1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2023

സ്വന്തം ലേഖകൻ: ശമ്പള വർധന ആവശ്യപ്പെട്ട് യുകെയിൽ സ്കൂൾ അധ്യാപകർ കഴിഞ്ഞ ദിവസം നടത്തിയ പണിമുടക്കിൽ പതിനായിരക്കണക്കിന് അധ്യാപകർ പങ്കെടുത്തു. ശമ്പള വർധന ആവശ്യത്തിൽ ഗവണ്മെന്റും യൂണിയനുകളും തമ്മിലുള്ള ചർച്ചകൾ തീരുമാനമാകാതെ അവസാനിച്ചതിനെ തുടർന്നാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും അധ്യാപകർ ഫെബ്രുവരി ഒന്ന് മുതൽ വിവിധ ദിവസങ്ങളിൽ രാജ്യവ്യാപകമായി പണിമുടക്ക് ആരംഭിച്ചത്.

ഇംഗ്ലണ്ടിലെ പകുതിയിലധികം സ്‌കൂളുകളും കഴിഞ്ഞ ദിവസത്തെ അധ്യാപക പണിമുടക്കിൽ ഹാജർ നിയന്ത്രിക്കുകയോ അടച്ചിടുകയോ ചെയ്തതായി ഗവണ്മെന്റ് കണക്കുകൾ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ടിൽ 43.9% സ്‌കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിച്ചു. 42.8% സ്കൂളുകൾ തുറന്നെങ്കിലും ഹാജർ കുറവായിരുന്നു. 8.9% സ്കൂളുകളാണ് പൂർണ്ണമായും അടച്ചത്. വെയിൽസിലും അധ്യാപകർ പണിമുടക്കിൽ ഏർപ്പെട്ടു.

ദശലക്ഷക്കണക്കിന് കുട്ടികളെ പഠനം നഷ്ടപ്പെടുത്താൻ നിർബന്ധിതരാക്കിയ സമരത്തെ പ്രധാനമന്ത്രി ഋഷി സുനക് അപലപിച്ചു. രാജ്യത്തെ കുട്ടികളുടെ വിദ്യാഭ്യാസം വിലപ്പെട്ടതാണെന്നും അവർ സ്‌കൂളിൽ പഠിക്കാൻ അർഹരാണെന്നും സുനക് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പണിമുടക്കിൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് പ്രധാന അധ്യാപകർ ഗവണ്മെന്റിനും പൊതുജനത്തിനും അനുകൂലമായി പ്രവർത്തിച്ചതിന് നന്ദിയുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു.

അധ്യാപകരുടെ യൂണിയനുകളുമായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ശമ്പളം, ജോലിഭാരം, റിക്രൂട്ട്‌മെന്റ് എന്നിവ സംബന്ധിച്ചുള്ള ചർച്ചകൾ തുടരുമെന്നും ഗില്ലിയൻ കീഗൻ കൂട്ടിച്ചേർത്തു. പ്രശ്നപരിഹാരം ഉണ്ടാകാത്ത പക്ഷം കൂടുതൽ പണിമുടക്കുകൾ ഉണ്ടാകുമെന്നും അധ്യാപകരുടെ സംഘടനയായ നാഷനൽ എജ്യുക്കേഷൻ യൂണിയന്റെ ജോയിന്റ് ജനറൽ സെക്രട്ടറിമാരായ ഡോ. മേരി ബൂസ്റ്റഡ്, കെവിൻ കോട്‌നി എന്നിവർ പറഞ്ഞു.

ഇനി ഫെബ്രുവരി 14, മാര്‍ച്ച് 15, മാര്‍ച്ച് 16 തീയതികളിലും അധ്യാപകര്‍ പണിമുടക്കും. ചില മേഖലകളിലെ അധ്യപകര്‍ ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തീയതികളിലും പണിമുടക്കുന്നുണ്ട്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഇനി ആറു ദിവസങ്ങളിലെ പണിമുടക്കുകളാണ് ശേഷിക്കുന്നത്. ബുധനാഴ്ച നടന്ന പണിമുടക്കിൽ യുകെയിലുടനീളം 3,00,000 അധ്യാപകർ പങ്കെടുത്തതായി യൂണിയനുകൾ അവകാശപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.