1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2022

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി റിഷി സുനകും യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുകെ-യുഎസ് എനർജി സെക്യൂരിറ്റി ആൻഡ് അഫോർഡബിലിറ്റി പാർട്ണർഷിപ്പ് അംഗീകരിച്ചു. ശീതകാല ബ്ലാക്ക്ഔട്ടുകളുടെ അപകടസാധ്യത കുറയ്ക്കാനും ഗ്യാസിനും എണ്ണയ്ക്കുമുള്ള ആശ്രിതത്വം കൂടുതൽ കുറയ്ക്കാനുള്ള യുകെയുടെ ശ്രമത്തിന്റെ ഭാഗമായാണ് കരാർ.

പ്രധാന സംരംഭത്തിന്റെ ഭാഗമായി, അടുത്ത വർഷം യുകെ ടെർമിനലുകളിലേക്ക് കുറഞ്ഞത് ഒമ്പത് മുതൽ പത്ത് ബില്യൺ ക്യുബിക് മീറ്റർ ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) കയറ്റുമതി ചെയ്യാൻ യുഎസ് ലക്ഷ്യമിടുന്നതായി പറഞ്ഞു. 2021 ൽ കയറ്റുമതി ചെയ്തതിന്റെ ഇരട്ടിയിലധികമാണിത്.

യുകെയും യുഎസും ഒരുമിച്ച് ദേശീയ ഊർജ്ജ വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്നത്തെ പ്രഖ്യാപനത്തിന് മുന്നോടിയായി, ഇന്നലെ രാത്രി സുനക് പറഞ്ഞു. ‘നമുക്ക് പ്രകൃതിവിഭവങ്ങളും വ്യവസായവും നൂതനമായ ചിന്തകളും ഉണ്ട്, നമുക്ക് മെച്ചപ്പെട്ടതും സ്വതന്ത്രവുമായ ഒരു സംവിധാനം സൃഷ്ടിക്കാനും ശുദ്ധമായ ഊർജ്ജ പരിവർത്തനം ത്വരിതപ്പെടുത്താനും ആവശ്യമാണ്. ഈ പങ്കാളിത്തം ബ്രിട്ടീഷ് ഉപഭോക്താക്കൾക്ക് വില കുറയ്ക്കുകയും റഷ്യൻ ഊർജത്തെ യൂറോപ്പിന്റെ ആശ്രിതത്വം അവസാനിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.’ അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഊർജത്തിന്റെ ഭൂരിഭാഗവും ഫ്രാക്കിംഗ് വഴിയാണ് ഉത്പാദിപ്പിക്കുന്നത്. ഫ്രാക്കിംഗ് നിരോധനം നീക്കിയ മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ നടപടികളെ വിമർശിച്ച് ആഴ്ചകൾക്ക് മുമ്പ് യുകെയിൽ ഷെയ്ൽ വാതകം വേർതിരിച്ചെടുക്കുന്നതിനുള്ള നിരോധനം സുനക് പുനഃസ്ഥാപിച്ചിരുന്നു.

അതേസമയം ഷെയ്ൽ ഗ്യാസ് വാങ്ങാൻ യുഎസുമായി ഇടപാടുകൾ നടത്തുന്നതിനിടയിൽ ഗവൺമെന്റ് യുകെയിൽ ഷെയ്ൽ ഗ്യാസ് വികസനം അനുവദിക്കാത്തത് കാപട്യത്തിന്റെ ഉന്നതിയാണെന്ന് യുകെ ഓൺഷോർ ഓയിൽ ആൻഡ് ഗ്യാസിന്റെ ഡയറക്ടർ ചാൾസ് മക്അലിസ്റ്റർ പറഞ്ഞു.

അതിനിടെ ബ്രിട്ടനിൽ ഈയാഴ്ച മുതല്‍ യാത്ര ചെയ്യുന്നവർ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ഇക്കാര്യം അറിയിക്കുകയും എപ്പോള്‍ തിരിച്ചെത്തുമെന്ന് സൂചന നല്‍കുകയും വേണമെന്നാണ് കാലാവസ്ഥ നിരീക്ഷണ ഓഫിസ് (മെറ്റ് ഓഫിസ്) വ്യക്തമാക്കി. ആര്‍ട്ടിക് എയര്‍ യുകെയിലേക്ക് എത്തുന്നതോടെ ഈയാഴ്ച താപനില മൈനസ് 10 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് കരുതുന്നത്.
ലെവല്‍ 3 ആംബര്‍ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ഇന്നു വൈകുന്നേരം 6 മുതല്‍ തിങ്കളാഴ്ച രാവിലെ 9 വരെയാണ് കടുത്ത സാഹചര്യങ്ങള്‍ ഉടലെടുക്കാന്‍ സാധ്യത കാണുന്നത്. സോഷ്യല്‍, ഹെല്‍ത്ത് കെയര്‍ സർവീസുകൾ അപകടസാധ്യത നേരിടുന്നവരെ സംരക്ഷിക്കാന്‍ നടപടിയെടുക്കും.

ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ശ്രദ്ധിക്കാനും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍ പെട്ടാൽ എമര്‍ജന്‍സി സർവീസുകളെ അറിയിക്കാനുമാണ് ഉപദേശം. വൈദ്യുതി ചെലവ് കൂടുമെന്ന് വിചാരിച്ച് ഹീറ്റിങ് ഓഫാക്കി വയ്ക്കരുതെന്നും അധിക വസ്ത്രങ്ങള്‍ ധരിക്കണമെന്നും കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.