
സ്വന്തം ലേഖകൻ: കൂടുതൽ രാജ്യങ്ങളെ ട്രാഫിക് ലൈറ്റ് റെസ് ലിസ്റ്റിലാക്കി യുകെ. ഈജിപ്റ്റ്, കോസ്റ്റാറിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, സുഡാൻ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ രാജ്യങ്ങളെയാണു പുതുതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇന്ത്യ ഉൾപ്പെടെ നാൽപതിലേറെ രാജ്യങ്ങളായിരുന്നു ഇതുവരെ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നത്.
നിയന്ത്രണങ്ങൾ ഇല്ലാതെ യാത്രചെയ്യാൻ അനുമതി നൽകിയിരുന്ന ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ നിന്നു പോർച്ചുഗലിനെ നീക്കുകയും ചെയ്തിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കു മാത്രം ക്വാറന്റീൻ നിബന്ധനകളോടെ യാത്ര അനുവദിക്കുന്ന ആംബർ ലിസ്റ്റിലേക്കാണു പോർച്ചുഗലിനെ മാറ്റിയിരിക്കുന്നത്. പോർച്ചുഗലിൽ വലിയ തോതിൽ കണ്ടെത്തിയ വൈറസിന്റെ നേപ്പാൾ മ്യൂട്ടേഷൻ കേസുകൾ കണക്കിലെടുത്താണ് ഈ നടപടി.
പോർച്ചുഗൽ നേരത്തെ ഗ്രീൻ ലിസ്റ്റിലായതോടെ ആയിരക്കണക്കിനു ബ്രിട്ടീഷുകാരാണ് അങ്ങോട്ടേക്ക് വേനൽക്കാല യാത്ര പ്ലാൻ ചെയ്തിരുന്നത്. ഇവരുടെയെല്ലാം യാത്രകൾ ഇതോടെ അനിശ്ചിതത്വത്തിലാകും. വാക്സിനേഷനിലൂടെ കോവിഡ് സ്ഥിതിഗതികൾ ഏറെക്കുറെ പരിപൂർണമായും നിയന്ത്രണത്തിലായ ബ്രിട്ടനിൽ മറ്റൊരു തരംഗം ഉണ്ടാകുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
രാജ്യത്ത് ഒരാൾ പോലും മരിക്കാത്ത സ്ഥിതിയിലേക്ക് കഴിഞ്ഞദിവസം കാര്യങ്ങൾ എത്തിയിരുന്നു. ഇപ്പോഴും ദിവസേന വിരലിൽ എണ്ണാവുന്നവർ മാത്രമാണു രാജ്യത്തു കോവിഡ് മൂലം മരിക്കുന്നത്. എന്നാൽ രണ്ടാഴ്ചയ്ക്കിടെ 12,431 തീവ്ര വൈറസ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശങ്കയുണർത്തുന്നുണ്ട്. രാജ്യത്തെ 75 ശതമാനം പേരും വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ച സാഹചര്യത്തിൽ കേസുകൾ കുടുമ്പോഴും രോഗലക്ഷണങ്ങൾ വഷളാകുന്നില്ല എന്നതാണ് ആശ്വാസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല