1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2021

സ്വന്തം ലേഖകൻ: ബ്രക്സിറ്റും കോവിഡും തീർത്ത പ്രതിസന്ധിയിൽ വലഞ്ഞിരിക്കുകയാണ് ബ്രിട്ടനിലെ ജനങ്ങൾ. ബ്രിട്ടനിലെ ഭൂരിഭാഗം സൂപ്പർ മാർക്കറ്റുകളിലും അവശ്യ സാധനങ്ങളുടെ സ്റ്റോക്കുകൾ തീർന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ. പല സൂപ്പർ മാർക്കറ്റുകളിലെ സാധനങ്ങൾ അടുക്കിവെക്കുന്ന അലമാരകൾ ഒഴിഞ്ഞു കിടക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ബ്രെക്സിറ്റും കോവിഡ് പ്രതിസന്ധിയും ബ്രിട്ടനെ വളരെ ഏറെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വെള്ളവും ശീതള പാനീയങ്ങളുടേയും സ്റ്റോക്കുകൾ ഇതിനകം തന്നെ തീർന്നതായി ലണ്ടനിൽ സ്റ്റോർ നടത്തുന്ന സത്യൻ പട്ടേൽ എന്ന വ്യാപാരി പറയുന്നു. കടയിൽ സാധനങ്ങൾ ഇല്ലാതെ എങ്ങനെയാണ് കച്ചവടം നടത്തുക. ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്ന കട കണ്ടാൽ ആരാണ് കയറി വരിക എന്ന് പട്ടേൽ ചോദിക്കുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട് ബ്രിട്ടനിൽ ഇത്തരത്തിൽ ഭക്ഷ്യ ക്ഷാമം നേരിട്ടു വരികയാണ്. ബ്രക്സിറ്റിന് പിന്നാലെയാണ് അവശ്യ വസ്തുക്കളുടെ ക്ഷാമം രൂക്ഷമാകുന്നത്. പല കടകളിലും അവശ്യ വസ്തുക്കളായി പാൽ വെള്ളം തുടങ്ങിയവയുടെ അലമാരകൾ ഒഴിഞ്ഞു കിടക്കുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

മക് ഡൊണാൾഡിൽ മിൽക്ക് ഷെയ്കുകൾക്കും പബുകളിൽ ബിയറുകൾക്കും ഇപ്പോൾ ബ്രിട്ടനിൽ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇക്യ സ്റ്റോറുകളിലെ കിടക്കകളും ഇത്തരത്തിൽ ക്ഷാമം നേരിടുന്നുണ്ടെന്നാണ് വിവരം. കോവിഡ് ആഗോള തലത്തിൽ തന്നെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ബ്രിട്ടനെ വെട്ടിലാക്കിയത് കോവിഡ് മാത്രമല്ല ബ്രക്സിറ്റ് കൂടിയാണ്.

47 വർഷത്തെ ബന്ധത്തിന് ശേഷമാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധത്തിന് അന്ത്യം കുറിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തു പോയതോടെ 27 രാജ്യങ്ങളായി യൂറോപ്യൻ യൂണിയനിൽ ചുരുങ്ങിയിരുന്നു.

പലർക്കും ഇത് വിസ്മയകരമായ നിമിഷമാണ് എന്നായിരുന്നു ബ്രക്സിറ്റ് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെ യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ വ്യാപാര ഉടമ്പടികളാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് പ്രധാന കാരണമായിരിക്കുന്നത്.

ബ്രക്സിറ്റിന് പിന്നാലെ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് ഇപ്പോൾ ബ്രിട്ടനിലെ പ്രതിസന്ധി രൂക്ഷമാകാൻ കാരണം. യൂറോപ്യൻ യൂണിയൻ നിയന്ത്രണം കർശനമാക്കിയതോടെ അവശ്യ സാധനങ്ങളുമായെത്തുന്ന ലോറികളുടെ ഡ്രൈവർമാരായി ഇയു പൌരന്മാരെ കിട്ടാതായി. ഇത് പല കടകളിലേക്കും സാധനങ്ങൾ എത്തിക്കുന്നത് അനിശ്ചിതത്തിലാക്കി.

നിലവിലെ കണക്കനുസരിച്ച്, ബ്രിട്ടനിൽ ഏകദേശം 1,00,000 ലോറി ഡ്രൈവർമാരുടെ ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം പല കടകളിലും സാധനങ്ങൾ ഇറക്കാനും കയറ്റുമതി ചെയ്യാനും മറ്റുമുള്ള ആവശ്യങ്ങൾക്കായി വേണ്ടത്ര ജോലിക്കാരില്ലെന്ന് ബ്രിട്ടനിലെ സഹകരണ വ്യാപാര സ്ഥാപനമായ കോ ഓപ് പറയുന്നു. ജോലിക്കാരെ നിയമിക്കാനുള്ള എല്ലാ നടപടികളും നടത്തി വരികയാണെന്നും കോ ഓപ് കൂട്ടിച്ചേർത്തു.

മറ്റു രാജ്യങ്ങളിലേത് പോലെത്തന്നെ ബ്രിട്ടനിലെ പല കടകളെയും കോവിഡ് പ്രതിസന്ധി രൂക്ഷമായി നേരിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പല കടകളിലും അവശ്യ സാധനങ്ങളുടെ സ്റ്റോക്കുകൾ കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ ബ്രക്സിറ്റിന് പിന്നാലെ പല ഉൽപ്പന്നങ്ങളും ലഭിക്കാത്ത അവസ്ഥയാണെന്ന് ബ്രിട്ടനിലെ വ്യാപാരി പട്ടേൽ പറയുന്നു.

തന്റെ കടയിൽ ഉണ്ടായിരുന്ന അവശ്യ വസ്തിക്കളായ വെള്ളത്തിന്റെയും പാലിന്റെയും സ്റ്റോക്കുകൾ തീർന്നു. നിലവിലെ സാഹചര്യം വളരെ ഏറെ പ്രതിസന്ധി നിറഞ്ഞതാണ്. ഗോഡൌണുകളും ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. ജനുവരി ഒന്നു മുതൽ, ബ്രക്സിറ്റ് നടപ്പിലായതോടെയാണ് ബ്രിട്ടനിൽ ക്ഷാമം രൂക്ഷമായതെന്ന് ബ്രിട്ടനിലെ കടയിൽ വിൽപ്പനക്കാരിയായ ടോമ പറയുന്നു.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോകുന്നതോടെ വലിയ തോതിൽ പ്രതിസന്ധി നേരിടേണ്ടി വരും എന്ന് വിദഗ്ദർ ചുണ്ടിക്കാട്ടിയിരുന്നു. സൂപ്പർ മാർക്കറ്റ് ചെയിനുകളിൽ നിന്ന് പല ഭക്ഷ്യ ഉൽപ്പന്നങ്ങളും അപ്രത്യക്ഷമാകും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒപ്പം മരുന്നുകളുടെ വിതരണം പ്രതിസന്ധിയിലാകുമെന്നും മുന്നറിയിപ്പുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.