1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2023

സലില്‍ സത്യാന്‍ (ബെല്‍ഫാസ്റ്റ്): ബ്രിട്ടനിലെ ശക്തന്റെ നാട്ടുകാര്‍ നോര്‍ത്തേണ്‍ അയര്‍ലന്റിന്റെ തലസ്ഥാനനഗരമായ ബെല്‍ഫാസ്റ്റില്‍ നടത്തിയ തങ്ങളുടെ ജില്ലാ കുടുംബസംഗമം വര്‍ണ്ണശബളമായി. ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ബെല്‍ഫാസ്റ്റിലെ ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളില്‍ നടത്തിയ ഏഴാമത് ജില്ലാ കുടുംബസംഗമം നോര്‍ത്തേണ്‍ അയര്‍ലന്റിലെ ജില്ലാ നിവാസികളുടെ ശക്തമായ സാന്നിധ്യവും വൈവിദ്ധ്യമായ കലാപരിപാടികളും കൊണ്ട് മറ്റൊരു നവ്യാനുഭവമായി മാറി. കോവിഡ് ആരംഭിക്കുന്നതിനുമുമ്പ് ഓക്‌സ്‌ഫോര്‍ഡില്‍ നടത്തിയ കഴിഞ്ഞ ജില്ലാ സംഗമത്തിനുശേഷം മരണപ്പെട്ട സംഘടനയുടെ രക്ഷാധികാരിയായിരുന്ന ടി. ഹരിദാസ്, ബ്രിട്ടനിലെ പ്രമുഖ എഴുത്തുകാരിയായിരുന്ന സിസിലി ജോര്‍ജ്, ജില്ലാ സംഗമത്തിന്റെ മുന്‍ സംഘാടകനായിരുന്ന മോഹന്‍ദാസ് കുന്നന്‍ചേരി എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് ഒരുമിനിറ്റ് എഴുന്നേറ്റുനിന്ന് മൗനം ആചരിച്ചു.

ബ്രിട്ടനിലെ അറിയപ്പെടുന്ന തുറമുഖ നഗരമായ ബെല്‍ഫാസ്റ്റിലെ തൃശ്ശൂര്‍ ജില്ലാ നിവാസികള്‍ രാവിലെ മുതലുള്ള മഴയെ കൂസാതെ തങ്ങളുടെ ജില്ലാ കുടുംബസംഗമത്തിലേയ്ക്ക് ഡണ്‍മുറി കമ്മ്യൂണിറ്റി അസോസിയേഷന്‍ ഹാളിനെ ലക്ഷ്യംവെച്ച് വന്നുകൊണ്ടിരുന്നു.

ദീപ്തിയുടെ ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങിയ സമ്മേളനത്തില്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ നിലവിളക്കില്‍ ഭദ്രദീപം കൊളുത്തി ജില്ലാസംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. യോഗത്തിന് ആശംസകളര്‍പ്പിച്ചുകൊണ്ട് നേതാക്കളായ ഡേവീസ് ചുങ്കത്ത്, റെയ്‌നോ പോള്‍, ഡിറ്റോ ജോസ് എന്നിവര്‍ ്പ്രസംഗിച്ചു. ജോസ് പൗലോസ് സ്വാഗതവും മിനി ഡേവീസ് നന്ദിയും പറഞ്ഞു.

ലോകപ്രസിദ്ധമായ ടൈറ്റാനിക് കപ്പലിന് ജന്മം കൊടുത്ത ബെല്‍ഫാസ്റ്റ് സിറ്റിയിലെ തൃശ്ശൂര്‍ നിവാസികളുടെ വിവിധ കലാപരിപാടികള്‍ കൊണ്ട് തികച്ചും ഒരു തൃശ്ശൂര്‍ പൂരത്തിന്റെ ആനന്ദലഹരിയില്‍ അമരുകയായിരുന്നു ജില്ലാ നിവാസികള്‍ അന്നത്തെ മുഴുവന്‍ ദിവസവും.

ലാഗണ്‍ നദിയുടെ തീരത്തുള്ള ബെല്‍ഫാസ്റ്റ് സിറ്റിയിലേയ്ക്ക് ആദ്യമായി കടന്നുവന്ന തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ജില്ലാ കുടുംബസംഗമത്തിനെ ജില്ലാ നിവാസികള്‍ ശക്തമായ ജനസാന്നിധ്യം നല്‍കിക്കൊണ്ടാണ് സ്വീകരിച്ചത്.

ജില്ലാസംഗമത്തിലെ സ്വയം പരിചയപ്പെടുത്തല്‍ ജില്ലാ നിവാസികള്‍ക്ക് വ്യത്യസ്ത അനുഭവമായി മാറി. നോര്‍ത്തേണ്‍ അയര്‍ലന്റിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ ചിന്നിച്ചിതറിക്കിടന്നിരുന്ന ജില്ലാ നിവാസികള്‍ക്ക് ഇത് പരിചയപ്പെടാനും പരിചയം ഉള്ളവര്‍ക്ക് അത് വീണ്ടും പുതുക്കാനുമുള്ള ഒരു സുവര്‍ണ്ണാവസരമായി മാറി ജില്ലാ സംഗമം.

പൊതുസമ്മേളനത്തിനും തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്കും മരിയ ജോര്‍ജ്ജും, ജോഷി ജോസും കൂടി നടത്തിയ ആങ്കറിംഗ് കാണികളില്‍ പ്രശംസ പിടിച്ചുപറ്റി. മിനിയും ഡോളിയും രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

തനതായ തൃശ്ശൂര്‍ രുചിയുള്ള ഉച്ചഭക്ഷണം ജില്ലാ നിവാസികള്‍ക്ക് സ്വന്തം നാടിന്റെ രുചിക്കൂട്ടിലേയ്ക്ക് തിരിച്ചുപോകാനുള്ള ഒരു അവസരമായി മാറി. റാഫില്‍ ടിക്കറ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സംഘടനയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സന്‍ ഇരിങ്ങാലക്കുട നല്‍കി. കോവിഡ് എന്ന മഹാമാരിക്കുശേഷം ആദ്യമായി നടന്ന ജില്ലാസംഗമത്തിന്റെ വനിതാവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോളി, ജിഷ, റഹ്ന, സഹന, ദീപ്തി, മിനി, മരിയ എന്നിവര്‍ നേതൃത്വം നല്‍കി.

ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ദേശീയ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം കോവിഡിനുശേഷം നടന്ന ജനപങ്കാളിത്തം വിളിച്ചുപറയുന്നതായിരു്ന്നു. കേരളത്തിന്റെ പൂരത്തിന്റെ പൂരമായ തൃശ്ശൂര്‍ പൂരം യുകെയിലെ തൃശ്ശൂര്‍കാര്‍ക്ക് ഒരു ലഹരിയാണ്. ബ്രിട്ടനിലെ വ്യാവസായിക വി്പ്ലവത്തിന് തുടക്കം കുറിച്ച യുകെയിലെ തന്നെ പ്രമുഖ സിറ്റിയില്‍ ഒന്നായ ബെല്‍ഫാസ്റ്റ് സിറ്റിയിലേയ്ക്ക് ആദ്യമായി കടന്നുവന്ന ജില്ലാസംഗമം ഒരു വന്‍വിജയമാക്കുന്നതിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച ജോസഫ്, സനീഷ്, മേജോ, എബിന്‍, റീജണ്‍, സ ലില്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ ജില്ലാനിവാസികള്‍ നന്ദിയോടെ സ്മരിച്ചു.

ബ്രിട്ടന്റെ കടല്‍ കടന്ന് തൊട്ടടുത്ത രാജ്യമായ അയര്‍ലന്റുമായി തൊട്ടുരുമ്മിക്കിടക്കുന്ന നോര്‍ത്തേണ്‍ അയര്‍ലന്റില്‍ എത്തിയ തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തെ രണ്ടും കൈയ്യുംനീട്ടി സ്വീകരിച്ച ബെല്‍ഫാസ്റ്റിലെ ജില്ലാ നിവാസികള്‍ക്ക് ദേശീയ നേതൃത്വം നന്ദി രേഖപ്പെടുത്തി. പ്രതികൂലമായ കാലാവസ്ഥയിലും തങ്ങളുടെ ജില്ലാസംഗമത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കി തങ്ങളുടെ സ്‌നേഹ അഭിവാദ്യങ്ങള്‍ കുടമാറ്റം പോലെ നല്‍കിക്കൊണ്ട് പരസ്പരം വിടചൊല്ലിയാണ് ശക്തന്റെ നാട്ടുകാര്‍ അരങ്ങൊഴിഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.