സ്വന്തം ലേഖകൻ: ഇന്നുമുതൽ ആരംഭിക്കുന്ന ഓട്ടം ടേo ക്ളാസ്സുകൾക്കായി യുകെ യൂണിവേഴ്‌സിറ്റികളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടി. അമ്പതിലേറെ യൂണിവേഴ്സിറ്റികളിൽ ഇന്നുമുതൽ അഞ്ചുദിവസം സ്റ്റാഫുകളുടെ പണിമുടക്ക് അരങ്ങേറുന്നു.
യുകെയിലുടനീളമുള്ള 140-ലധികം സർവ്വകലാശാലകളിലാണ് ഈ ആഴ്ച പണിമുടക്കുകൾ നടക്കേണ്ടിയിരുന്നതെന്ന് സമരം പ്രഖ്യാപിച്ച യുസിയു യൂണിയൻ അറിയിച്ചു. എന്നാൽ നൂറോളം യൂണിവേഴ്സിറ്റി ബ്രാഞ്ചുകളിലെ അധികൃതർ സ്റ്റാഫുകളുമായി ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുകയായിരുന്നു
എങ്കിലും യുകെയിലുടനീളമുള്ള 50-ലധികം സർവകലാശാലകളിലെ ജീവനക്കാർ സമര പിക്കറ്റ് ലൈനുകളിൽ ചേരുമ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പുതിയ ടേo പഠന തുടക്കമാണ് അലങ്കോലപ്പെടുന്നത്. ഇതിൽ പുതിയതായി എൻറോൾ ചെയ്തെത്തിയ നൂറുകണക്കിന് മലയാളി വിദ്യാര്ഥികളുമുണ്ട്.
ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഫ്രഷേഴ്‌സ് വീക്കിനോട് അനുബന്ധിച്ച് നടക്കുന്ന സമരത്തിൽ 20,000-ലധികം ജീവനക്കാർ പങ്കെടുക്കുമെന്ന് യൂണിയൻ അറിയിച്ചു. ജീവനക്കാരുടെ ആവശ്യങ്ങൾ ഏറ്റവുമധികം അവഗണിക്കുന്ന മാനേജ്‌മെന്റുകളെ ലക്ഷ്യമിട്ടാണ് ഇപ്പോൾ നടപടിയെന്നും യൂണിയൻ.
ശമ്പളവും സേവന വ്യവസ്ഥകളും സംബന്ധിച്ച് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിയു) അംഗങ്ങളും യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റുമായി ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന്റെ ഭാഗമാണ് ഈ പണിമുടക്ക്.
ഈ വർഷത്തെ ശമ്പള ഇടപാട് 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഓഫറാണെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് എംപ്ലോയേഴ്സ് അസോസിയേഷൻ (യുസിഇഎ) പറയുന്നു. എന്നാൽ പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വർദ്ധനയും സുരക്ഷിതമല്ലാത്ത കരാറുകൾ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടാണ് സമരമെന്നും യൂണിയൻ അറിയിച്ചു.
ഇന്നത്തെ സമരത്തിൽ 42 സർവകലാശാലകളിലെ യുസിയു അംഗങ്ങൾ അഞ്ച് ദിവസത്തേക്ക് പണിമുടക്കുന്നു, മറ്റ് 10 സ്ഥാപനങ്ങളിൽ ജീവനക്കാർ ഒരു ദിവസത്തേക്ക് പണിമുടക്കും.
കഴിഞ്ഞയാഴ്ച സ്കോട്ട്ലൻഡിലെ അഞ്ച് സർവകലാശാലകളിൽ നടന്ന സമരത്തിന്റെ തുടർച്ച കൂടിയാകും ഇന്നത്തെ പണിമുടക്ക്.
എന്നിരുന്നാലും, വേനൽക്കാലത്തെ മാർക്കിങ് ബഹിഷ്‌കരണ സമയത്ത് വരുത്തിയ ശമ്പള കിഴിവുകൾ തിരികെ നൽകാൻ സർവകലാശാലകൾ ജീവനക്കാരുമായി ഒത്തുതീപ്പുണ്ടാക്കിയതിനെ തുടർന്നാണ് പല യുസിയു ശാഖകളും സമരം പിൻവലിച്ചത്.
ഏപ്രിലിൽ ആരംഭിച്ച മാർക്കിംഗ് ബഹിഷ്‌കരണം മൂലം ഫൈനൽ മാർക്ക് ഇല്ലാതെ ചില വിദ്യാർത്ഥികൾ ബിരുദം നേടിയിരുന്നു. ഒക്‌ടോബർ ആദ്യത്തോടെ എല്ലാ വിദ്യാർത്ഥികളുടെയും ബിരുദം മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്യപ്പെടാനാകുമെന്ന് മിക്ക സർവകലാശാലകളും പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല