
സ്വന്തം ലേഖകൻ: വേനലവധിയും തിരക്കും കാരണമുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത്തിന്റെ ഭാഗമായി യുകെ ബോര്‍ഡറിലെ പാസ്‌പോര്‍ട്ട് ഇ-ഗേറ്റുകള്‍ തിങ്കള്‍ മുതല്‍ പത്തും 11ഉം വയസുള്ള കുട്ടികള്‍ക്കും ഉപയോഗിക്കാം. ഇതുവഴി കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ യാത്രക്കാരെ പ്രൊസസ് ചെയ്യാന്‍ സാധിക്കും. ഇത് സംബന്ധിച്ച നിയമങ്ങളില്‍ ഗവണ്‍മെന്റ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. ഇത് വരെയുള്ള നിയമപ്രകാരം 12 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു പാസ്‌പോര്‍ട്ട് ഇ ഗേറ്റുകള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നത്. നിലവില്‍ രാജ്യത്ത് 15 എയര്‍പോര്‍ട്ടുകളിലും റെയില്‍ പോര്‍ട്ടുകളിലുമാണ് ഈ സൗകര്യമുള്ളത്.
ഗാറ്റ്‌വിക്ക് , സ്റ്റാന്‍സ്‌റ്റെഡ്, ഹീത്രു എന്നീ വിമാനത്താവളങ്ങളില്‍ ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ വിജയിച്ചതിനെ തുടര്‍ന്നാണ് പത്തും പതിനൊന്നും വയസ്സുള്ള കുട്ടികളെയും ഇത് ഉപയോഗിക്കാന്‍ അനുവദിക്കാന്‍ തീരുമാനിച്ചതെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. യുകെയില്‍ സമ്മര്‍ ഹോളിഡേസ് ആരംഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളിലും ട്രെയിന്‍ സ്‌റ്റേഷനുകളിലും യാത്രക്കാരുടെ എണ്ണം മൂര്‍ധന്യത്തിലെത്തിയ വേളയില്‍ നിര്‍ണായകമായ ഈ മാറ്റം നടപ്പിലാകുന്നത് തിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നുറപ്പാണ്.
സമ്മര്‍ ഹോളിഡേസിന് പോകുന്നവരുടെ കുത്തൊഴുക്കേറിയതിനെ തുടര്‍ന്ന് ഇന്നലെ പല എയര്‍പോര്‍ട്ടുകളും ട്രെയിന്‍ സ്‌റ്റേഷനുകളും സ്തംഭിച്ച അവസ്ഥയിലായിരുന്നു. യാത്രക്കാരുടെ എണ്ണം ഈ സമ്മറില്‍ 2019ലെ സമ്മറിന് സമാനമായിരിക്കുമെന്ന പ്രവചനം ശക്തമാണ്. കോവിഡിന് ശേഷം മിക്കവരും വീണ്ടും ഹോളിഡേക്ക് പോകാനിറങ്ങുന്ന അവസരത്തില്‍ പാസ്‌പോര്‍ട്ട് ഇ ഗേറ്റുകള്‍ കുട്ടികള്‍ക്ക് കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നത് തിരക്ക് കുറയ്ക്കാന്‍ ഒരു സഹായിക്കുമെന്നു കരുതുന്നു.
വരും മാസങ്ങളില്‍ 34 മില്യണ്‍ എയര്‍ അറൈവലുകള്‍ യുകെ പാസ്‌പോര്‍ട്ട് കണ്‍ട്രോളിലൂടെ കടന്ന് പോകുമെന്നാണ് ബോര്‍ഡര്‍ ഫോഴ്‌സ് പ്രതീക്ഷിക്കുന്നത്. പുതിയ നീക്കത്തെ തുടര്‍ന്ന് പത്തും പതിനൊന്നും വയസ്സുള്ള നാല് ലക്ഷത്തിലധികം പേര്‍ക്ക് പാസ്‌പോര്‍ട്ട് ഇ ഗേറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹീത്രോ, ഗാത്വിക്ക്, സ്റ്റാന്‍സ്‌റ്റെഡ്, ലണ്ടന്‍ സിറ്റി, ലുട്ടന്‍, ബെര്‍മിംഗ്ഹാം, ബ്രിസ്റ്റോള്‍, കാര്‍ഡിഫ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, എഡിന്‍ബര്‍ഗ്, ഗ്ലാസ്‌കോ, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍ എന്നീ യുകെയിലെ 13 എയര്‍പോര്‍ട്ടുകളിലാണ് നിലവില്‍ പാസ്‌പോര്‍ട്ട് ഇ-ഗേറ്റുകളുള്ളത്.
ബ്രസല്‍സിലെയും പാരീസിലെയും യൂറോസ്റ്റാര്‍ ടെര്‍മിനല്‍സിലെ യുകെ ബോര്‍ഡര്‍ കണ്‍ട്രോളുകളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഇ ഗേറ്റുകള്‍ കുട്ടികള്‍ക്ക് കൂടി അനുവദിക്കുന്നതിലൂടെ യാത്ര അനായാസമാക്കാനും യുകെ ബോര്‍ഡറിന്റെ സുരക്ഷ ശക്തമാക്കാനും സാധിക്കുമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ റോബര്‍ട്ട് ജെന്‍ റിക്ക് വ്യക്തമാക്കുന്നത്. ഇ ഗേറ്റുകളിലൂടെ കൂടുതല്‍ യാത്രക്കാരെ കുറഞ്ഞ സമയത്തിനുളളില്‍ പ്രൊസസ് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല