1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2021

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനഭീഷണി തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ തിങ്കളാഴ്ച മുതല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തും. തിങ്കളാഴ്ച മുതൽ എല്ലാ ട്രാവൽ കോറിഡോറുകളും അടയ്ക്കുുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഏർപ്പെടുത്തിയ പ്രത്യേക സംവിധാനമാണ് ട്രാവൽ കോറിഡോർ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തിന് പുറത്തു നിന്നെത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

കൊവിഡ് രോഗബാധയില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കുന്ന വിദേശ യാത്രക്കാര്‍ക്ക് മാത്രമായിരിക്കും തിങ്കളാഴ്ച മുതല്‍ ബ്രിട്ടണില്‍ പ്രവേശനാനുമതി. ഇപ്രകാരം എത്തുന്ന യാത്രക്കാര്‍ക്ക് സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തും. അഞ്ച് ദിവസത്തിന് ശേഷം നടത്തുന്ന കൊവിഡ് പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ 10 ദിവസത്തേക്കായിരിക്കും സമ്പര്‍ക്കവിലക്ക്.

വാക്‌സിനെ അതിജീവിക്കാന്‍ പ്രാപ്തിയുള്ള വൈറസിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനത്താല്‍ ഇതു വരെയുള്ള കഠിനാധ്വാനം പാഴാകാന്‍ ഇടയാകരുതെന്ന് യാത്രാ വിലക്കേര്‍പ്പെടുത്തുന്ന കാര്യം അറിയിച്ച് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. രാജ്യത്താരംഭിച്ച പ്രതിരോധ വാക്‌സിന്‍ വിതരണത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിക്കുകയും ചെയ്തു.

ബ്രസീലില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് തെക്കേ അമേരിക്ക, പോര്‍ച്ചുഗല്‍, മറ്റു ചില രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണ്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എഴുപത് ശതമാനത്തോളം വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം രാജ്യത്ത് കണ്ടെത്തിയ ആശങ്കയും ബ്രിട്ടനില്‍ നിലനില്‍ക്കുന്നുണ്ട്. ഫെബ്രുവരി 15 വരെയായിരിക്കും പുതിയ നിയന്ത്രണങ്ങള്‍.

ലണ്ടനിൽ മലയാളി വ്യവസായി കൊവിഡ് ബാധിച്ച് മരിച്ചു

ലണ്ടനിലെ പ്രമുഖ ബിസിനസുകാരനും പുതിയ തലമുറ കുടിയേറ്റത്തിലെ ആദ്യകാല മലയാളിയുമായ ബോളിൻ മോഹനൻ (മോഹൻ കുമാരൻ-66) കൊവിഡ് ബാധിച്ച് മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ലണ്ടനിലെ മലയാളികളുടെ കലാ- സാംസ്കാരിക പരിപാടികളിലും കൂട്ടായ്മകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഏവർക്കും പ്രിയങ്കരനായ മോഹനൻ.

ലണ്ടനിലെ എല്ലാ മലയാളികളുമായും തന്നെ സൗഹൃദവും ആത്മബന്ധവും പുലർത്തിയിരുന്ന മോഹനൻ ഏറെ നാളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. ഇതിനൊപ്പം കൊവിഡ് കൂടി ബാധിച്ചതാണ് മരണ കാരണമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഈസ്റ്റ് ലണ്ടനിലെ അപ്റ്റൺ പാർക്കിൽ വെസ്റ്റ്ഹാം ഫുട്ബോൾ സ്റ്റേഡിയത്തിനോടു ചേർന്ന് ബോളീൻ എന്ന പേരിൽ സിനിമാ തിയറ്റർ നടത്തിയതോടെയാണ് അദ്ദേഹം ബോളിൻ മോഹൻ എന്ന് അറിയപ്പെട്ടത്. തിയറ്ററിനൊപ്പം ഹോട്ടലും കംപ്യൂട്ടർ സെന്ററും മണി എക്സ്ചേഞ്ചും ഗ്രോസറി ഷോപ്പും മലയാളം ചാനലുകളുടെ വിതരണ ശൃംഖലയും റിക്രൂട്ട്മെന്റ് ഏജൻസിയും എല്ലാമായി വലിയൊരു ബിസിനസ് സാമ്രാജ്യം അദ്ദേഹം കെട്ടിപ്പെടുത്തെങ്കിലും രോഗ ബാധിതനായതോടെ ബിസിനസുകൾ മരവിപ്പിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഭാര്യ: സുശീല മോഹൻ. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.