
സ്വന്തം ലേഖകൻ: യുകെയിൽ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കോവിഡ് വാക്‌സിന്റെ ഇരു ഡോസുകള്‍ക്കുമിടയിലുള്ള ഇടവേള കുറയ്ക്കുമെന്നും വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെള്ളിയാഴ്ച അറിയിച്ചു. എട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ രണ്ടാമത്തെ ഡോസ് എടുക്കണമെന്നാണ് പുതിയ നിർദേശം.
രണ്ട് വാക്‌സിന്‍ ഡോസുകള്‍ക്കുമിടയിലുള്ള ഇടവേള 12 ആഴ്ചകളായി വര്‍ധിപ്പിക്കാമെന്ന് നേരത്തെ കണക്കുകൂട്ടിയിരുന്നെങ്കിലും രോഗവ്യാപനം വര്‍ധിച്ചേക്കാമെന്ന റിപ്പോർട്ടിനെത്തുടര്‍ന്നുള്ള കരുതല്‍ നടപടിയാണിതെന്ന് ബോറിസ് ജോണ്‍സണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. വൈറസിന്റെ പുതിയ വകഭേദം കോവിഡിനെതിരെയുള്ള ബ്രിട്ടന്റെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും ലണ്ടനിലെ ചില ഭാഗങ്ങളിലും B1.617.2 വകഭേദം വളരെ വേഗത്തില്‍ വ്യാപിക്കാന്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അധികവ്യാപനം തടയാന്‍ നിര്‍ണായക നടപടി സ്വീകരിച്ചതായും മന്ത്രാലയം പറഞ്ഞു. പുതിയ വകഭേദം മൂലമുള്ള രോഗികളുടെ എണ്ണം 520 ല്‍ നിന്ന് ഈയാഴ്ച 1,313 ആയി വര്‍ധിച്ചതോടെ പ്രദേശിക നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
B1.617.2 വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നാണ് വിദഗ്ധരുടെ അനുമാനം. എന്നാല്‍ ഇതിന്റെ തീവ്രത എത്രത്തോളമാണെന്ന് കൃത്യമായ ധാരണയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പറഞ്ഞു. രാജ്യത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച പിന്‍വലിക്കാമെന്നായിരുന്നു നേരത്തെയുള്ള തീരുമാനമെങ്കിലും മേയ് 21 വരെ നീട്ടി.
മെയ് 17 മുതൽ രാജ്യാതിർത്തികൾ തുറക്കുകയാണെങ്കിലും വിവിധ ലോകരാജ്യങ്ങളിൽ കോവിഡ് വ്യാപനം വ്യത്യസ്ത നിലയിലായതിനാൽ വിദേശയാത്രകളെ ‘ട്രാഫിക് ലൈറ്റ് സംവിധാന’ത്തിലൂടെ നിയന്ത്രിക്കാനാണു സർക്കാരിൻ്റെ തീരുമാനം. വിവിധ രാജ്യങ്ങളെ റെഡ്, ആംബർ, ഗ്രീൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഇതിൽ ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെട്ട രാജ്യങ്ങളിലേക്കാണു ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽനിന്നും യാത്രാനുമതി ഉള്ളത്.
വെയിൽസിൽ നിന്ന് ഇപ്പോഴും വിദേശങ്ങളിലേക്കു അത്യാവശ്യ യാത്രകൾ മാത്രമേ നടത്താൻ കഴിയൂ. അതുപോലെ നോർത്തേൺ അയർലൻഡ് രാജ്യാന്തര യാത്രകൾക്കുള്ള നിയന്ത്രണം ഇനിയും പിൻവലിച്ചിട്ടുമില്ല. പോർച്ചുഗൽ, ഇസ്രയേൽ, സിങ്കപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രൂണെ, ഐസ്‌ലാൻഡ്, ജിബ്രാൾട്ടർ, ഫറോ ഐലൻഡ്, സൗത്ത് ജോർജിയ ആൻഡ് സാൻവിച്ച് ഐലൻഡ്സ്, സെന്റ് ഹെലേന എന്നീ രാജ്യങ്ങളാണു ബ്രിട്ടന്റെ ഗ്രീൻ ലിസ്റ്റിൽ ഉള്ളത്.
ഇവിടങ്ങളിലേക്കു യാത്രചെയ്യുന്നവർക്ക് തിരികെ വരുമ്പോൾ ക്വാറന്റീൻ അനിവാര്യമല്ല. എന്നാൽ തിരികെ വരുമ്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അനിവാര്യമാണ്. തിരികെയെത്തി രണ്ടുദിവസത്തിനുള്ളിൽ പിസിആർടെസ്റ്റ് നടത്താനുള്ള ബുക്കിങ് മുൻകൂറായി ചെയ്യുകയും വേണം. ഇതുകൂടി ചേർത്തുള്ള പാസഞ്ചർ ലൊക്കേറ്റർ ഫോമാണ് തിരികെ വരുമ്പോൾ പൂരിപ്പിച്ചു നൽകേണ്ടത്.
ആംബർ ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്കു കഴിയുമെങ്കിൽ യാത്ര ചെയ്യരുതെന്നാണ് സർക്കാർ നൽകുന്ന നിർദേശം. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ യാത്രചെയ്യുന്നത് തിങ്കളാഴ്ച മുതൽ നിയമവിരുദ്ധമല്ല. ഇവിടങ്ങളിൽ യാത്ര ചെയ്തു വരുന്നവർക്ക് പത്തുദിവസത്തെ ഹോം ക്വാറന്റീനും രണ്ടും എട്ടും ദിവസങ്ങളിലെ പിസിആർ ടെസ്റ്റും നിർബന്ധമാണ്.
റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്കു യാത്ര ചെയ്യാനേ പാടില്ല എന്നാണ് സർക്കാർ നിർദേശം. എന്തെങ്കിലും കാരണത്താൽ ഈ രാജ്യങ്ങളിലൂടെ കടന്നുപോകുകപോലും ചെയ്തിട്ടുള്ളവർ നിർബന്ധമായും തിരികെയെത്തുമ്പോൾ 1750 പൗണ്ട് മുടക്കി ഹോട്ടൽ ക്വാറന്റീന് വിധേയരാകണം. ഇതു ലംഘിച്ചാൽ ജയിൽശിക്ഷയോ പതിനായിരം പൗണ്ട് പിഴയോ ലഭിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല