
സ്വന്തം ലേഖകൻ: യുകെ യൂണിവേഴ്സിറ്റികളെ മനുഷ്യക്കടത്തിന് മറയായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിലേക്ക് കൊണ്ടു വന്ന ഇരകൾ അവരുടെ കോഴ്സുകളിൽ നിന്ന് അപ്രത്യക്ഷമാകുകയും നൂറുകണക്കിന് മൈലുകൾ അകലെ ചൂഷണ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നതായി കാണപ്പെടുകയും ചെയ്തതിനെത്തുടർന്ന് മനുഷ്യക്കടത്തിനെതിരെ അതീവ ജാഗ്രത പുലർത്താൻ സർവകലാശാലകളോട് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന ഒരു സാഹചര്യത്തിൽ, ഗ്രീൻവിച്ച്, ചെസ്റ്റർ, ടീസ്‌സൈഡ് സർവകലാശാലകളിലെ ഇന്ത്യൻ വിദ്യാർത്ഥികൾ യുകെയിൽ എത്തിയതിന് തൊട്ടുപിന്നാലെ ക്‌ളാസ്സുകളിൽ പങ്കെടുക്കുന്നത് നിർത്തിയതായി ഗാംഗ്‌മാസ്റ്റേഴ്‌സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി (GLAA) റിപ്പോർട്ട് പറയുന്നു. ഇവരിൽ പലരെയും പിന്നീട് വെയിൽസിലെ കെയർ സെക്ടർ മേഖലയിൽ കണ്ടെത്തിയിരുന്നു.
12 പേരുമായി 3 കിടക്കകളുള്ള ഫ്ലാറ്റിൽ വൃത്തിഹീനമായ അവസ്ഥയിൽ താമസിപ്പിച്ച്ആഴ്ചയിൽ 80 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ച ശേഷം മിനിമം വേതനത്തിനും താഴെയാണ് ഇവർക്ക് നൽകിയിരുന്നത്. നേരത്തെ ഹോം ഓഫീസ് നടത്തിയ റെയ്ഡിൽ നിരവധി മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ പിടികൂടിയിരുന്നു.
യൂണിവേഴ്‌സിറ്റികളിൽ വിദ്യാർത്ഥികളുടെ ഹാജർ നില കുറവോ അല്ലെങ്കിൽ തീരെയില്ലാത്ത സാഹചര്യങ്ങളാണുള്ളത്. ചില സന്ദർഭങ്ങളിൽ അവർ ഹാജരാണെന്ന പ്രതീതി നൽകുന്നതിനായി മറ്റ് വ്യക്തികൾ ഓൺലൈൻ ക്‌ളാസ്സുകളിൽ ലോഗിൻ ചെയ്യുന്ന സന്ദർഭങ്ങളുമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ അധികമായി നോട്ടമിട്ടമാണ് കൂടുതൽ ഏജന്റുമാരും. യുകെയിൽ എത്തിയാലുടൻ തന്നെ പഠനത്തിനായി ക്‌ളാസ്സുകളിൽ എന്നതിനപ്പുറം ജോലി റെഡിയാണെന്ന ധാരണകൾ നൽകിയാണ് വിദ്യാർത്ഥികളെ ചൂഷണത്തിനിരയാക്കുന്നത്. മലയാളികൾ അടക്കമുള്ള ഏജന്റുമാരും ഇതിനകം തന്നെ പോലീസ് പിടിയിലായിട്ടുണ്ട്.
ബ്രിട്ടനിലുടനീളം കെയർ ഹോമുകളിൽ വ്യാപകമായ തൊഴിൽ ചൂഷണം നടക്കുന്നതായി ഒബ്സർവർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിരുന്നു. ഇന്ത്യ, ഫിലിപ്പീൻസ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളിൽ നിന്ന് അനധികൃത റിക്രൂട്ട്‌മെന്റ് ഫീസിൽ 18,000 പൗണ്ട് വരെ ഈടാക്കി ജോലി ചെയ്യാൻ നിർബന്ധിതരാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. റിക്രൂട്ട്മെന്റ് ഫീ നൽകാൻ കഴിയാത്തവരുടെ പാസ്സ്പോർട്ടുകൾ പിടിച്ച് വച്ച ശേഷം വേതനത്തിൽ നിന്ന് ഈടാക്കുകയാണ് പതിവ്. കെയർ മേഖലയിലെ ക്ഷാമം പരിഹരിക്കാൻ സഹായിക്കുന്നതിനായി ഹോം ഓഫീസ് കൊണ്ടുവന്ന നിയമാനുസൃത തൊഴിലാളി വിസകളിൽ ഇരകളെന്ന് സംശയിക്കുന്ന പലരെയും ബ്രിട്ടനിലേക്ക് റിക്രൂട്ട്മെന്റ് ഏജൻസികൾ കൊണ്ട് വന്നിരുന്നു.
കെയർഹോമുകൾ കേന്ദ്രീകരിച്ച് ജി എൽ എ എ നടത്തിയ അന്വേഷണത്തിൽ തൊഴിലാളികൾക്ക് വെറും 16 മണിക്കൂർ ഓൺലൈൻ പരിശീലനം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും മിക്ക കേസുകളിലും ക്രിമിനൽ പശ്ചാത്തല പരിശോധനയ്ക്ക് വിധേയരായിട്ടില്ലെന്നും മനസ്സിലാക്കുന്നു. ഇത് പ്രായമായവർക്കും വികലാംഗർക്കും ഉള്ള അപകടസാധ്യതകളെക്കുറിച്ച് ആശങ്ക ഉയർത്തുന്നു.
അവരെ ജോലിക്കെടുത്ത കെയർ ഹോമുകൾക്ക് അവരുടെ പശ്ചാത്തലത്തെക്കുറിച്ച് സ്റ്റാഫ് ഏജൻസി നടത്തുന്ന ചൂഷകരെന്ന് സംശയിക്കുന്നവർ തെറ്റായ വിവരങ്ങളാണ് നൽകിയിരുന്നത്. മറ്റൊരു കേസിൽ, ബിർമിംഗ്ഹാമിലെ ഒരു പ്രോപ്പർട്ടിയിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ പാസ്‌പോർട്ടുകൾ ഏജന്റുമാർ പിടിച്ച് വയ്ക്കുകയും ചൂഷണ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്തതായി അൺസീൻ യുകെ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ നിന്ന് വന്നവരും കുറച്ച് ഇംഗ്ലീഷ് സംസാരിക്കുന്നവരുമായ വിദ്യാർത്ഥികൾ, 24 മണിക്കൂറും ഇടവേളകളില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരായെന്നും അവർക്ക് ഭക്ഷണം കഴിക്കാൻ കഴിയാത്ത വിധം വളരെ കുറച്ച് ശമ്പളം നൽകിയെന്നും അൺസീൻ യുകെ ചാരിറ്റി പറയുന്നു. കേസ് പോലീസിന് കൈമാറിയിട്ടുണ്ട്.
തൊഴിലാളികളുടെ ക്ഷാമം കാരണം സ്റ്റുഡന്റ് വിസയിലുള്ള ആളുകളെ ദുരുപയോഗം ചെയ്യുന്നത് വർദ്ധിച്ചുവരുന്ന ആശങ്കയാണെന്ന് ഫോക്കസ് ഓൺ ലേബർ എക്‌പ്ലോയിറ്റേഷന്റെ റിസർച്ച് മാനേജർ മെറി ആൽബെർഗ് പറഞ്ഞു. വിദ്യാർത്ഥികളുടെ വിസയ്ക്ക് അനുസൃതമല്ലാത്ത രീതിയിൽ ജോലി ചെയ്യാൻ സമ്മർദ്ദം ചെലുത്തുന്ന ഏജന്റുമാരുണ്ട്, അത് അവരെ ചൂഷണത്തിന് ഇരയാക്കുന്നു.
ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റിന് റിപ്പോർട്ട് ചെയ്യപ്പെടുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മിക്കയിടങ്ങളിലും കുറഞ്ഞ വേതനത്തിന് കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യിക്കുന്നത്. ചൂഷണങ്ങൾ തിരിച്ചറിയാൻ വിദ്യാർത്ഥികളുടെ അപേക്ഷകൾ, ഹാജർ, ഫീസ് അടയ്ക്കൽ എന്നിവ നിരീക്ഷിക്കണമെന്ന് ജി എൽ എ എ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം വിദ്യാർത്ഥി വിസകളുടെ നിരീക്ഷണം വർദ്ധിപ്പിക്കാനും സർവ്വകലാശാലകൾ ജാഗ്രത പാലിക്കാനും ഇവർ ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല