
സ്വന്തം ലേഖകൻ: യുകെയിൽ വാക്സിൻ ലഭ്യത കുറവാണെന്ന ആരോപണം സമ്മതിച്ച് ബോറിസ് ജോൺസൺ. എന്നാൽ ഈ പ്രതിസന്ധി കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള അൺലോക്ക് റോഡ്മാപ്പിനെ ബാധിക്കില്ലെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. അടുത്ത മാസം വാക്സിൻ വിതരണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് എൻഎച്ച്എസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
രണ്ടാം ഡോസ് വാക്സിൻ വിതരണം ഇഴഞ്ഞു നീങ്ങുന്നതും ഇന്ത്യയിൽ നിന്ന് വാക്സിൻ ലഭിക്കാനെടുക്കുന്ന കാലതാമസവും മൂലം അടുത്ത മാസം ബ്രിട്ടനിൽ വാക്സിൻ വിതരണം വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് എൻ എച്ച്എസും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
മാർച്ച് മാസത്തിൽ ലഭിച്ചതിനേക്കാൾ കുറവ് വാക്സിനുകൾ മാത്രമേ ഏപ്രിലിൽ ലഭിക്കൂ. എന്നാൽ ഇത് ഫെബ്രുവരിയിൽ ലഭിച്ചതിനേക്കാൾ കൂടുതലായിരിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. അതുകൊണ്ട് തന്നെ താൻ ശുഭാപ്തി വിശ്വാസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പ്രതിസന്ധി ഇംഗ്ലണ്ടിൻ്റെ അൺലോക്ക് റോഡ്മാപ്പിൽ മാറ്റമൊന്നും ഉണ്ടാക്കില്ലെന്നും പ്രധാനമന്ത്രി ഡൗണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇഷ്‌ടമുള്ള കാര്യങ്ങൾ വീണ്ടെടുക്കുന്നതിനും കുടുംബങ്ങളെയും ചങ്ങാതിമാരെയും വീണ്ടും കാണുന്നതിനും പ്രാദേശിക പബ്ബുകളിലേക്കും ജിമ്മുകളിലേക്കും മറ്റ് കായിക മത്സരങ്ങളിലേക്കും ഷോപ്പുകളിലേക്കും ഉൾപ്പെടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള മടക്കത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല