1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2022

സ്വന്തം ലേഖകൻ: മലയാളി നഴ്‌സുമാരെ ജർമ്മനിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സും ജർമ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ചേർന്ന് ഒപ്പു വച്ച ട്രിപ്പിള്‍ വിന്‍ കരാര്‍ പ്രകാരമുള്ള റിക്രൂട്ട്മെന്റിന്റെ മുന്നോടിയുള്ള ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഏപ്രില്‍ 29ന് നടക്കും. പതിമൂവായിരത്തില്‍പരം അപേക്ഷകരില്‍ നിന്നു ഷോർട് ലിസ്റ്റ് ചെയ്ത നാനൂറോളം പേര്‍ക്കു ജർമ്മനിയിലെ ജീവിത-തൊഴില്‍ സാഹചര്യങ്ങളും ഇന്റര്‍വ്യൂ സംബന്ധമായ വിശദാശംങ്ങളും ജർമ്മന്‍ ഉദ്യോഗസ്ഥരില്‍ നിന്നു നേരിട്ടു മനസ്സിലാക്കുന്നതിനാണ് ‘ഇന്‍സൈറ്റ് 2022’ എന്ന പേരില്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍ ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ രാവിലെ 11നു നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐഎഎസ്, ജർമ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി ഇന്റര്‍നാഷണല്‍ അഫേഴ്‌സ് ഡയറക്ടര്‍ മാര്‍ക്കുസ് ബിര്‍ച്ചര്‍, ജർമ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ കോ ഓപ്പറേഷന്‍ പ്രതിനിധികളായ ഉള്‍റിക് റെവെറി, ബജോണ്‍ ഗ്രൂബെര്‍,ഹോണറേറി കോണ്‍സുല്‍ ഡോ. സയീദ് ഇബ്രാഹിം എന്നിവര്‍ സംസാരിക്കും. നോര്‍ക്ക റൂട്ട്‌സ് സിഇഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി നന്ദിയും പറയും. ഉച്ചക്ക് 12.45 മുതല്‍ രണ്ടു മണി വരെയാണു ജർമ്മന്‍ ഉദ്യോഗസ്ഥരും ഉദ്യോഗാര്‍ഥികളുമായുള്ള ആശയവിനിമയം നടക്കുന്നത്.

നിലവില്‍ ജർമ്മന്‍ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും ഇന്‍ഫര്‍മേഷന്‍ സെഷനില്‍ നടക്കും. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ജർമ്മന്‍ ഭാഷയില്‍ ബി1, ബി2 ലവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുമായി പരിപാടിയില്‍ എത്താവുന്നതാണ്.

ഷോര്‍ട്ടു ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ മേയ് 4 മുതല്‍ 13 വരെ തിരുവനന്തപുരത്തു നടക്കും. ജർമ്മനിയില്‍ നിന്നെത്തുന്ന പ്ലെയ്സ്മെന്റ് ഓഫിസര്‍മാരുടെ സംഘമാണ് ഇന്റര്‍വ്യൂ നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറിലധികം നഴ്‌സുമാര്‍ക്കു ജർമ്മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജർമ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ സൗജന്യമായി ജർമ്മന്‍ ഭാഷാ പരിശീലനം നല്‍കും. ബി 1 ലവല്‍ പ്രാവീണ്യം നേടുന്ന മുറക്ക് ഇവര്‍ക്ക് ജർമ്മനിയിലേക്ക് വീസഅനുവദിക്കും. തുടര്‍ന്ന് ജർമ്മനിയില്‍ അസിസ്റ്റന്റ് നഴ്സ് ആയി ജോലി ചെയ്തുകൊണ്ട് തന്നെ ബി 2 ലവല്‍ ഭാഷാ പ്രാവീണ്യം നേടി റജിസ്റ്റേര്‍ഡ് നഴ്സ് ആയി മാറാം. ഇതിനുള്ള പഠന-പരിശീലനങ്ങളും സൗജന്യമായി ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.