
സ്വന്തം ലേഖകൻ: ചരക്ക് ഗതാഗതത്തിനും അത്യാവശ്യ യാത്രകൾക്കുമായി ബ്രിട്ടീഷ് അതിർത്തി തുറന്ന് ഫ്രാൻസ്. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അതിര്‍ത്തി അടച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ക്കും അത്യാവശ്യ യാത്രക്കാര്‍ക്കുമാണ് പ്രവേശനാനുമതി.
ഞായറാഴ്ച ഫ്രാന്‍സ് അതിര്‍ത്തി അടച്ചതോടെ 2850തോളം ലോറികളാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. വിമാനങ്ങള്‍, ബോട്ടുകള്‍, ട്രെയിനുകള്‍ എന്നിവ പ്രവര്‍ത്തനം ആരംഭിക്കും. അതിര്‍ത്തിയില്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ പട്ടാളത്തെ അടക്കം നിയോഗിച്ചിട്ടുണ്ട്.ചരക്ക് ഗതാഗതത്തിന് തടസ്സം നേരിട്ടതോടെ രാജ്യത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമാകുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
ഫ്രാൻസും യുകെയും ധാരണയിലെത്തിയിട്ടും ഇറ്റലി, ഇന്ത്യ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ മറ്റ് 50 ലധികം രാജ്യങ്ങൾ യുകെയിൽ നിന്നുള്ള യാത്രക്കാരെ തടയുന്നത് തുടരുകയാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെ നേരിടുന്നതിനായി യുകെ സർക്കാർ കർശനമായ നിയന്ത്രണങ്ങളാണ് ഇംഗ്ലണ്ടിലെമ്പാടും ഏർപ്പെടുത്തിയിട്ടുള്ളത്.
യുകെക്കും ഫ്രാൻസിനുമിടയിൽ യാത്രയ്ക്കും ചരക്കുനീക്കത്തിനും തടസം നേരിട്ടതോടെ മൂവായിരത്തോളം ട്രക്കുകളാണ് കെന്റിൽ കുടുങ്ങിയത്. ഇതോടെ ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്ന അഭ്യൂഹവും പ്രചരിച്ചു. തുടർന്ന് മുട്ട, അരി, സോപ്പ്, ടോയ്‌ലറ്റ് റോൾ എന്നിവയുൾപ്പെടെ ചില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് സൂപ്പർമാർക്കറ്റ് ഭീമനായ ടെസ്‌കോ പരിധി നിശ്ചയിച്ചു. ഓരോ ഇനത്തിലും മൂന്നെണ്ണം വരെ വാങ്ങാൻ മാത്രമേ ഉപഭോക്താക്കളെ അനുവദിച്ചിരുന്നുള്ളു. എവർക്കും ഉൽപ്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ നീക്കമെന്ന് കമ്പനി ഉപയോക്താക്കൾക്ക് അയച്ച ഇമെയിലിൽ പറയുന്നു.
പുതിയ കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടണിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് ജർമനി നീട്ടി. നിയന്ത്രണങ്ങൾ നീക്കണമെന്ന യൂറോപ്യൻ യൂണിയന്‍റെ നിർദേശം മറികടന്നാണ് ജനുവരി ആറു വരെ ജർമനി യാത്രാ വിലക്ക് നീട്ടിയത്. ബ്രിട്ടനിൽ നിന്ന് ജർമനിയിലേക്കുള്ള യാത്രക്കാർക്ക് ഡിസംബർ 22 മുതൽ ജനുവരി 6 വരെ യാത്ര നിരോധനം ഏർപ്പെടുത്തിയത്. അതേസമയം, അതിർത്തി വഴി രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ജർമൻ പൗരന്മാർക്ക് അനുമതി നിരസിക്കില്ലെന്ന് പുതുക്കിയ ട്രാവൽ അഡ്വൈസറിയിൽ വ്യക്തമാക്കുന്നു.
2021 ജനുവരി 1 മുതൽ ജർമനിയിൽ താമസവും താമസിക്കാൻ അവകാശവുമുള്ള ആളുകൾക്ക് വീണ്ടും യാത്ര നടത്താം. വിമാനങ്ങൾക്ക് ഫെഡറൽ സർക്കാർ അംഗീകാരം നൽകണമെന്നും ട്രാവൽ അഡ്വൈസറി ശിപാർശ ചെയ്യുന്നു. ബ്രിട്ടനിലേക്കും തിരിച്ചുമുള്ള യാത്രകളെ നിരുത്സാഹപ്പെടുത്തണമെന്ന് യൂറോപ്യൻ കമീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കൊവിഡ് പരീക്ഷണം അടക്കമുള്ള കാര്യങ്ങൾക്ക് വിധേയരായവർക്ക് വീടുകളിൽ ക്വാറന്‍റീനിൽ കഴിയാൻ അനുവദിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.
പുതിയ കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് നെതർലാൻഡ്‌സ്, ബെൽജിയം, കാനഡ എന്നീ രാജ്യങ്ങൾ യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ നിരോധിച്ചിരുന്നു. ഫ്രാൻസും ഇറ്റലിയും സമാനമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. യു.കെയിൽ പുതുതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളിലാണ് പുതിയ ഇനം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ലണ്ടനിലും തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലും വൈറസ് അതിവേഗം വ്യാപിച്ചിട്ടുണ്ട്.
ജനിതക വ്യതിയാനമുള്ള പുതിയ ഇനം വൈറസിനെ കണ്ടെത്തിയിട്ടുണ്ടെന്നും ഇപ്പോൾ കോവിഡിന് കാരണമായ വൈറസിനെക്കാൾ ഗുരുതരമാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല