1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2023

സ്വന്തം ലേഖകൻ: യുകെയിൽ എങ്ങും സമര കാഹളം മാത്രം! ഫയർഫോഴ്സ് ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു. വണ്മെന്റും യൂണിയനുകളും തമ്മിലുള്ള ചർച്ചകൾ തീരുമാനമാകാതെ അവസാനിച്ചതിനെ തുടർന്ന് യുകെ യിൽ ഫെബ്രുവരി ഒന്ന് മുതൽ വിവിധ ദിവസങ്ങളിൽ അധ്യാപകര്‍ രാജ്യവ്യാപകമായി പണിമുടക്കും.

പണിമുടക്ക് ഇംഗ്ലണ്ടിലെയും വെയിൽസിലെയും 23,000 സ്‌കൂളുകളെ പ്രതികൂലമായി ബാധിക്കും. തുടര്‍ന്ന് ഫെബ്രുവരി 14, മാര്‍ച്ച് 15, മാര്‍ച്ച് 16 തീയതികളിലും അധ്യാപകര്‍ പണിമുടക്കും. ചില മേഖലകളിലെ അധ്യപകര്‍ ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തീയതികളിലും പണിമുടക്കുന്നുണ്ട്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഏഴു ദിവസങ്ങളിലായിട്ടായിരിക്കും സമരം നടക്കുക.

പണിമുടക്ക് ഒഴിവാക്കാനുള്ള അവസരം വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പാഴാക്കിയതായി അധ്യാപക യൂണിയനുകളിൽ ഒന്നായ നാഷനല്‍ എജ്യുക്കേഷൻ യൂണിയന്‍ ജോയിന്റ് ജനറൽ സെക്രട്ടറിമാരായ ഡോ. മേരി ബൂസ്റ്റഡ്, കെവിൻ കോട്‌നി എന്നിവർ പറഞ്ഞു. സമരത്തിന്റെ കാരണങ്ങളിൽ ഗൗരവമായി ഇടപെടാൻ സർക്കാർ തയാറായില്ല. അധ്യാപകർക്ക് പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വർധനയാണ് നൽകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

പണിമുടക്ക് ഒഴിവാക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും ആശാവഹമായ ഒരു വാഗ്ദാനവും നൽകാൻ വിദ്യാഭാസ സെക്രെട്ടറിക്ക് കഴിഞ്ഞില്ലെന്ന് നാഷനൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്‌സ് ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ പറഞ്ഞു. കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്ക് തുടരുന്നതിൽ താൻ നിരാശനാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു.

കോവിഡ് പ്രതിസന്ധികാലത്ത് വിദ്യാഭ്യാസ മേഖല അനുഭവിച്ച പ്രതികൂല ഘടകങ്ങളെ തരണം ചെയ്തു വരുന്ന അവസരത്തിൽ ഇത്തരമൊരു സമരം കുട്ടികളുടെ വിദ്യാഭാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗില്ലിയൻ കീഗൻ കൂട്ടിച്ചേർത്തു. കുട്ടികളുടെ പഠനവും സുരക്ഷയും ഉറപ്പാക്കാൻ പണിമുടക്കുമായി മുന്നോട്ടുപോകുന്ന അധ്യാപകർ പണിമുടക്ക് വിവരം സ്കൂൾ മേധാവികളെ മുൻകൂട്ടി അറിയിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ പണിമുടക്കുമായി സഹകരിക്കുന്ന അധ്യാപകർക്ക് നേരത്തെ സ്കൂൾ മേധാവികളെ അറിയിക്കാനുള്ള ബാധ്യത ഇല്ലെന്നാണ് യൂണിയനുകളുടെ നിലപാട്. വിദ്യാഭ്യാസ സെക്രട്ടറിയുടെ അഭ്യർത്ഥന അവഗണിക്കാനാണ് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ തങ്ങളുടെ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ സ്കൂൾ ഫണ്ടിങിൽ ഗവണ്മെന്റ് 2 ബില്യൺ പൗണ്ട് അധികമായി നൽകിയിട്ടുണ്ടെന്നും ഇതിൽ നിന്നും അധ്യാപകരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും വിദ്യാഭാസ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ആവശ്യങ്ങളും ചർച്ചയിൽ പങ്കെടുത്ത യൂണിയനുകൾ തള്ളി കളഞ്ഞിരുന്നു.

വേതന വര്‍ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തില്‍ അധ്യാപകര്‍ക്കൊപ്പം അനധ്യാപക ജീവനക്കാരും പങ്കെടുക്കുന്നുണ്ട്. എജ്യുക്കേഷണൽ ഇന്‍സ്റ്റിറ്റുട്ട് ഓഫ് സ്‌കോട്ട്‌ലാന്‍ഡ് യൂണിയന്‍ 16 ദിവസത്തെ റിലേ പണിമുടക്ക് ജനുവരി 17 മുതല്‍ ആരംഭിച്ചിരുന്നു. ഫെബ്രുവരി 6 വരെ ഈ പണിമുടക്ക് നീണ്ടു നില്‍ക്കും.

അതിനിടെ ബ്രിട്ടനിൽ ഫയർഫോഴ്സ് ജീവനക്കാരും സമരത്തിന് ഇറങ്ങുകയാണ്. സമരത്തിന് അനുമതി തേടി ഫയർ ബ്രിഗേഡ്സ് യൂണിയൻ നടത്തിയ വോട്ടെടുപ്പിൽ 80 ശതമാനം പേരും സമരത്തിന് അനുകൂലമായാണ് വോട്ടുചെയ്തത്. ഇതോടെ അടുത്തമാസം അവസാനത്തോടെ തിയതി നിശ്ചയിച്ച് യൂണിയൻ സമരത്തിന് ഇറങ്ങും. ഫെബ്രുവരി 23നാകും ആദ്യസമരം എന്നാണ് സൂചന.

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവടങ്ങളിലെ ഫയർ ബ്രിഗേഡ്സ് യൂണിയൻ സംയുക്തമായാകും സമരത്തിന് ഇറങ്ങുക. ജീവിതച്ചെലവുമായി തട്ടിച്ചു നോക്കിയാൽ 2010നു ശേഷം ഫയർ ബ്രിഗേഡ്സിന്റെ ശമ്പളത്തിൽ 12 ശതമാനത്തോളം കുറവ് അനുഭവപ്പെട്ടതായാണ് യൂണിയന്റെ വിലയിരുത്തൽ. ഇതിനെ മറികടക്കാൻ അടിയന്തരമായി ശമ്പളവർധന അനിവാര്യമാണെന്നാണ് യൂണിയന്റെ നിലപാട്.

സാധാരണ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയുള്ള സമരനീക്കം നിരാശാജനകവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നാണ് സർക്കാർ നിലപാട്. സമരവുമായി യൂണിയൻ മുന്നോട്ടുപോയാൽ 20 വർഷത്തെ ഇടവേളയ്ക്കു ശേഷം ഫയർ ബ്രിഗേഡ്സിന്റെ സമരത്തിനും ബ്രിട്ടൻ സാക്ഷ്യം വഹിക്കും. സർവീസ് മേഖല ഒന്നാകെ സമരത്തിലാണെങ്കിലും ഒരു സമരക്കാരുടെയും ആവശ്യങ്ങൾക്കു മുന്നിൽ സർക്കാർ വഴങ്ങാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

താൽകാലിക ആശ്വാസമായി ശമ്പളം കൂട്ടിനൽകുന്നതിനു പകരം സാമ്പത്തിക രംഗത്തെ പരിഷ്കാരങ്ങളിലൂടെ സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും പരിഹാരം കാണുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സാധ്യമാകുന്നതോടെ ജീവിതച്ചെലവ് പഴയനിലയിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ വയ്ക്കുന്നത്.

രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സമരത്തിലേക്ക് നീങ്ങാതെ സർവീസ് മേഖലകളെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നാണ് ജീവനക്കാരോടുള്ള സർക്കാരിന്റെ അഭ്യർഥന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.