെ പറ്റി സംസാരിച്ചു. വീസ കാലാവധി കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്നവരില്‍ ഏറെയും ഇന്ത്യക്കാരെന്ന സുവെല്ലയുടെ പ്രസ്താവനയില്‍ അന്നു തന്നെ ഹൈക്കമ്മീഷണര്‍ പ്രതികരിച്ചിരുന്നു.
ചര്‍ച്ച നടത്തിയ വിവരം ട്വീറ്റിലൂടെ ഹൈക്കമ്മീഷണര്‍ അറിയിച്ചു. ഇന്ത്യ ബ്രിട്ടന്‍ ബന്ധം ശക്തമാണെന്നും അതു തുടര്‍ന്നുകൊണ്ടുപോകുമെന്നും ബ്രാവര്‍മാന്‍ ട്വീറ്റ് ചെയ്തു. വീസ കാലാവധി കഴിഞ്ഞവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിന്റെ വിശദാംശങ്ങള്‍ ഹൈക്കമ്മീഷണര്‍ ഹോം ഓഫീസുമായി പങ്കുവച്ചതായിട്ടാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല