
സ്വന്തം ലേഖകൻ: ഞായറാഴ്ച മുതല്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ ആരംഭിക്കാന്‍ ഇരുന്ന സമരങ്ങള്‍ പിന്‍വലിച്ച് യൂണിയനുകള്‍. റെയില്‍, മാരിടൈം & ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍, അസ്ലെഫ് യൂണിയന്‍ തുടങ്ങിയവര്‍ നടപ്പാക്കാനിരുന്ന പണിമുടക്ക് ഒഴിവായെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ സ്ഥിരീകരിച്ചു.
ജോലി വെട്ടിക്കുറയ്ക്കുന്നതും, പെന്‍ഷന്‍ മാറ്റങ്ങളും സംബന്ധിച്ച് ടിഎഫ്എല്‍ സുപ്രധാന ഇളവുകള്‍ അനുവദിച്ചതായി ആര്‍എംടി അവകാശപ്പെട്ടു. ഇതോടെ വരുമാനത്തില്‍ കൂടുതല്‍ സുരക്ഷ ലഭ്യമാകുകയും, ദീര്‍ഘകാല ഗ്യാരണ്ടി ലഭിക്കുകയും ചെയ്‌തെന്നാണ് യൂണിയന്റെ വാദം.
ഞായറാഴ്ച മുതല്‍ അടുത്ത ശനിയാഴ്ച വരെയാണ് ട്യൂബ് സേവനങ്ങളില്‍ തടസ്സങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ട്രെയിനുകള്‍ പൂര്‍ണ്ണമായി ഇല്ലാതാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അടുത്ത ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള നടപടികള്‍ പിന്‍വലിക്കുകയാണെന്ന് അസ്ലെഫും അറിയിച്ചു. ഇടനിലക്കാരായ അകാസുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണിത്.
ഞായറാഴ്ചയും, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലുമാണ് ആര്‍എംടി സമരങ്ങള്‍ നിശ്ചയിച്ചിരുന്നത്. ചര്‍ച്ചകളില്‍ സുപ്രധാന പുരോഗതി കൈവന്നതോടെയാണ് നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നതെന്ന് ആര്‍എംടി ജനറല്‍ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു. എന്നാല്‍ തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല