
സ്വന്തം ലേഖകൻ: യുകെയിൽ വിദേശ യാത്രക്കാർക്കുള്ള കോവിഡ് ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ. യാത്രകൾക്ക് മുൻപും ശേഷവുമുള്ള പിസിആർ ടെസ്റ്റുകൾ വാക്സിൻ പൂർണ്ണമായും ലഭിച്ചിട്ടുള്ളവർക്ക് വേണ്ടി വരില്ല എന്നതാണ് ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന ഇളവുകളിൽ പ്രധാനം. എന്നാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ബ്രിട്ടീഷുകാർക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോൾ ക്വാറന്റൈൻ ചെയ്യേണ്ടി വരും.
വാക്സിൻ ലഭിച്ചവർക്ക് വിദേശത്ത് നിന്ന് മടങ്ങുമ്പോൾ ചെലവേ റിയ പിസിആർ ടെസ്റ്റുകൾ നടത്തേണ്ടതില്ല. പകരം, അവർക്ക് താരതമ്യേന നിരക്ക് കുറവുള്ള ലാറ്ററൽ ഫ്ലോ ടെസ്റ്റ് മാത്രമേ ആവശ്യമുള്ളൂ. യാത്രക്ക് മുമ്പ് നിർബന്ധിതമായും ചെയ്തിരിക്കേണ്ട പ്രീ-ഡിപ്പാർച്ചർ ടെസ്റ്റുകളും സർക്കാർ പിൻവലിക്കാൻ സാധ്യതയുണ്ട്.
വിവാദമായ ട്രാഫിക് ലൈറ്റ് നിയമങ്ങളിലും മാറ്റം പ്രതീക്ഷിക്കാം. നിലവിലുള്ള സംവിധാനം ഒട്ടേറെ പരാതികൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ സർക്കാർ രണ്ട് തലങ്ങളുള്ള ‘ഗോ’, ‘നോ ഗോ’ സംവിധാനത്തിലേക്ക് മാറുമെന്നാണ് സൂചന. ‘ഗോ’ ലിസ്റ്റിലാണെങ്കിലും വാക്സിൻ എടുക്കാത്തവർ എല്ലാ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുമ്പോൾ ക്വാറന്റൈനിൽ കഴിയേണ്ടിവരും.
പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് വർദ്ധിപ്പിക്കാൻ ഈ ദ്വിതല തന്ത്രം സഹായിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഏ റെ നാളായി ബ്രിട്ടീഷുകാർ കാത്തിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളിലെ അഴിച്ചുപണിയുടെ ഭാഗമാണ് മാറ്റങ്ങൾ. മേയിൽ അവതരിപ്പിച്ച ഗ്രീൻ, ആംബർ, റെഡ് ട്രാഫിക് ലൈറ്റ് സംവിധാനത്തിനു പകരം, ലളിതമായ ‘ഗോ/നോ-ഗോ’ സംവിധാനങ്ങളാകും ഇനി നടപ്പിലാക്കുക.
ഇതോടെ നിലവിലുള്ള എല്ലാ ആംബർ ലിസ്റ്റ് രാജ്യങ്ങളും ഗ്രീൻ ലിസ്റ്റിലാകും. അതേസമയം ‘റെഡ് ലിസ്റ്റ്’ അല്ലെങ്കിൽ ‘നോ-ഗോ’ രാജ്യങ്ങളുടെ എണ്ണം പകുതിയായി കുറയുകയും ചെയ്യും. തുർക്കി പോലുള്ള ജനപ്രിയ അവധിക്കാല ലക്ഷ്യസ്ഥാനങ്ങൾ അടുത്ത മാസം പൂർണ്ണമായും ബ്രിട്ടീഷുകാർക്കായി തുറക്കാൻ ഇതോടെ സാധ്യത തെളിയും. ശ്രീലങ്ക, ബംഗ്ലാദേശ്, മാൽദ്വീപ്സ് തുടങ്ങിയ രാജ്യങ്ങളും ഗ്രീൻ പട്ടികയിൽ ഇടം പിടിച്ചേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല